എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍

Posted on: February 11, 2015 2:41 am | Last updated: February 10, 2015 at 11:41 pm

കൊല്ലം: എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റിലായി. കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇരവിപുരം ചിറവയല്‍ പെരുമനത്തിടിയില്‍ വീട്ടില്‍ കഞ്ചാവ് നൗഷാദ് എന്നു വിളിക്കുന്ന നൗഷാദ് (38), വാളത്തുംഗല്‍ ചേരിയില്‍ സംസം നഗര്‍ 114 ചിറവയല്‍ വീട്ടില്‍ നൗഷാദിന്റെ സഹോദരന്‍ കൂടിയായ നിസാമുദീന്‍ എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്താല്‍ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദും കൂട്ടാളികളും ചിറവയല്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ചന്ത ചിറവയല്‍ പരിസരത്ത് ഒത്തുചേര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആയ ഷാജി(26) കഞ്ചാവ് വാങ്ങാന്‍ വന്ന ആളെന്ന വ്യാജേന നൗഷാദിനെ സമീപിക്കുകയും 2000രൂപ കൊടുത്ത് 20 പൊതി കഞ്ചാവ് വാങ്ങുകയും തുടര്‍ന്ന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഈ സമയത്ത് അവിടെയുണ്ടായിരുന്ന കഞ്ചാവ് വില്‍ക്കാന്‍ സഹായിക്കുന്നവരും റീട്ടെയില്‍ കച്ചവടക്കാരായ നൗഷാദിന്റെ സഹോദരന്‍ നിസാമുദീനും കണ്ടാലറിയാവുന്ന ആറോളം പേര്‍ ചേര്‍ന്ന് ഷാജിയെ അടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിച്ച് അവശനാക്കിയശേഷം 5000രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 45000 രൂപ വിലമതിക്കുന്ന സ്വര്‍ണമാല യും കവരുകയും ചെയ്തു.
ബഹളം കേട്ട് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എക്‌സൈസില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൗഷാദിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഷാഡോ പോലീസിന് അറിയാന്‍ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
മുമ്പ് കഞ്ചാവ് കേസില്‍ ജയിലില്‍ വെച്ച് പരിചയപ്പെട്ടിട്ടുള്ളവരെ ഉപയോഗിച്ചാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളിലുള്ള സ്‌കൂള്‍, എന്‍ജിനീയറിംഗ് കോളജ്, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളെ വല വീശിപ്പിടിക്കുന്നത്. ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികളുമുള്ളതായി അറിയാന്‍ കഴിഞ്ഞു. ഭൂരിഭാഗം പെണ്‍കുട്ടികളും ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്.
നിരവധി കഞ്ചാവ് കേസുരളിലും അടിപിടികേസിലും പ്രതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഏഴ് കേസും, കിളികൊല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ വീതവും കൂടാതെ കൊല്ലം, ചാത്തന്നൂര്‍ എന്നീ എക്‌സൈസ് റേഞ്ചുകളില്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.