Connect with us

Kerala

സംസ്ഥാനത്തിന് 27,686.32 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സംസ്ഥാനത്തിന് 27,686.32 കോടി രൂപയുടെ വാര്‍ഷിക പദ്ധതി. വിഭവ ലഭ്യതയുടെ കണക്കനുസരിച്ചാണിത്. ഇതില്‍ സംസ്ഥാന പദ്ധതിക്കുള്ള 20,000 കോടി രൂപയും ഉള്‍പ്പെടും. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ലഭ്യമായ വിഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി അടങ്കല്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇതില്‍ നേരിയമാറ്റങ്ങള്‍ ഉണ്ടാകുമെന്നും ആസൂത്രണ ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടപ്പുവര്‍ഷത്തെ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 16.66 ശതമാനം വര്‍ധനവാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 4800 കോടി രൂപയാണ്. കെ എസ് ഇ ബി ലിമിറ്റഡിന് വേണ്ടി 1350 കോടി രൂപ വകയിരുത്തി. ഇത് ഒഴിവാക്കിയാല്‍ മൊത്തം പദ്ധതി വിഹിതത്തിന്റെ 25.74 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചിട്ടുണ്ട്.

പട്ടിക ജാതിക്കാര്‍ക്ക് പ്രത്യേക ഘടക പദ്ധതി വിഹിതമായി 1968.5 കോടി രൂപ വകയിരുത്തി. ഇതില്‍ 1040.92 കോടി രൂപ പട്ടികജാതി വികസന വകുപ്പിനും 927.58 കോടി രൂപ (47%) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. പട്ടികവര്‍ഗ പദ്ധതി വിഹിതമായി 604.5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 34 %അധികമാണ്. 604.5 കോടി രൂപയില്‍ പട്ടിക വര്‍ഗവകുപ്പിന് 465.28 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 139.22 കോടി രൂപയുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭവന നിര്‍മാണത്തിന് ഊന്നല്‍ നല്‍കി അധിക വിഹിതമായി 150 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തീരദേശ വികസന പദ്ധതികള്‍ക്കായി 189.37 കോടി രൂപയും മലയോര വികസന പദ്ധതികള്‍ക്കായി 113 കോടി രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ വയനാട്, കാസര്‍കോട്, ശബരിമല പാക്കേജുകള്‍ക്ക് 129 കോടി രൂപ നീക്കിവെച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, തലസ്ഥാനമേഖലാ വികസന പദ്ധതി, ആലപ്പുഴ- കൊല്ലം ബൈപാസ്, സിയാല്‍ വികസന പദ്ധതി, തിരുവനന്തപുരം- കോഴിക്കോട് മാസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, വ്യാവസായിക വികസന മേഖല തുടങ്ങിയവക്കായി 2000 കോടി വകയിരുത്തിയിട്ടുണ്ട്.
കൃഷി, വിദ്യാഭ്യാസം, പൊതുമരാമത്ത്, തുറമുഖവും ലൈറ്റ് ഹൗസുകളും, ശാസ്ത്ര സേവനങ്ങളും ഗവേഷണവും, ഉള്‍നാടന്‍ ജലഗതാഗതം, റോഡുകളും പാലങ്ങളും, വിവരസാങ്കേതിക വിദ്യയും ഇ-ഗവേണന്‍സും, ശുദ്ധജലവിതരണവും ശുചിത്വവും, വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും, പാര്‍പ്പിടം, വിനോദസഞ്ചാരം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, നഗരവികസനം, തൊഴിലും തൊഴിലാളി ക്ഷേമവും, പോഷകാഹാരം, കലയും സംസ്‌കാരവും, അടിസ്ഥാന സൗകര്യവികസനത്തിനുള്ള വന്‍കിട പദ്ധതികള്‍ എന്നീ മേഖലകള്‍ക്കാണ് വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. കൂടാതെ, സമഗ്ര തൊഴില്‍ അവസരങ്ങളുടെ സൃഷ്ടിക്കായുള്ള മിഷന് 25 കോടി രൂപയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന് 10 കോടി രൂപയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തി. കേരള പരിപ്രേക്ഷ്യ പദ്ധതി 2030ന് കീഴില്‍ വിവിധ മേഖലകളില്‍ പദ്ധതികള്‍ രൂപവത്കരിക്കുന്നതിനായി 2015-16 വാര്‍ഷിക പദ്ധതിയില്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്.
അതേസമയം ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദേശീയ ദുരന്തമാണെന്ന് മന്ത്രി പറഞ്ഞു. ആസൂത്രണ കമ്മീഷന് പകരം സംവിധാനം മുന്നോട്ടുവെക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കമ്മീഷന് പകരമായി കൊണ്ടുവന്ന നീതി ആയോഗിനെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കാന്‍ പ്രധാനമന്ത്രിക്കോ ധനമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എല്ലാ മുഖ്യമന്ത്രിമാരും ആസൂത്രണ കമ്മീഷനെ ഇല്ലായ്മ ചെയ്യുന്നതില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. പരസ്യമായി പറയാന്‍ കഴിയാത്തതിനാല്‍ ബി ജെ പി മുഖ്യമന്ത്രിമാര്‍ പറയുന്നില്ല. അതേസമയം, കേരളം കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സാധാരണഗതിയില്‍ ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി വിഹിതം നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ഇതൊന്നുമുണ്ടായില്ല. പദ്ധതി വിഹിതത്തെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും സംസ്ഥാന സര്‍ക്കാറിന് ലഭ്യമല്ല. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അതിന്മേല്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ തീരുമാനത്തിനായി ഇനിയും കാത്തിരിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. വാര്‍ഷിക പദ്ധതികള്‍ മാറ്റിവെക്കാനും സാധിക്കില്ല. അതിനാല്‍ ലഭ്യമായ വിഭവങ്ങള്‍ കണക്കാക്കിയാണ് സംസ്ഥാനം 2015-16 വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ തയ്യാറാക്കിയത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യത്തിന്മേലും നടപടിയുണ്ടായിട്ടില്ല. എല്ലാവര്‍ക്കും ബേങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതുപോലുള്ള പ്രാഥമിക മേഖലകളിലെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പേ തന്നെ കേരളം ഇക്കാര്യങ്ങളിലെല്ലാം വളരെയേറെ മുന്നോട്ടുപോയിക്കഴിഞ്ഞു. നേട്ടങ്ങള്‍ നേരത്തെ കൈവരിച്ചതിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ക്ക് ദോഷകരമാകുന്ന നടപടികളുണ്ടാകരുതെന്നും കെ സി ജോസഫ് പറഞ്ഞു.