Connect with us

International

അരനൂറ്റാണ്ട് മുമ്പ് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published

|

Last Updated

സാന്റിയാഗോ: അമ്പത് വര്‍ഷം മുമ്പ് ചിലിയുടെ സോക്കര്‍ കളിക്കാരുമായി യാത്രചെയ്യവേ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ചിലിയിലെ മലകയറ്റക്കാര്‍ പറഞ്ഞു. 1961 ഏപ്രില്‍ മൂന്നിന് കാണാതായ വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ചിലിയുടെ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. ദക്ഷിണ സാന്റിയാഗോയില്‍നിന്നും 300 കി മീ അകലെ മൗളിലാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് മലകയറ്റക്കാര്‍ പറഞ്ഞു. വിമാനത്തിന്റെ ഉടല്‍ ഭാഗത്തിന്റെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് മലമുകളിലുള്ളതെന്നും മനുഷ്യന്റെ അസ്ഥികളടക്കം നിരവധി സാധനങ്ങള്‍ ഇവിടെ ചിതറിക്കിടക്കുന്നതായും ഇവര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 34 പേരും മരിച്ചതായാണ് കണക്കാക്കുന്നത്. ഗ്രീന്‍ ക്രോസ് ഫുട്‌ബോള്‍ സംഘത്തിലെ എട്ട്‌പേര്‍, ടീം കോച്ച് അര്‍നാള്‍ഡോ വാസ്‌ക്വസ്, മറ്റ് ടീം ജീവനക്കാരും സുഹൃത്തുക്കളുമാണ് വിമാനത്തിലുണ്ടായിരുന്നത്. മലമുകളില്‍ വിമാന അവശിഷ്ടങ്ങള്‍ എവിടെയാണെന്ന് കൃത്യമായി പറയാന്‍ മലകയറ്റക്കാര്‍ മാധ്യമങ്ങളോട് തയ്യാറായില്ല.

Latest