Connect with us

Kerala

നരകയാതനകള്‍ക്കൊടുവില്‍ നാട് കണ്ടു; നന്ദിയോടെ നബീസ ബീവി വിതുമ്പി

Published

|

Last Updated

തിരുവനന്തപുരം: മാലിയിലെ നരകയാതനകള്‍ നിറഞ്ഞ ജീവിതത്തിനൊടുവില്‍ നബീസാ ബീവി ജന്മദേശത്തേക്ക് തിരിച്ചെത്തി. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ വന്നിറങ്ങിയ നബീസയുടെ മനസ്സു നിറയെ തന്റെ മടക്കയാത്രക്ക് വഴിയൊരുക്കിയവരോടുള്ള നന്ദി ആയിരുന്നു. ഇന്ത്യാ ക്ലബ് അംഗം മുഷ്താഖിനൊപ്പമാണ് നബീസാ ബീവി തലസ്ഥാനത്തെത്തിയത്. വീല്‍ ചെയറില്‍ പുറത്തേക്ക് വന്ന നബീസാ ബീവിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സഹോദരിമാര്‍ എത്തിയിരുന്നു. തീവ്ര പരിചരണം ആവശ്യമുള്ള ഇവരെ സാമൂഹിക നീതി വകുപ്പ് ഇടപെട്ട് വിദഗ്ധ ചികിത്സ നല്‍കിയ ശേഷം സര്‍ക്കാര്‍ വക അഗതി മന്ദിരത്തില്‍ പ്രവേശിപ്പിക്കും.

ജീവിതത്തില്‍ താന്‍ ഇന്നുവരെ കാണുകയോ അറിയുകയോ ചെയ്യാത്ത കുറേ ആളുകളുടെ പ്രയത്‌ന ഫലമായാണ് നബീസക്ക് ജന്മ നാട്ടിലേക്ക് തിരികെയെത്താനായത്. മാലി ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സേവ് റുബീന ഫേസ്ബുക്ക് കൂട്ടായ്മയുടെ മുന്‍കൈയില്‍ നടന്ന ശ്രമങ്ങളെ തുടര്‍ന്നാണ് അവസാന കാലമെങ്കിലും സ്വന്തം മണ്ണില്‍ കഴിയണമെന്ന നബീസയുടെ സ്വപ്‌നങ്ങള്‍ സഫലമായത്. സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീറിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് ഇതിനു കളമൊരുങ്ങിയത്. മാലിയിലെ ഇന്ത്യന്‍ ഹൈക്കമീഷനും ഇന്ത്യാ ക്ലബും ചേര്‍ന്നാണ് നബീസാ ബീവിയെ തിരുവനന്തപുരത്ത് എത്തിച്ചത്. അരക്കുകീഴെ തളര്‍ന്ന് മാലിദ്വീപിലെ ആശുപത്രിയില്‍ കിടക്കുകയായിരുന്നു തിരുവനന്തപുരം പൂന്തുറ സ്വദേശിയായ നബീസ. ഏക ആശ്രയമായിരുന്ന ഭര്‍ത്താവും മരണപ്പെട്ടു. മക്കളില്ല. ബന്ധുക്കളൊക്കെ കേരളത്തിലാണ്.
22 വര്‍ഷത്തെ ജീവിതത്തിനിടെ, മലയാളം തന്നെ മറന്നുപോയ നബീസക്ക് ബന്ധുക്കള്‍ എവിടെ എന്നുപോലും ഓര്‍മയുണ്ടായിരുന്നില്ല. വിസ കാലാവധി കഴിഞ്ഞതിനാലും ശുശ്രൂഷിക്കാന്‍ ആരുമില്ലാത്തതിനാലും രണ്ട് ദിവസം കൊണ്ട് അവരെ നാട്ടില്‍ എത്തിക്കണമെന്ന് മാലി സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈകമീഷനെ അറിയിച്ചിരുന്നു.
ഹൈക്കമീഷന്റെ കൈയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടിന്റെ വിലാസംെവച്ച് നോര്‍ക്കക്ക് കത്തയച്ചു. നോര്‍ക്ക ആ വിലാസത്തില്‍ കത്തയച്ചശേഷം ആളില്ലെന്നു പറഞ്ഞ് കത്ത് തിരിച്ചു വന്നതായി ഹൈക്കമീഷന് മറുപടി എഴുതി. അതോടെ, ഹൈക്കമീഷന്‍ പ്രതീക്ഷ കൈ വിട്ടു. ഒപ്പം നബീസാ ബീവിയും. നരകയാതനകള്‍ തീരില്ലെന്ന് കരുതിയ അവര്‍ വിധിയെ പഴിച്ച് കഴിഞ്ഞു. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. ഒരു ഫേസ്ബുക്ക് കൂട്ടായ്മയുടെ രൂപത്തില്‍ അവരെ തേടി അഭയം വന്നുചേര്‍ന്നു. മാലി ജയിലില്‍ അകാരണമായി തടവിലാക്കപ്പെട്ട ജയചന്ദ്രന്‍ മൊകേരിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച അതേകൂട്ടായ്മയാണ് ഇതിനുപിന്നിലും പ്രവര്‍ത്തിച്ചത്.

---- facebook comment plugin here -----

Latest