ഫുട്‌ബോളില്‍ മിസോറാം ചാമ്പ്യന്‍മാര്‍

    Posted on: February 10, 2015 12:30 am | Last updated: February 9, 2015 at 11:31 pm

    FOOTBALLകോഴിക്കോട്: തിരമാല പോലെ ആഞ്ഞടിച്ച മിസോറാമിന്റെ വേഗതക്ക് മുമ്പില്‍ പഞ്ചാബിന്റെ പോരാട്ട വീര്യവും നമിച്ചു. കാല്‍പന്ത് കളിയുടെ സകല സൗന്ദര്യം ആവാഹിച്ച മത്സരത്തില്‍ എകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബിനെ മറികടന്ന് മിസോറാം ദേശീയ ഗെയിസിന്റെ സ്വര്‍ണത്തില്‍ മുത്തമിട്ടു. കളിയുടെ 83-ാം മിനുട്ടില്‍ ഇമ്മാനുവല്‍ ലാല്‍ തായുലയാണ് സുവര്‍ണ ഗോള്‍ നേടിയത്. നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാര്‍ക്കെതിരെ അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞ ദേശീയ ഗെയിംസിനെപ്പോലെ ഇത്തവണയും വെള്ളികൊണ്ട് മടങ്ങാനായിരുന്നു പഞ്ചാബിന്റെ വിധി. കഴിഞ്ഞ തവണ പഞ്ചാബ് ബംഗാളിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ലൂസേഴ്‌സ് ഫൈനലില്‍ ഗോവയെ 3- 1ന് തകര്‍ത്ത മഹാരാഷ്ട്രക്കാണ് വെങ്കലം. ടൂര്‍ണമെന്റില്‍ ഏഴ് ഗോള്‍ സ്‌കോര്‍ ചെയ്ത മഹാരാഷ്ട്രയുടെ മലയാളി താരം ഇര്‍ശാദാണ് ടോപ്‌സ്‌കോറര്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ഇനി വടക്ക് കിഴക്കന്‍ മേഖലയിലാണെ നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് അരക്കെട്ടുറപ്പിക്കുന്നതായിരുന്നു മിസോറാമിന്റെ പ്രകടനം. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത്കൂടെ കുറുകിയ പാസും അതിവേഗ നീക്കങ്ങളുമായി ഗ്യാലറിയെ ഇളക്കിമറിച്ച മിസോറാമിന് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കവും. ആദ്യ പകുതിയില്‍ ഇരു ടീമും പ്രതിരോധത്തില്‍ ഊന്നിയ കളിയാണ് പുറത്തെടുത്തത്. കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. പന്തിന്റെ നിയന്ത്രണം കൈക്കലാക്കി പാസുമായി മുന്നേറാന്‍ മിസോ താരങ്ങള്‍ ശ്രമിച്ചപ്പോള്‍ ലോംഗ് റേഞ്ച് ഷോട്ടുകളിലൂടെ ഗോള്‍ മുഖത്ത് എത്താനായിരുന്നു പഞ്ചാബിന്റെ ശ്രമം. ആദ്യ പകുതിയില്‍ ഒമ്പതാം മിനുട്ടില്‍ മിസോ താരം ഡവാംഗ്ലിയാനുയുടെ ഗോള്‍ എന്ന ഉറച്ച ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പിന്നീട് ചില ഒറ്റപ്പെട്ട അവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചെങ്കിലും അവയെല്ലാം ബോക്‌സിന് സമീപം പ്രതിരോധത്തില്‍ ഒതുങ്ങി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. പഞ്ചാബ് താരങ്ങള്‍ കൂടി ഉണര്‍ന്നതോടെ പന്തുകള്‍ ഇരു ഗോള്‍ മുഖത്തും യഥേഷ്ടം കയറിയിറങ്ങി. 52-ാം മിനുട്ടില്‍ പന്തുമായി ബോക്‌സിലേക്ക് ഒറ്റക്ക് കുതിച്ചെത്തിയ പഞ്ചാബിന്റെ അജയ് സിംഗ് ഗോളി മാത്രം മുന്നിലിരിക്കെ പന്ത് ഗോളിയുടെ കൈകളിലേക്ക് തട്ടികൊടുത്തു. കളി പുരോഗമിക്കുന്തോറും മത്സരത്തിന്റെ വീറിനൊപ്പം പരുക്കന്‍ അടവുകളും ഇരു ടീമും പുറത്തെടുത്തു. 67-ാം മിനുട്ടില്‍ പരസ്പരം ഏറ്റ് മുട്ടിയതിന് സരബ്ജിത് സിംഗ്, മിസോറാമിന്റെ സോറാമ്തറ എന്നിവരെ റഫറി പുറത്താക്കി. തുടര്‍ന്ന് 71, 76 മിനുട്ടുകളില്‍ ഗോളിനുള്ള സുവര്‍ണാവസരം പഞ്ചാബിന് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കളിയുടെ 83-ാം മിനുട്ടിലാണ് മിസോറാമിന്റെ വിജയ ഗോള്‍ പിറന്നത്. പോസ്റ്റിന് സമീപത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഗോളിയുടെ കൈയില്‍ നിന്ന് തെറിച്ച പന്ത് ഇമ്മാനുവല്‍ ലാല്‍ തായുല വലയിലാക്കുകയായിരുന്നു. അവസാന നിമിഷം ഗോള്‍ മടക്കാന്‍ പഞ്ചാബിന്റെ ശ്രമങ്ങളെല്ലാം ബോക്‌സിനുള്ളില്‍ പ്രതിരോധകോട്ട തീര്‍ത്ത് മിസോ താരങ്ങള്‍ നിഷ്പ്രഭമാക്കുകയായിരുന്നു.