Connect with us

International

കൊബാനെയിലെ ഗ്രാമങ്ങള്‍ കുര്‍ദുകള്‍ തിരിച്ചുപിടിച്ചു

Published

|

Last Updated

കൊബാനെ: മിതവാദികളായ സിറിയന്‍ വിമതരുടെ പിന്തുണയോടെ കുര്‍ദ് സേന ഇസില്‍ തീവ്രവാദികളില്‍ നിന്ന് കൊബാനെയിലെ 120ലധികം ഗ്രാമങ്ങള്‍ തിരിച്ചു പിടിച്ചു. തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള താല്‍-അബിയദ്, ജാര്‍ബ്‌ലാസ് പ്രദേശങ്ങളുടെ നിയന്ത്രണവും കുര്‍ദ് സേന ഏറ്റെടുത്തു. കൊബാനെക്കകത്തു നിന്ന് 350 ല്‍ ഏറെ ഇസില്‍ തീവ്രവാദികളുടെ മൃതശരീരവും കുര്‍ദ് സൈനികര്‍ കണ്ടെടുത്തു.
പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് എന്നറിയപ്പെടുന്ന സിറിയന്‍ കുര്‍ദ് സേന സ്വതന്ത്ര സിറിയന്‍ ആര്‍മിയുടെയും ഇറാഖി പെഷ്മര്‍ഗ സേനയുടെയും പിന്തുണയോടെയാണ് തന്ത്രപ്രധാനമായ കൊബാനെ നഗരം തിരിച്ചുപിടിച്ചത്. സിറിയന്‍ വിമതരുടെ പിന്തുണയോടെ നാല് മാസത്തോളമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം മേഖലയില്‍ ശക്തമായ ആക്രമണം നടത്തി വരികയായിരുന്നു.
സമീപ കാലത്ത് കൊബാനെക്കു ചുറ്റുമുള്ള ഇസില്‍ നിയന്ത്രിത പ്രദേശങ്ങളില്‍ സഖ്യം ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇസിലിന്റെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടത്തിയ ആയിരക്കണക്കിന് വ്യോമാക്രമണങ്ങളിലൂടെയാണ് കൊബാനെയുടെ നിയന്ത്രണം സഖ്യം തിരിച്ചു പിടിച്ചത്.
ഇസില്‍ ഇറാഖിലും സിറിയയിലുമായി രണ്ട് വലിയ പ്രദേശങ്ങള്‍ കീഴടക്കിയതിനു ശേഷം നിരവധി തവണ സിറിയന്‍, ഇറാഖി സേനകളടക്കമുള്ള വ്യത്യസ്ത സഖ്യങ്ങളോട് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.

Latest