Connect with us

Sports

ഹഫ്‌സീറിന്റെ സ്‌പൈക്കിന് പറയാനുണ്ട് മെഡല്‍ കഥ

Published

|

Last Updated

തിരുവനന്തപുരം: 35-മത് ദേശീയ ഗെയിംസില്‍ ഡെക്കാത്തലണില്‍ കരുത്തരായ താരങ്ങളോട് പോരാടി മുഹമ്മദ് ഹഫ്‌സീര്‍ എന്ന പന്ത്രണ്ടാം ക്ലാസുകാരന്‍ കേരളത്തിനായി വെങ്കല മെഡല്‍ നേടിയത് കടംവാങ്ങിയ സ്‌പൈക്കില്‍. സഹമത്സരാര്‍ഥികളെല്ലാം നിലവാരമുള്ള സ്‌പൈക്കുമായി മത്സരത്തിനെത്തിയപ്പോള്‍ 2000 രൂപയില്‍ താഴെ വിലയുള്ള സ്‌പൈക്കുമായാണ് ഹഫ്‌സീര്‍ എത്തിയത്. എന്നാല്‍ ഈ സ്‌പൈക്കുമായി മുന്നിലെത്താന്‍ കഴിയില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് സുഹൃത്തില്‍ നിന്ന് വിലയേറിയ സ്‌പൈക്ക് കടം വാങ്ങി മത്സരിച്ചു. പിന്നീട് ഹഫ്‌സിറിന്റെ പരിശീലകന്‍ കൂടിയായ അധ്യാപകന്‍ അന്‍വര്‍ സാദത്ത് നാട്ടില്‍ നിന്ന് പണമെത്തിച്ചാണ് കടം വീട്ടിയത്.ആറുവയറുകള്‍ പുലര്‍ത്തുന്ന പിതാവിന്റെ നിത്യവരുമാനത്തില്‍ നിന്ന് തന്റെ പരിശീലനത്തിന് പണം കണ്ടെത്താന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ഹഫ്‌സിര്‍ ഒരു സ്‌പോണ്‍സറെ കാത്തിരിക്കുകയാണ്.
ഡെക്കാത്തലണിലെ 10 ഇനങ്ങളില്‍ മൂന്നിനങ്ങളില്‍ ഒന്നാംസ്ഥാനത്തും, മൂന്നിനങ്ങളില്‍ രണ്ടാംസ്ഥാനത്തും, നാലിനങ്ങളില്‍ നാലാം സ്ഥാനത്തുമായി ഫിനിഷ് ചെയ്ത ഹഫ്‌സീര്‍ 66.75 പോയിന്റോടെയാണ് കേരളത്തിന്റെ തന്നെ വി വി റിനീഷിന് പിന്നിലായി മൂന്നാംസ്ഥാനത്തെത്തിയത്. 100 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈജമ്പ് എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനവും, പോള്‍വോള്‍ട്ട്, 400 മീറ്റര്‍, ലോംഗ്ജമ്പ് എന്നിവയില്‍ രണ്ടാംസ്ഥാനവും, 1500 മീറ്റര്‍, ജാവലിന്‍, ഡിസ്‌കസ്‌ത്രോ എന്നിവയില്‍ നാലംസ്ഥാനത്തുമെത്തിയാണ് ഹഫ്‌സീര്‍ വെങ്കലം നേടിയത്.
നേരത്തെ റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ഡെക്കാത്തലണില്‍ സ്വര്‍ണം നേടിയ ഹഫ്‌സീര്‍ കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും, സംസ്ഥാന സ്‌കൂള്‍മീറ്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ്, പോള്‍വാള്‍ട്ട് എന്നീ ഇനങ്ങളില്‍ വെള്ളിയും നേടിയിരുന്നു. മലപ്പുറം ജില്ലയിലെ തീരദേശ പ്രദേശമായ താനൂരിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ ഹഫ്‌സീര്‍ ഇപ്പോള്‍ തതിരുവനന്തപുരത്തെ സായിക്ക് കീഴിലുള്ള ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Latest