വൈകി വന്നൊരു ബലിയാട്

Posted on: February 11, 2015 3:30 am | Last updated: February 11, 2015 at 12:37 am

kiranപുരാണങ്ങള്‍ ശാസ്ത്രങ്ങളാകുന്ന കാലമാണല്ലോ. ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടി കേന്ദ്രം ഭരിക്കുമ്പോള്‍ പുഷ്പക വിമാനം റൈറ്റ് സഹോദരന്‍മാരെ റദ്ദാക്കും. കുരുക്ഷേത്രത്തില്‍ പ്രയോഗിച്ചത് അത്യന്താധുനിക സാങ്കേതിക വിദ്യയാകും. ഇത്തരമൊരു കാലത്ത് സംഘ്പരിവാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ഇതിഹാസങ്ങളില്‍ നിന്നാകുക സ്വാഭാവികം. തിരഞ്ഞെടുപ്പ് ഒരു യുദ്ധം തന്നെയാണ്. തിരഞ്ഞെടുപ്പ് ഗോദയെന്നാണല്ലോ പ്രയോഗം. മഹാഭാരത കഥയില്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തിയാണ് പാണ്ഡവര്‍ ഭീഷ്മരെ വീഴ്ത്തിയത്. കെജ്‌രിവാളിനെ തറപറ്റിക്കാന്‍ രാജ്യത്തെ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ആം ആദ്മി പാര്‍ട്ടിയുടെ പാളയത്തില്‍ നിന്നുതന്നെ അടര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഇത്തരത്തിലുള്ള നിരവധി യുദ്ധ തന്ത്രങ്ങള്‍ ഒരുമിച്ച് പയറ്റുകയായിരുന്നു ബി ജെ പി. വനിതകള്‍ക്ക് നേരെയുള്ള കടന്ന് കയറ്റത്തിന്റെ തലസ്ഥാനമായി മാറിപ്പോയ ഡല്‍ഹിയില്‍ അതിനെതിരെ അരങ്ങേറിയ ജനകീയ മുന്നേറ്റമാണല്ലോ ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിന് പല കാരണങ്ങളില്‍ ഒന്ന്. ആ മര്‍മം തന്നെ പിടിക്കാം. വനിതാ ശക്തിയുടെ പ്രതീകമായ കിരണ്‍ ബേദിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി വനിതകളുടെ വോട്ട് ഒന്നാകെ ആകര്‍ഷിക്കാമെന്ന് ബി ജെ പി കണക്ക് കൂട്ടി. അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഉപോത്പന്നമാണ് കെജ്‌രിവാള്‍. ഹസാരെ മൂവ്‌മെന്റിന്റെ രക്തം കിരണ്‍ ബേദിയിലുമുണ്ട് വേണ്ടുവോളം. അപ്പോള്‍ കെജ്‌രിവാളിന് പറ്റിയ എതിരാളി കിരണ്‍ ബേദി തന്നെ. സംസ്ഥാനത്തെ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ദഹിച്ചോ ഇല്ലയോ എന്നത് വേറെ കാര്യം. കേന്ദ്ര നേതൃത്വത്തിന് ബോധിച്ചു, ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി. വേദിയില്‍ തിളങ്ങാന്‍ കെജ്‌രിവാളിനേക്കാള്‍ മിടുക്കുണ്ട് ബേദിക്ക്. നല്ല വാക്‌സാമര്‍ഥ്യവും. മാധ്യമങ്ങളുടെ ഇഷ്ട താരവുമാണ് അവര്‍. ആം ആദ്മി പാര്‍ട്ടിയുടെ അടവുകള്‍ നന്നായി അറിയാവുന്ന മറ്റൊരാളില്ല.
എന്നാല്‍ ഇതൊന്നുമായിരുന്നില്ല യഥാര്‍ഥത്തില്‍ ബി ജെ പി നേതൃത്വം കിരണ്‍ ബേദിയില്‍ കണ്ട ഗുണമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. വോട്ടെണ്ണി തുടങ്ങി, പരാജയത്തിന്റെ മണം ഉയര്‍ന്നപ്പോള്‍ തന്നെ കിരണ്‍ ബേദി രംഗത്ത് എത്തി: ‘തോല്‍വിക്ക് ആരെയും കുറ്റം പറയേണ്ട. ഞാനാണ് തോറ്റത്. കേന്ദ്ര സര്‍ക്കാറല്ല’. ഇത് പറയാനാണ് കിരണ്‍ ബേദിയെ ബി ജെ പി മറുകണ്ടം ചാടിച്ച് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി മുന്നില്‍ നിര്‍ത്തിയത്. ഇത് മനസ്സിലാക്കണമെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം മാരകമായ ആത്മവിശ്വാസമായിരുന്നു ബി ജെ പിക്ക്. ഹരിയാനയില്‍ ഒറ്റക്ക് അധികാരത്തില്‍. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും വിജയം. ജമ്മു കാശ്മീരില്‍ പോലും മുന്നേറ്റം. രാജസ്ഥാനിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം. ആത്മവിശ്വാസം കത്തിനില്‍ക്കുന്ന ഈ നട്ടുച്ചയില്‍ ഡല്‍ഹിയെ കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല ബി ജെ പിക്ക്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദിയെ മുന്‍ നിര്‍ത്തി തന്നെ ഡല്‍ഹിയില്‍ പ്രചാരണം നടത്താമെന്നായിരുന്നു കാവി സംഘത്തിന്റെ തീരുമാനം. പ്രകടന പത്രിക പോലും അവര്‍ വേണ്ടെന്നുവെച്ചു. വിജ്ഞാപനം ഇറങ്ങുന്നതിന് തൊട്ടു മുമ്പ് മോദി നടത്തിയ റാലിയോടെ തന്നെ ചിത്രം മാറുന്നത് ബി ജെ പി നേതൃത്വം മനസ്സിലാക്കി. സംസ്ഥാന നേതൃത്വം പറയുന്നത് പോലെയല്ല കാര്യങ്ങള്‍. കെജ്‌രിവാളിന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ല, കൂടിയിട്ടേ ഉള്ളൂ. അധികാരം ഉപേക്ഷിച്ച അദ്ദേഹത്തിന്റെ ‘നിരുത്തരവാദിത്വം’ വല്ലാതെ ചെലവാകുന്ന ഉത്പന്നമല്ല. മാത്രമല്ല, ഡല്‍ഹിയുടെ സ്വയം നിയന്ത്രണ അവകാശത്തിനായി കൊടും തണുപ്പില്‍ ധര്‍ണയിരുന്ന മുഖ്യമന്ത്രിയെന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിന് ഉള്ളത്. ആം ആദ്മിയുടെ നവ പ്രചാരണ പരിപാടികളെ മറികടക്കാനാകില്ല. അപ്പോള്‍ തിരഞ്ഞെടുപ്പിനെ മോദി- കെജ്‌രിവാള്‍ പോരാട്ടമാക്കുന്നത് ബുദ്ധിയായിരിക്കില്ലെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. സാക്ഷാല്‍ അമിത് ഷാ തന്നെയാണ് ഈ തീരുമാനം ശക്തമായി മുന്നോട്ട് വെച്ചത്. അതോടെ ആരെ മുന്നില്‍ നിര്‍ത്തുമെന്ന് ആലോചനയായി. മോദിയുടെ പ്രതിച്ഛായ സംരക്ഷിച്ചു നിര്‍ത്താവുന്ന പരിച തന്നെ വേണം. ആ പരിചയായിരുന്നു കിരണ്‍ ബേദി.
എന്നുവെച്ചാല്‍ ഈ പരാജയം ബി ജെ പി മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് തന്നെ. തോല്‍വി സമ്മതിച്ചുകൊണ്ടാണ് കിരണ്‍ ബേദിയെ ഇറക്കിയത്. പക്ഷേ ഇത്ര വലിയ ആഘാതം പ്രതീക്ഷിച്ചിരുന്നില്ല. തോല്‍വി ഇത്ര കടുത്തതായത് ബേദിയെ കൊണ്ടുവന്നത് കൊണ്ടാണുതാനും. ആപിനെ നേരിടാന്‍ ആപ്പില്‍ നിന്ന് തന്നെ ആളുവേണമെന്ന പ്രചാരണം ബി ജെ പിക്ക് തിരിച്ചടിയായി. കിരണ്‍ ബേദിയുടെ അവസരവാദം എ എ പി കൃത്യമായി പ്രചരിപ്പിച്ചു. ബി ജെ പിയുടെ നിരവധി പ്രവര്‍ത്തകരും നേതാക്കളും നിഷ്‌ക്രിയരായി.
ചിലരുണ്ട്. അവരെ ഒരു ഘട്ടം കഴിഞ്ഞ് ആക്രമിച്ചാല്‍ അത് ബൂമറാംഗാകും. കെജ്‌രിവാളിനെ കിരണ്‍ ബേദിയും നരേന്ദ്ര മോദിയും കടന്നാക്രമിക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ ജനസമ്മതി ആര്‍ജിക്കുകയായിരുന്നു. മോദിയുടെയും ബേദിയുടെയും അഹങ്കാരം മുഴച്ചുനിന്നപ്പോള്‍ കെജ്‌രിവാള്‍ എളിമ കൊണ്ടു. ഫണ്ട് വിവാദം വന്നപ്പോള്‍ എല്ലാം അന്വേഷിച്ചോളൂ എന്ന് പറഞ്ഞു. നെറ്റിലെ സാമൂഹിക മാധ്യമങ്ങള്‍ അടക്കം ഉപയോഗിച്ച് ചിട്ടയായ പ്രചാരണം നടത്തി. നെഗറ്റീവ് പ്രചാരണം പരമാവധി കുറച്ചു. കോണ്‍ഗ്രസിന്റെ നിഷ്‌ക്രിയത്വം മുന്നില്‍ കണ്ട് പരമ്പരാഗതമായി അവര്‍ക്ക് വോട്ട് ചെയ്യുന്നവരെ സ്വാധീനിക്കാന്‍ ശ്രമിച്ചു.