Connect with us

International

കീവിലെ സുപ്രധാന നഗരം റഷ്യന്‍ വിമതര്‍ വളഞ്ഞു

Published

|

Last Updated

കീവ് : പടിഞ്ഞാറന്‍ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ഡിബാല്‍സട്‌സീവ് തങ്ങള്‍ പൂര്‍ണമായും വളഞ്ഞതായി റഷ്യന്‍ അനുകൂല വിമതര്‍. എന്നാല്‍ ഇവരുടെ അവകാശവാദം തള്ളിയ ഉക്രൈന്‍ സൈന്യം ഇവിടെ ഇപ്പോഴും പോരാട്ടം നടക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു. വിമതരുടെ പിടിയിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്‌സ്‌ക് നഗരത്തിനിടയിലുള്ള ഡിബാല്‍സട്‌സീവില്‍നിന്നും സര്‍ക്കാര്‍ പിടിച്ചടക്കിയ നഗരത്തിലേക്കുള്ള റോഡുകള്‍ പോരാളികള്‍ തടഞ്ഞതായി സ്വയം പ്രഖ്യാപിത ഡൊണാട്‌സ്‌ക് ജനകീയ റിപ്പബ്ലിക്ക് ചൊവ്വാഴ്ച പറഞ്ഞു. യുദ്ധക്കെടുതിയില്‍പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതും സിവിലിയന്‍മാര്‍ പോരാട്ടത്തിന് പോകാന്‍ അനുവദിച്ചിരുന്നതും ഈ റോഡ് മാര്‍ഗമായിരുന്നു. പോരാളികളുടെ അവകാശവാദം വിമത സൈനിക കമാന്‍ഡര്‍ പിന്താങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ വിമതരില്ലെങ്കിലും ഉക്രൈന്‍ സൈന്യം ഇപ്പോഴും നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് തള്ളിയ സൈന്യം തങ്ങള്‍ നഗരത്തിലേക്കുള്ള പ്രധാന വിതരണ റൂട്ടില്‍ പോരാട്ടം തുടരുകയാണെന്ന് പറഞ്ഞു. റഷ്യയില്‍നിന്നുള്ള റെയില്‍പാതയുമായി ബന്ധിച്ച് കിടക്കുന്ന ഡിബാല്‍സട്‌സീവ് സൈനികമായി ഏറെ തന്ത്രപ്രധാനമുള്ള നഗരമാണ്. നഗരം പിടിച്ചടക്കുംവരെ സമാധാന പ്രവര്‍ത്തനങ്ങളിലേക്കില്ലെന്നാണ് വിമതരുടെ നിലപാട്. റോഡ് മാര്‍ഗം തടസ്സപ്പെട്ടത് ഉക്രൈന്‍ സൈന്യത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഉക്രൈന്‍ സൈന്യം കീഴടങ്ങി നഗരത്തില്‍നിന്നും പിന്‍മാറണമെന്നാണ് വിമത പോരാളികളുടെ ആവശ്യം.

Latest