Connect with us

International

ലൈംഗിക പീഡനക്കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്‌റാഹിം കുറ്റക്കാരനെന്ന് കോടതി

Published

|

Last Updated

ക്വാലാലംപൂര്‍: ലൈംഗിക പീഡനക്കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്‌റാഹിം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മലേഷ്യന്‍ പരമോന്നത കോടതി ഇദ്ദേഹത്തെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എന്നാല്‍ കുറ്റം നിഷേധിച്ച ഇബ്‌റാഹിമും അനുയായികളും കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു. തന്റെ സഹായിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് 67കാരനായ ഇബ്‌റാഹിമിനെതിരായ വിധി. ഭരണകൂടം തനിക്കെതിരായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് ഇബ്‌റാഹിം കോടതിയില്‍ പറഞ്ഞു. കോടതിക്ക് പുറത്ത് ഇബ്‌റാഹിമിന്റെ നൂറ് കണക്കിന് അനുയായികള്‍ വിധികേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് കോടതിക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്. മലേഷ്യക്ക് സ്വതന്ത്രമായ ജുഡീഷ്യറിയാണ് നിലവിലുള്ളതെന്നും തെളിവുകളുടെ സാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും മലേഷ്യന്‍ സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ അല്‍ ജസീറയോട് പറഞ്ഞു. ഇബ്‌റാഹിമിനെതിരായി പരാതിപ്പെട്ടയാള്‍ ഉപപ്രധാനമന്ത്രി നജീബ് റസാക്കിനെ കണ്ട ശേഷമാണ് കേസ് ഫയല്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2008ലാണ് പുരുഷ സഹായിയെ ഇബ്‌റാഹിം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതിയിലെത്തുന്നത്. എന്നാല്‍ 2012ല്‍ ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് പരമോന്നത കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.