Connect with us

Eranakulam

കൊക്കെയ്ന്‍ കേസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം തിരിച്ചെത്തി

Published

|

Last Updated

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ ഗോവയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് അന്വേഷണ സംഘം ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തി. മുഖ്യപ്രതികളായ മോഡല്‍ രേഷ്മ രംഗനാഥന്‍, സഹസംവിധായിക ബ്ലെസി സില്‍വസ്റ്റര്‍ എന്നിവരെ കസ്റ്റഡി കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി 24 വരെ റിമാന്‍ഡ് ചെയ്തു. ഇവരെ മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ രേഷ്മയും ബ്ലെസിയും കൊക്കെയ്ന്‍ വാങ്ങി എന്ന് പറയുന്ന ഗോവയിലെ അന്‍ജുനാ ബീച്ചിലടക്കം തെളിവെടുപ്പു നടന്നു. ഇവര്‍ക്ക് കൊക്കെയ്ന്‍ കൈമാറി എന്ന് പറയുന്ന ഫ്രാങ്കോ എന്നയാള്‍ക്ക് വേണ്ടി ഗോവ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. കൊക്കെയ്ന്‍ കേസില്‍ അന്വേഷണത്തിനായി കേരള പോലീസ് ഗോവയില്‍ എത്തിയ വിവരം അന്നു തന്നെ ഗോവയിലെ പത്രങ്ങളിലും മലയാളം ചാനലുകളിലും വാര്‍ത്തയായത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നും പോലീസ് പറയുന്നു. രേഷ്മ രംഗനാഥനും ബ്ലെസിയും കൊക്കെയ്‌നും ലഹരിമരുന്നും വില്‍പന നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇവര്‍ ആര്‍ക്കൊക്കെ കൊക്കെയ്ന്‍ നല്‍കിയെന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ പോലീസ് പറഞ്ഞു. എന്നാല്‍ സാങ്കേതികമായി ആവശ്യം നിലനില്‍ക്കില്ലെന്നതിനാല്‍ കോടതി അപേക്ഷ നിരസിക്കുകയായിരുന്നു.