Connect with us

National

ആപ് കി ഡല്‍ഹി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി 67 സീറ്റുകളും നേടി അധികാരത്തിലേക്ക്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി മൂന്ന് സീറ്റില്‍ ഒതുങ്ങി. തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും നേടാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂടെ അധികാരത്തിലേറിയ ബി ജെ പിക്ക് വന്‍ തിരിച്ചടിയാണ് ഡല്‍ഹിയില്‍ ഉണ്ടായിട്ടുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ബി ജെ പിക്ക് അവകാശപ്പെടാനാകില്ല. എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കിക്കൊണ്ടാണ് എ എ പി ഡല്‍ഹി പിടിച്ചത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എ എ പിയുടെ വിജയം പ്രവചിച്ചിരുന്നുവെങ്കിലും ഇത്ര വലിയ വിജയം ഉറപ്പിച്ചിരുന്നില്ല.

ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഒരു വര്‍ഷം തികയുന്ന ഈ മാസം പതിനാലിന് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഡല്‍ഹിയില്‍ ഉണ്ടായത് ജനങ്ങളുടെ വിജയമാണെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്. വോട്ടണ്ണല്‍ പൂര്‍ണമാകും മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെജ്‌രിവാളിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നടന്ന എ എ പി. എം എല്‍ എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഗവര്‍ണര്‍ നജീബ് ജംഗുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി.
മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ സംഘത്തിലെ പ്രധാനിയുമായിരുന്ന കിരണ്‍ ബേദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍വി ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പാര്‍ട്ടി അംഗത്വം എടുത്ത കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൃഷ്ണനഗര്‍ മണ്ഡലത്തിലാണ് കിരണ്‍ ബേദി ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അജയ് മാക്കന്‍, കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണ തിരാത്ത്, എ എ പി വിട്ട് ബി ജെ പിയിലെത്തിയ വിനോദ്കുമാര്‍ ബിന്നി എന്നിവരുള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടു. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തി ആദ്യമായി മുഖ്യമന്ത്രിയായ കെജ്‌രിവാള്‍, ഇത്തവണ ബി ജെ പിയുടെ നൂപുര്‍ ശര്‍മയെയാണ് പരാജയപ്പെടുത്തിയത്.
54.3 ശതമാനം വോട്ട് നേടിയാണ് എ എ പി ഇത്തവണ അധികാരത്തില്‍ എത്തിയത്. കഴിഞ്ഞ തവണ ഇത് 29.49 ശതമാനം മാത്രമായിരുന്നു. എ എ പിയുടെ 45 സ്ഥാനാര്‍ഥികളും ഇരുപതിനായിരത്തില്‍ അധികം വോട്ട് നേടിയാണ് ഇത്തവണ ജയിച്ചു കയറിയത്. വോട്ട് ശതമാനത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നത് മാത്രമാണ് ബി ജെ പിക്ക് ആശ്വാസത്തിന് വക നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 33.7 ശതമാനം വോട്ട് നേടിയ ബി ജെ പിക്ക് ഇത്തവണ 32.1 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 32 സീറ്റ് നേടിയ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 28 സീറ്റാണ് അന്ന് എ എ പി നേടിയത്.

cartoon colour

Latest