Connect with us

International

ദക്ഷിണ സുഡാനില്‍ 25 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലെന്ന് യു എന്‍

Published

|

Last Updated

ജുബ: ദക്ഷിണ സുഡാന്‍ പട്ടിണിയുടെ വക്കിലാണെന്ന് യു എന്‍ ഉന്നത ഉദ്യോഗസ്ഥര്‍. 25 ലക്ഷത്തോളം പേരാണ് ഇവിടെ രൂക്ഷമായ പട്ടിണി അനുഭവിക്കുന്നത്. അടുത്ത ഒരു മാസത്തോടെ രാജ്യത്ത് കരുതി വെച്ചിട്ടുള്ള ഭക്ഷണ വസ്തുക്കള്‍ തീരുകയും ചെയ്യും. ഇതോടെ രാജ്യം പൂര്‍ണ പട്ടിണിയിലാകാനാണ് പോകുന്നതെന്നും യു എന്‍ ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഇവിടെ അറുപത് ലക്ഷത്തിലധികം പേര്‍ സഹായം അര്‍ഹിക്കുന്നുണ്ടെന്ന് യു എന്‍ സന്നദ്ധ സേനാപ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതി വരുമിത്. അതോടൊപ്പം ഗതാഗത മാര്‍ഗവും വളരെ പ്രയാസത്തിലാണ്. രാജ്യത്തുടനീളം നിരവധി റോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. സഹായങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കെത്തിക്കാന്‍ ഇത് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ നിരന്തരമായുള്ള ശ്രമത്തിന്റെ ഫലമായാണ് സുഡാനിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ സ്ഥാപിക്കുന്നത്. ഇത് സ്ഥാപിച്ച് അധിക കാലം കഴിയുന്നതിന് മുമ്പേ തകര്‍ന്ന് തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും അവര്‍ പറഞ്ഞു. ഇവിടെ സ്വദേശികള്‍ തന്നെ ജീവിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ സന്നദ്ധ സംഘങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം ഏറെ ആശങ്കക്കിട വരുത്തുന്നതാണെന്ന് സുഡാനിലെ സന്നദ്ധ പ്രവര്‍ത്തകയായ വലേരി എമോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Latest