Connect with us

Eranakulam

കാറുകള്‍ വാടകക്കെടുത്ത് പണയംവെച്ച് മൂന്ന് കോടി തട്ടിയയാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: ആഡംബര കാറുകള്‍ വാടകക്കെടുത്ത് വിറ്റും പണയംവച്ചും മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയയാളെ കടവന്ത്ര പോലീസ് അറസ്റ്റ്‌ചെയ്തു. തൃശൂര്‍ തൊട്ടിപ്പാളം പുതുപ്പള്ളിപ്പറമ്പില്‍ ജോഷി മാത്യു (32)വിനെയാണ് അറസ്റ്റ് ചെയ്തത്. ലാന്‍ഡ് റോവര്‍, ലാന്‍ഡ്ക്രൂയിസര്‍, മെഴ്‌സിഡസ് ബെന്‍സ്, ബി എം ഡബ്ലിയു, ഇന്നോവ എന്നിവയുള്‍പ്പെടെ ഇയാള്‍ കൈമാറിയ ഒമ്പത് കാറുകള്‍ പോലീസ് കണ്ടെടുത്തു. ആള്‍ദൈവങ്ങള്‍ക്കെതിരെ പോലീസ് പരിശോധന നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത തൃശൂര്‍ സ്വദേശിനി വിഷ്ണുമായ എന്ന ദിവ്യജോഷിയുടെ ഭര്‍ത്താവാണ് ജോഷി.
തമിഴ്‌നാട്ടിലെ സത്യമംഗലത്ത് ദേശീയപാതയില്‍ റബര്‍ഷീറ്റുകള്‍ അടങ്ങിയ കണ്ടെയ്‌നര്‍ തട്ടിയെടുത്തതുള്‍പ്പെടെ അമ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമീഷണര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. വൈറ്റിലയിലെ ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍നിന്ന് തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജിംനേഷ്യങ്ങളിലെ നിത്യസന്ദര്‍ശകനായ ജോഷി അവിടെവച്ചു പരിചയപ്പെടുന്ന ചലച്ചിത്രതാരങ്ങളുടെയും മറ്റു പ്രശസ്തരുടെയും ഒപ്പംനിന്ന് മൊബൈല്‍ ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ തട്ടിപ്പിനുപയോഗിച്ചിരുന്നതായി അസി. കമീഷണര്‍ എസ് ടി സുരേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇവരുമായി ബന്ധമുണ്ടെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് ആഡംബരകാറുകളില്‍ സഞ്ചരിക്കുന്ന ജോഷിയെ ആരും സംശയിച്ചിരുന്നില്ല.
ചെറിയ തുക നല്‍കി പണയമായോ ഒരാഴ്ചത്തേക്ക് ഉപയോഗിക്കാനെന്ന പേരിലോ സംഘടിപ്പിക്കുന്ന ആഡംബരകാറുകള്‍ മറിച്ചുവില്‍ക്കുകയോ വന്‍തുകയ്ക്ക് പണയം വെക്കുകയോ ആണ ചെയ്തിരുന്നത്. ഇങ്ങനെ നല്‍കുന്ന കാറുകള്‍ കേസിലുള്‍പ്പെട്ടതാണെന്ന് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം തിരികെ നല്‍കാതെ വീണ്ടും വാങ്ങി ഇതേ തട്ടിപ്പ് ആവര്‍ത്തിക്കുകയായിരുന്നു.
തൃശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നാണ് ഒമ്പത് കാറുകള്‍ പൊലീസ് കണ്ടെത്തിയത്. സി ജെ എം കോടതിയില്‍ ഹാജരാക്കിയ ജോഷിയെ റിമാന്‍ഡ് ചെയ്തു. കടവന്ത്ര എസ്‌ഐ എം ബി ലത്തീഫ്, എ എസ് ഐ നാസര്‍, സീനിയര്‍ സിപിഒമാരായ എ ഷാജി, സുനില്‍കുമാര്‍, പ്രിന്‍സ് രവീന്ദ്രന്‍, ലാന്‍സ്‌ലെറ്റ്, അന്‍ഷാദ്, അനില്‍, ബിനിഷ് ഹഡ്‌സണ്‍, പോള്‍ വര്‍ഗീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്.