വീണ്ടും ആ കുറിയ മനുഷ്യന്‍

Posted on: February 11, 2015 3:58 am | Last updated: February 11, 2015 at 12:02 am
SHARE

Ba9n0BWCEAAhE7fപുതിയ രാഷ്ട്രീയ പ്രവണതകള്‍ക്കും വലിയ ആത്മപരിശോധനകള്‍ക്കും തിരികൊളുത്തിയാണ് ഈ മെലിഞ്ഞ മനുഷ്യന്‍ വീണ്ടും വിജയശ്രീലാളിതനാകുന്നത്. പാര്‍ട്ടിയുടെ തുടക്ക കാലത്ത് മുഖ്യധാരാ പാര്‍ട്ടികള്‍ എഴുതിത്തള്ളി. പിന്നീട് ആരോപണങ്ങള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. എല്ലാത്തിനെയും അതിജീവിച്ച്, ഭരിക്കുന്നവരോടുള്ള കടുത്ത അമര്‍ഷത്തിന്റെ പ്രതിഫലനമായി അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ ആദായനികുതി ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എ എ പി വീണ്ടും വന്‍ വിജയം നേടിയപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഞെട്ടിത്തരിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ കന്നിയങ്കത്തില്‍ തന്നെ സര്‍ക്കാര്‍ രൂപവത്കരിച്ച് റെക്കോര്‍ഡിട്ട എ എ പി, പക്ഷെ അധികാരത്തില്‍ 49 ദിവസം മാത്രമേ തുടര്‍ന്നുള്ളൂ. വികാരമായിരുന്നു അന്ന് കെജ്‌രിവാളിനെ അടക്കിഭരിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വികാരത്തേക്കാള്‍ പ്രായോഗിക രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. വോട്ടെടുപ്പിന്റെ തലേന്ന് ഡല്‍ഹിയിലെ ജമാ മസ്ജിദ് ശാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ പിന്തുണ തള്ളാന്‍ അദ്ദേഹം ധൈര്യപ്പെട്ടു. ആ പിന്തുണ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് വഴുതി വീണേനെ. അനന്തമായ വിശകലനങ്ങള്‍ക്ക് വിഷയമാകുകയാണ് കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും.
1968 ജൂണ്‍ 16ന് ഹരിയാനയിലെ ഹിസാറിലാണ് കെജ്‌രിവാളിന്റെ ജനനം. ഖരക്പൂര്‍ ഐ ഐ ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. 2006ലെ മഗ്‌സാസെ പുരസ്‌കാരം, സത്യേന്ദ്ര കെ ദുബേ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു കെജ്‌രിവാള്‍ ജന്‍ലോക്പാല്‍ ബില്ലിനായി തെരുവിലിറങ്ങിയ അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖനായാണ് വാര്‍ത്തകളില്‍ നിറയുന്നത്. 2006ല്‍ ആദായനികുതി വകുപ്പിലെ ജോയിന്റ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം പൂര്‍ണസമയ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. ആദ്യം വിവരാവകാശ പ്രവര്‍ത്തനത്തില്‍ മുഴുകി. വിവരാവകാശ നിയമത്തെ അഴിമതിവിരുദ്ധ ആയുധമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. പരിവര്‍ത്തന്‍ എന്നായിരുന്നു ആദ്യ സംഘടനയുടെ പേര്. പിന്നീട് മനീഷ് സിസോദിയ അടക്കമുള്ളവരുമായി ചേര്‍ന്ന് പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു. രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. ഹസാരെ സംഘം സമരത്തിരയായി വളര്‍ന്നപ്പോള്‍ മുന്‍നിരയില്‍ കെജ്‌രിവാള്‍ വന്നു. ഹസാരെ പ്രസ്ഥാനത്തോടൊപ്പം നിന്ന് നേടിയ ജനസ്വാധീനം രാഷ്ട്രീയ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കാന്‍ കെജ്‌രിവാള്‍ തീരുമാനിച്ചത് തുടക്കത്തില്‍ അദ്ദേഹത്തോടൊപ്പം നിന്നവര്‍ക്ക് തന്നെ ദഹിച്ചില്ല. ഹസാരെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പക്ഷേ ആം ആദ്മി പാര്‍ട്ടി രൂപവത്കരണവുമായി അദ്ദേഹം മുന്നോട്ട് പോയി. ഉയര്‍ന്ന നിരക്കോടെ വൈദ്യുതി ബില്‍ അടക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണ് ആദ്യം ജനശ്രദ്ധയാകര്‍ഷിച്ചത്. ചേരിപ്രദേശങ്ങളില്‍ കെജ്‌രിവാള്‍ നേരിട്ട് ചെന്നു. ഡ്രൈവര്‍മാര്‍ അടക്കമുള്ള സാധാരണക്കാരെ സംഘടിപ്പിച്ചു. അങ്ങനെ ശൈശവം പിന്നിട്ടിട്ടില്ലാത്ത സംഘടന ചരിത്രം കുറിച്ചു. ഡല്‍ഹിയുടെ സിംഹാസനത്തില്‍ നിന്ന് ഇറങ്ങിയ കെജ്‌രിവാള്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരാണാസയില്‍ മോദിയെ തറപറ്റിക്കാന്‍ നിന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ഡല്‍ഹിയില്‍ നിന്ന് അധികാരമൊഴിഞ്ഞത് വങ്കത്തമായെന്ന് കെജ്‌രിവാള്‍ ഏറ്റുപറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോള്‍, പല നേതാക്കളും പാര്‍ട്ടി വിട്ടു. പലരും ബി ജെ പിയിലേക്ക് തട്ടകം മാറ്റി. പക്ഷെ കൃത്യമാ യ തന്ത്രങ്ങളോടെ, താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് കെജ്‌രിവാളും സംഘവും ഇച്ഛാശക്തിയോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചു. എ എ പിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുവെന്ന് വിധിയെഴുതിയ പശ്ചാത്തലത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷി കണക്കെ കെജ്‌രിവാളെന്ന കുറിയ മനുഷ്യന്റെ നേതൃത്വത്തില്‍ എ എ പി ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ശേഷം കണ്ടറിയാം.

cartoon -black

LEAVE A REPLY

Please enter your comment!
Please enter your name here