Connect with us

Sports

ഹാട്രിക്ക് സ്വര്‍ണം

Published

|

Last Updated

കൊച്ചി: ബാഡ്മിന്റണ്‍ പുരുഷവിഭാഗം ടീമിനത്തില്‍ കേരളത്തിന് സ്വര്‍ണം. വീറുറ്റ പോരാട്ടത്തില്‍ ഹരിയാനയെ (3-2)കീഴടക്കിയാണ് കേരളം സ്വര്‍ണത്തില്‍ മുത്തമിട്ടത്. അതേസമയം വനിതാ വിഭാഗം കലാശപോരാട്ടത്തില്‍ ശക്തരായ തെലങ്കാനയോട് തോറ്റ(2-0) കേരളം വെള്ളികൊണ്ട് തൃപ്തിയണിഞ്ഞു. ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ടീമിനത്തില്‍ കേരളത്തിന്റെ ഹാട്രിക് സ്വര്‍ണമാണിത്. സെമിയില്‍ തോറ്റ മഹാരാഷ്ട്രക്കും യു പിക്കുമാണ് ഈയിനത്തില്‍ വെങ്കലം.
പുരുഷവിഭാഗം ടീമിനത്തില്‍ ഹരിയാനക്കെതിരായ ആദ്യ സിംഗിള്‍സില്‍ പ്രതീക്ഷിച്ചതു പോലെ കേരളത്തിന്റെ രാജ്യാന്തര താരം എച്ച് എസ് പ്രണോയ് എളുപ്പം ജയിച്ചുകയറി. നീരജ് വസിഷ്ഠിനെതിരെ(21-14, 21-18) നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. എന്നാള്‍ ശക്തമായ പോരാട്ടം നടന്ന രണ്ടാം സിംഗിള്‍സില്‍ കേരളത്തിന്റെ മുനവര്‍ മുഹമ്മദ് കേതന്‍ ചൗഹാനോട് തോല്‍വി സമ്മതിച്ചതോടെ പോയിന്റ് തുല്ല്യമായി. ആദ്യ ഗെയിം (21-12) എളുപ്പത്തില്‍ സ്വന്തമാക്കി മുനവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും സ്വന്തം പിഴവുകള്‍ കൊണ്ട് രണ്ടാം ഗെയിം 15-21ന് കേതന്‍ ചൗഹാന് വിട്ടുകൊടുത്തതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു. എന്നാല്‍ ഫോമിലേക്ക് ഉയര്‍ന്ന ചൗഹന്‍ 18-21ന് മൂന്നാം ഗെയിം കൈക്കലാക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന ഡെബിള്‍സ് മത്സരത്തില്‍ മുന്‍ ദേശീയ നമ്പര്‍ വണ്‍ കൂട്ടുകെട്ടായ കേരളത്തിന്റെ സനേവ് തോമസ്-രൂപേശ് കുമാര്‍ സംഖ്യത്തിന് ഹരിയാനയുടെ നീരജ് വര്‍മ്മ-സുരേന്ദ്ര രാത്തേ കൂട്ടുകെട്ടിനെതിരെ കൂടുതലൊന്നും ചെയ്യേണ്ടി വന്നില്ല. ആദ്യ ഗെയിം കണ്ണ് അടച്ച് തുറക്കുന്നതിനു മുമ്പേ(21-4)അവസാനിപ്പിച്ച കേരള ജോഡികള്‍ രണ്ടാം ഗെയിം 21-10ല്‍ അവസാനിപ്പിച്ച് കേരളത്തിന് ഗെയിമും ലീഡും(2-1) നല്‍കി. എന്നാല്‍ റിവേഴ്‌സ് സിംഗിള്‍സില്‍ കേരളത്തിന്റെ ശ്യാം പ്രസാദ് ഹരിയാനയുടെ അക്ഷിത് മഹാജനോട്(13-21, 17-21) തോറ്റതോടെ മത്സരം അഞ്ചാം റിവേഴ്‌സ് ഡബിളിലേക്ക് നീണ്ടു. ഹരിയാനയുടെ കേതന്‍ ചാഹല്‍-അക്ഷിദ് മഹാജന്‍ സഖ്യവുമായുള്ള റിവേഴ്‌സ് ഡബിള്‍സില്‍ കേരളത്തിന്റെ ജോഡികളായ ആല്‍വിന്‍ ഫ്രാന്‍സിസ് അരുണ്‍ വിഷ്ണു സഖ്യം ആദ്യ ഗെയിം 7-0ന് മുന്നിട്ടുനിന്ന ശേഷം 18-21 കളഞ്ഞുകുളിച്ചതോടെ സ്റ്റേഡിയമൊന്നാകെ പകച്ചു. എന്നാല്‍ വളരെ പെട്ടന്നു ആത്മധൈര്യം വീണ്ടെടുത്ത കേരളം 21-11 രണ്ടാം ഗെയിം പിടിച്ചെടുത്തതോടെ കാണികള്‍ വീണ്ടും ആവേശത്തിലായി.
നിറഞ്ഞ ഗാലറിയുടെ പൂര്‍ണ പിന്തുണയോടെ വാശിയേറി മൂന്നാം ഗെയിം കൈക്കലാക്കി കേരള ജോഡികള്‍ മത്സരവും സ്വര്‍ണവും തങ്ങളുടേതാക്കുകയായിരുന്നു.
ആദ്യം നടന്ന വനിത വിഭാഗം ടീം ഫൈനലില്‍ തെലങ്കാന കരളത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്. സിംഗിള്‍സില്‍ കേരളത്തിനായി റാക്കറ്റേന്തിയ പി സി തുളസി ദേശീയ ജൂനിയര്‍ താരം ഋതുപര്‍ണ ദാസിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക്(21-14, 21-18)മുട്ടുമടക്കി. എന്നാല്‍ തുടര്‍ന്നു നടന്നഡബിള്‍സില്‍ കേരളത്തിന്റെ അപര്‍ണ്ണ ബാലന്‍-ആരതി സാറാ സുനില്‍ സഖ്യം പൊരുതിതോല്‍ക്കുകയായിരുന്നു(18-21, 21-18, 13-21). ആദ്യ സെറ്റ് തെലുങ്കാനയുടെ ഋതിക ശിവാനി- സിഖി റെഡ്ഡി സഖ്യം കൈക്കലാക്കിയെങ്കിലും പതറാതെ പൊരുതിയ കേരളം രണ്ടാം സെറ്റ് അതേസ്‌കോറില്‍ തിരിച്ചുപിടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ വിശ്വരൂപം പൂണ്ട തെലങ്കാന, കേരളം നിലയുറപ്പിക്കുന്നതിനു മുമ്പ് സെറ്റും ഗെയിമും കൈക്കലാക്കി സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.

Latest