Connect with us

National

വിവരാവകാശ പ്രവര്‍ത്തകയുടെ വധം: സി ബി ഐ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിവരാവകാശ പ്രവര്‍ത്തക ശെഹ്‌ലാ മസൂദിനെ വധിച്ച കേസില്‍ രണ്ട് മുതിര്‍ന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് ഉറപ്പായി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ റാങ്കിലും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലും ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി ബി ഐ നേതൃത്വം തന്നെ നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. കേസില്‍ സുപ്രധാന തെളിവായി കണക്കാക്കപ്പെടുന്ന പെന്‍ഡ്രൈവിലെ നിര്‍ണായക വിവരങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാനുഷികമായ പിഴവ് മാത്രമാണ് സംഭവിച്ചതെന്നാണ് കുറ്റാരോപിതരുടെ വാദം.
2011 ആഗസ്റ്റ് 16ന് ഭോപ്പാലിലാണ് ശഹ്‌ലാ മസൂദ് കൊല്ലപ്പെട്ടത്. കുറ്റാരോപിതരായ രണ്ട് ഐ പി എസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു നിര്‍ണായക തെളിവുകള്‍ അടങ്ങിയ പെന്‍ ഡ്രൈവ്. 2012 മെയിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിവരങ്ങള്‍ നഷ്ടപ്പെട്ടതായി വിചാരണ വേളയില്‍ കണ്ടെത്തുകയായിരുന്നു. ഭോപ്പാലിലെ കോഹി ഫിസ മേഖലയിലെ തന്റെ വസതിക്ക് പുറത്ത് വെച്ചാണ് ശഹ്‌ലാ മസൂദ് വെടിയേറ്റ് മരിച്ചത്. ഇന്റീരിയര്‍ ഡിസൈനര്‍ ആയ സാഹിദാ പര്‍വേസ് ആണ് മുഖ്യ പ്രതി.

Latest