Connect with us

Sports

വോളി ടീമുകള്‍ സെമിയില്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന്റെ പുരുഷ – വനിതാ ടീമുകള്‍ സെമിയില്‍. വാശിയേറിയ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് പുരുഷ ടീം അവസാന നാലില്‍ ഇടം പിടിച്ചത്.
സ്‌കോര്‍: 25-22, 19-25, 25-18, 25-20. എന്നാല്‍ വനിതാ ടീമിന് എതിരാളിയായ കര്‍ണാടകയില്‍ നിന്ന് കാര്യമായ ചെറുത്ത്‌നില്‍പ്പ് പോലും ഉണ്ടായില്ല. നേരിട്ടുള്ള സെറ്റുകള്‍ 25-15, 25-17, 25-12 വനിതകള്‍ കര്‍ണാടകയെ മുക്കി.
ആദ്യ മത്സരത്തിന്റെ ഗംഭീര വിജയവുമായി രണ്ടാം മത്സരത്തിന് ഇറങ്ങിയ കേരള പുരുഷ ടീമിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ടോംജോസഫിന്റെ നിറം മങ്ങിയ പ്രകടനം ആരാധകരെ നിരാശയിലാക്കി. അതേ സമയം സി ജെറോം വിനിത്തിന്റെ ബുള്ളറ്റ് സ്മാഷുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു. ജി എസ് അഖിനും ജെറോമുമായിരുന്നു ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചത്. കാണികളുടെ നിറഞ്ഞ പിന്തുണയില്‍ കേരളം ആദ്യ സെറ്റ് പിടിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ പാളി. ടോം ജോസഫിനു പകരം കോഴിക്കോട് സ്വദേശിയായ മനു ജോസഫിനേയും കപിലിന് പകരക്കാരനായി വി മനുവിനേയുമിറക്കി കേരളം തിരിച്ചുവരവിന് ശ്രമിച്ചു.
സായിയില്‍ പരിശീലനം നേടിയ മനുജോസഫ് ഹോം ഗ്രൗണ്ടിലിറങ്ങിയതിന്റെ ആവേശം കളിക്കളത്തില്‍ പ്രകടിപ്പിച്ചു. എന്നാല്‍ പരാജയം ഒഴിവാക്കാനായില്ല. 25-19 ന് രണ്ടാം സെറ്റ് നഷ്ടം.
തമിഴ്‌നാട്ടുകാരനായ ജെറോമിന്റെ മിന്നും പ്രകടനത്തില്‍ കേരളം മൂന്നാം സെറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയെന്ന ലക്ഷ്യവുമായി കേരള വനിതകള്‍ ഇന്ന് വൈകിട്ട് അഞ്ചിന് പശ്ചിമ ബംഗാളുമായി ഏറ്റുമുട്ടും.
ഉത്തര്‍പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ സര്‍വ്വീസസ് എ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഉറപ്പിച്ചു. സ്‌കോര്‍: 25-19, 25-22, 25-18. വനിതാ വോളിയില്‍പശ്ചിമബംഗാള്‍ (25-14,25-19,17-25,25-23) ചണ്ഡീഗഡിനെയും ഉത്തര്‍പ്രദേശ് (16-25, 25-23, 25-21, 25-23) ഹരിയാനയെയും പരാജയപ്പെടുത്തി.

Latest