Connect with us

Malappuram

ഹൈവേ മാര്‍ച്ച് മലപ്പുറത്തിന്റെ മണ്ണിലേക്ക്

Published

|

Last Updated

പട്ടാമ്പി: സത്യാദര്‍ശത്തിന്റെ ത്രിവര്‍ണ പതാകയും ലക്ഷ്യം നേടാനുള്ള ഉശിരുമായി മലയാളനാടിന്റെ തെക്കേ അറ്റത്ത് നിന്ന് തുടങ്ങിയ ഹൈവേ മാര്‍ച്ച് ഇന്ന് ചരിത്രസംഗമത്തിന് ഒരുങ്ങിനില്‍ക്കുന്ന മലപ്പുറത്തിന്റെ മണ്ണിലേക്ക്. ആളും ആവേശവുമായി മഹാസംഗമത്തിന് ഒരുങ്ങിനില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടയിലേക്ക് മാര്‍ച്ച് കടക്കുന്നതോടെ മലപ്പുറം സമ്മേളനാരവങ്ങളിലമരും. ആധുനിക യുവതക്ക് നേരിന്റെ സന്ദേശവുമായി പ്രയാണമാരംഭിച്ച മാര്‍ച്ചിന് തെക്കന്‍ കേരളവും മധ്യകേരളവും നല്‍കിയ ഉജ്ജ്വല സ്വീകരണങ്ങള്‍ക്ക് ശേഷമാണ് മാര്‍ച്ച് മലപ്പുറത്തേക്ക് കടക്കുന്നത്. ടിപ്പുവിന്റെ പടയോട്ടഭൂമിയില്‍ ആവേശകരമായ സ്വീകരണമാണ് മാര്‍ച്ചിന് ലഭിച്ചത്. യാത്രാനായകര്‍ പാലക്കാട് ജില്ലാ അതിര്‍ത്തി കടന്നതോടെ പ്രവര്‍ത്തകരുടെ ആവേശത്തിന് കരിമ്പനകാറ്റിനേക്കാള്‍ വേഗതയായിരുന്നു. ആദ്യ സ്വീകരണ കേന്ദ്രമായ ഓട്ടുപാറയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മാര്‍ച്ച് എത്തിയത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

തൃശൂര്‍ ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് നെല്ലറയുടെ നാട്ടില്‍ പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ തോണികടവ് നിന്ന് ജില്ലാ നേതാക്കളായ സിറാജുദ്ദീന്‍ ഫൈസിയുടേയും സിദ്ദീഖ് സഖാഫിയുടേയും നേതൃത്വത്തില്‍ യാത്രനായകനെ ഷാളണിയിച്ച് ജില്ലയിലേക്ക് സ്വീകരിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും സ്വഫ്‌വ അംഗങ്ങളുടേയും അകമ്പടിയോടെയാണ് ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ വടക്കഞ്ചേരിയില്‍ യാത്രയെത്തിയത്. കൊട്ടിക്കാറ്റൂര്‍ ഭഗവതിക്ഷേത്രത്തിന്റെ മന്ദമൈതാനിയില്‍ ഒരുക്കിയ സമ്മേളനം മാനവസൗഹൃദത്തിന്റെ വിളംബരം കൂടിയായി മാറി. സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണീന്‍കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഗ്രാമസൗന്ദര്യത്തിന്റെ കാര്‍ഷിക വിളനിലങ്ങളിലൂടെ പടച്ചട്ടയണിഞ്ഞ സ്വഫ്‌വ അംഗങ്ങളുടെ അകമ്പടിയോടെ പാലക്കാട് കോങ്ങാട്ടേക്കുള്ള യാത്ര മനോഹരമായിരുന്നു. മാര്‍ച്ച് നഗരിയിലെത്തുമ്പോള്‍ ആയിരങ്ങളാണ് സമ്മേളന സന്ദേശത്തിന് കാതുകൂര്‍പ്പിച്ചുവെച്ചത്. ജില്ലാ സംയുക്ത ഖാസി അലി മുസ്‌ലിയാര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് അധ്യക്ഷത വഹിച്ചു. സമാപന സ്വീകരണ കേന്ദ്രമായ പട്ടാമ്പിയില്‍ മാര്‍ച്ച് കടന്നു വരുമ്പോള്‍ പ്രദേശത്തെ പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ച ജനസഞ്ചയമാണ് നഗരിയില്‍ തടിച്ചു കൂടിയത്. സ്വീകരണ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വൈസ് ക്യാപ്റ്റന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, എന്‍ വി അബ്ദുര്‍റശീദ് സഖാഫി, റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, ജഅ്ഫര്‍ ചേലക്കര സംസാരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണയില്‍ നല്‍കുന്ന സ്വീകരണത്തോടെ മലപ്പുറം ജില്ലയിലെ സ്വീകരണത്തിന് തുടക്കമാകും. പുത്തനത്താണി, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളിലും ഇന്ന് സ്വീകരണം നല്‍കും.