Connect with us

Articles

പക്ഷേ, ആണവ അത്യാഹിതം ആലങ്കാരിക ഭാഷയിലായിരിക്കില്ല

Published

|

Last Updated

ചോദ്യം 11: ആണവ അപകടമുണ്ടായാല്‍ സി എന്‍ എല്‍ ഡി നിയമത്തിന് (ആണവ അപകടമുണ്ടായാലുള്ള നഷ്ടപരിഹാര ബാധ്യത നിര്‍വചിക്കുന്ന നിയമം) പുറത്തുള്ള നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ 46-ാം വകുപ്പ് അനുവദിക്കുന്നുണ്ടോ?
ഉത്തരം: 46-ാം വകുപ്പിന്റെ വിശാല സാധ്യതകളെക്കുറിച്ചുള്ള ആശങ്ക, സ്വദേശ – വിദേശ വിതരണക്കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. സി എന്‍ എല്‍ ഡി നിയമത്തിലെ 46-ാം വ്യവസ്ഥ നല്‍കുന്നത് ഇതാണ് – “”ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ന് നിലനില്‍ക്കുന്ന ഒരു നിയമത്തെയും റദ്ദുചെയ്യുന്നതാവില്ലെന്ന് മാത്രമല്ല, അത്തരം എല്ലാ നിയമങ്ങള്‍ക്കും പുറത്തായിരിക്കുകയും ചെയ്യും. നിലനില്‍ക്കുന്ന നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് ആണവ സാമഗ്രികളുടെ ദാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്ന സാഹചര്യങ്ങളൊന്നും തന്നെ പുതിയ നിയമത്തോടെ ഇല്ലാതാകുന്നില്ല.”” ടെലികോം റെഗുലേറ്ററി അതോറിറ്റി നിയമം, വൈദ്യുതി നിയമം, സെക്യൂരിറ്റീസ് ആന്‍ഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിയമം, ഇന്‍ഷുറന്‍സ് കമ്മീഷന്‍ നിയമം എന്നിവയിലെല്ലാം ഉപയോഗിച്ച ഭാഷക്ക് സമാനമായതാണ് സി എന്‍ എല്‍ ഡി നിയമ (2010) ത്തിന്റെ 46-ാം വകുപ്പിലുള്ളത്. നിര്‍ദിഷ്ട നിയമങ്ങള്‍ അതിന് നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് അടിവരയിടാന്‍ മാത്രം പതിവായി ചേര്‍ക്കുന്നതാണ് ഈ ഭാഷ.
അമേരിക്കയുമായുണ്ടാക്കിയ സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള ഭരണപരമായ കാര്യങ്ങളില്‍ ധാരണയായെന്ന്, യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് ശേഷം പ്രഖ്യാപനമുണ്ടായതോടെ പൊതുവില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന ആമുഖത്തോടെ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതില്‍ നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍. ഇന്ത്യന്‍ യൂനിയന്റെ പാര്‍ലിമെന്റ് പാസാക്കിയ ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകളെ മറികടന്ന്, വിദേശ കമ്പനികള്‍ക്ക്, വിശിഷ്യാ അമേരിക്കന്‍ കമ്പനികള്‍ക്ക്, ഇളവ് നല്‍കാമെന്ന ഉറപ്പിലാണ് കരാര്‍ പ്രാബല്യത്തിലാക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യത, പൂര്‍ണമായും ഇന്ത്യ ഏറ്റെടുക്കുന്നുവെന്നും അതിനായി പൊതുമേഖലാ കമ്പനികളുള്‍പ്പെട്ട ഇന്‍ഷ്വറന്‍സ് നിധിയുണ്ടാക്കുമെന്നും ഒബാമയുടെ സന്ദര്‍ശനത്തിനിടെ വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇന്ത്യയുടെ ആണവ ബാധ്യതാ നിയമത്തിലെ മറ്റ് വ്യവസ്ഥകളെ, ഏത് വിധത്തിലാണ് അമേരിക്കക്ക് സ്വീകാര്യമാക്കിയത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ കുറിപ്പില്‍ നിന്ന് മനസ്സിലാക്കേണ്ടത്. അതില്‍ രാജ്യ താത്പര്യം എത്രത്തോളം സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നും.
ഇന്ത്യ പാസാക്കിയ ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകള്‍ ആണവ അപകടമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം പരാമര്‍ശിക്കുന്ന അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകളുമായി യോജിച്ച് പോകുന്നതാണെന്ന് സ്ഥാപിക്കാനാണ് വിദേശകാര്യ മന്ത്രാലയം യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത്. അത് അമേരിക്കയെ ബോധ്യപ്പെടുത്താനായെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആണവകരാര്‍ പ്രാബല്യത്തിലാക്കാന്‍ അവര്‍ സമ്മതിച്ചുവെന്നും. ആണവ അപകടമുണ്ടായാല്‍ അതിന് ഇരയാകുന്നവര്‍ക്കും അപകടമുണ്ടായ ആണവ സംവിധാനത്തിന്റെ നടത്തിപ്പുകാര്‍ക്കും (ഇന്ത്യയില്‍ അത് ആണവോര്‍ജ കോര്‍പ്പറേഷനാണ്) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികള്‍ ആരംഭിക്കാമെന്നും ഇന്ത്യയുടെ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ മറികടക്കുന്ന വിധം ഇങ്ങനെയാണ് – അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിനായി വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് മാത്രമേ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തില്‍ പറയുന്നുള്ളൂ. കോടതിയെ സമീപിക്കണമെന്നത് നിര്‍ബന്ധമല്ല. ആണവ സാമഗ്രികളുടെ വിതരണക്കാരായ കമ്പനിയും നടത്തിപ്പ് ഏജന്‍സിയും തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍, കോടതിയെ സമീപിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നത് രേഖപ്പെടുത്തിയാല്‍ മതിയാകും. ആണവ സാമഗ്രികളുടെ വിതരണവും അതിന്റെ പ്രയോഗവും കരാറിന്റെ ബലത്തിലാണ് നടക്കുക. അതുകൊണ്ട് കരാറിലില്ലെങ്കില്‍ നടത്തിപ്പ് ഏജന്‍സിക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കില്ല. കരാറാകട്ടെ, പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കുകയും ചെയ്യും.
അമേരിക്കന്‍ കമ്പനികളുമായി ആണവോര്‍ജ കോര്‍പ്പറേഷന്‍ ഉണ്ടാക്കുന്ന കരാറില്‍, അപകടമുണ്ടായാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ നടത്തിപ്പ് ഏജന്‍സിക്കോ ഇരകളാകുന്നവര്‍ക്കോ അവകാശമുണ്ടാകില്ലെന്ന് രേഖപ്പെടുത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം മധുര സുന്ദരമായ നയതന്ത്ര ഭാഷയില്‍ പറഞ്ഞുവെക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുക എന്ന് നിയമപ്രകാരം നിര്‍ബന്ധമല്ല. അതുകൊണ്ട് കോടതിയെ സമീപിക്കില്ല എന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തുന്നത് നിയമ വ്യവസ്ഥയുടെ ലംഘനമാകില്ല തന്നെ. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ നിയമം ആവിഷ്‌കരിച്ചപ്പോള്‍ ഒളിപ്പിച്ചുവെച്ച പഴുത് സമര്‍ഥമായി ഉപയോഗിക്കുന്നൂ, നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ചുരുക്കം.
അപകടമുണ്ടായാല്‍ പരമാവധി നല്‍കേണ്ട നഷ്ടപരിഹാരം 2160 കോടി രൂപയാണ്. അതില്‍ തന്നെ ഇന്‍ഷ്വറന്‍സ് നിധിയായി നിര്‍ദേശിക്കുന്നത് 1,500 കോടി. നിധിയിലേക്ക് പൊതുമേഖലാ കമ്പനികളാകെ ചേര്‍ന്ന് കരുതേണ്ടത് 750 കോടി. ബാക്കി 750 കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 1500 കോടിയിലേറെ രൂപ നഷ്ടപരിഹാരമായി നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബാക്കി തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇത്രയൊക്കെയാണെങ്കിലും അതൊന്നും നികുതിദായകരുടെ പോക്കറ്റില്‍ നിന്ന് നല്‍കേണ്ടതില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന തുക ആര്‍ എസ് എസ്സിന്റെയോ ബി ജെ പിയുടെയോ മോദി മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി വരെയുള്ളവരുടെ ആസ്തിവകകള്‍ വിറ്റ് സമാഹരിച്ചാല്‍പ്പോലും അത് ഇന്ത്യന്‍ യൂനിയനിലെ അംഗങ്ങളുടെ പണമായിരിക്കും. ഇന്‍ഷ്വറന്‍സ് നിധിയുണ്ടാക്കുന്നതിന് നടത്തിപ്പ് ഏജന്‍സിയായ ആണവോര്‍ജ കോര്‍പ്പറേഷന്‍ വര്‍ഷം തോറും പ്രീമിയം അടയ്ക്കണം. ആ തുകയും പൊതുജനത്തിന്റെ ബാധ്യതയാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചുണ്ടാക്കുന്ന വൈദ്യുതി വില്‍ക്കുമ്പോള്‍ പ്രീമിയത്തിന് ചെലവാകുന്ന തുക കൂടി ഈടാക്കുകയാകും ആണവോര്‍ജ കോര്‍പ്പറേഷന്‍ ചെയ്യുക. ജനമറിയാതെ, അവരുടെ പോക്കറ്റില്‍ നിന്ന് ഈ തുക ചോര്‍ത്തിയെടുക്കുമെന്ന് ചുരുക്കം.
ഇനി ആദ്യമുദ്ധരിച്ച ചോദ്യോത്തരത്തിലേക്ക് വരാം. അപകടമുണ്ടായാല്‍, അത് വ്യവഹരിക്കുന്ന പല നിയമങ്ങളും രാജ്യത്ത് നിലവിലുണ്ട്. അത്തരം നിയമങ്ങളുടെ പരിധിയില്‍ ആണവ അപകടം വരുമെന്നും അവയുടെ വ്യവസ്ഥകള്‍ അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ ഉപയോഗിക്കുന്നതിന് ആണബ ബാധ്യതാ നിയമം തടസ്സമല്ലെന്നുമാണ് 46-ാം വകുപ്പ് പറയുന്നത്. എന്നാല്‍ ഇതൊരു ആലങ്കാരിക പ്രയോഗം മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. നിയമത്തില്‍ അങ്ങനെ പല ഭാഷകളുംപ്രയോഗിക്കും. അതൊന്നും നടപ്പാക്കേണ്ടതല്ലെന്നാണ് നരേന്ദ്ര മോദി ഭരണകൂടം പറഞ്ഞുവെക്കുന്നത്. പാര്‍ലിമെന്റ് പാസാക്കിയ നിയമവ്യവസ്ഥകളില്‍ പലതും ആലങ്കാരിക ഭാഷാ പ്രയോഗങ്ങള്‍ മാത്രമാണെന്നും പാലിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്നും നിയമം നടപ്പാക്കാന്‍ ഭരണഘടനാപരമായി ബാധ്യതപ്പെട്ട ഒരു ഭരണകൂടം ജനങ്ങളോട് പറയുന്നത് ആദ്യമായിട്ടായിരിക്കും. വംശഹത്യ മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ വരെ പ്രതിസ്ഥാനത്തു നിന്ന കേസുകളിലൊക്കെ നിയമ വ്യവസ്ഥയെ അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാനും സര്‍ക്കാറിന്റെ കേസ് രേഖകള്‍ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് അയച്ച് പ്രതികളെ രക്ഷിക്കാനുള്ള ന്യായങ്ങള്‍ കണ്ടെത്താന്‍ വഴിയുണ്ടാക്കാനും മടിയില്ലാത്തവര്‍ ഭരിക്കുമ്പോള്‍ ഇതല്ല, ഇതിലപ്പുറവും പ്രതീക്ഷിക്കണം. അത്തരം തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ മടിയുണ്ടാവില്ല എന്നത് ഏകാധിപത്യത്തിന്റെ പ്രകടനം കൂടിയാണ്.
ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ ഭാഷാ നൈപുണ്യം മാലോകരെ അറിയിക്കാന്‍ മാത്രമുദ്ദേശിച്ചുള്ളതാണെന്ന് വോട്ടര്‍മാരായ ജനങ്ങളോട് മാത്രമല്ല, അമേരിക്കയോടും അതുവഴി മറ്റ് രാഷ്ട്രങ്ങളോടുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പറയുന്നത്. പാര്‍ലിമെന്റ്, അത് പാസാക്കുന്ന നിയമങ്ങള്‍ വ്യാഖ്യാനിച്ച് നീതി നടപ്പാക്കുന്ന നീതിന്യായവ്യവസ്ഥ, അത്തരം സംവിധാനങ്ങളുടെയാകെ കാവല്‍ക്കാരായ ജനങ്ങള്‍ ഇവയൊക്കെ ഇവിടെ പരിഹസിക്കപ്പെടുകയാണ്. ഏത് നിയമവും സ്വന്തം ഇഷ്ടത്തിനനുസരിച്ച് വായിച്ച് നടപ്പാക്കാന്‍ സാധിക്കുന്ന ഭരണകൂടത്തെ, നിലനില്‍ക്കുന്ന നിയമത്തിലെ വ്യവസ്ഥകളെ ലംഘിക്കാന്‍ മടികാട്ടാത്ത ഭരണകൂടത്തെ, ആ ലംഘനത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ മറ്റ് നിയമങ്ങളുടെ വ്യവസ്ഥകളൊക്കെ അലങ്കാരത്തിനുള്ളവ മാത്രമാണെന്ന് പറയുന്ന ഭരണകൂടത്തെ നിസ്സംഗമായി ചുമക്കുന്ന 130 കോടിയാണ് ഇവിടെയുള്ളത് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് നരേന്ദ്ര മോദിയും സംഘവും. ഇത്തരം പ്രവര്‍ത്തനങ്ങളെയാണോ “ഒറ്റ്” എന്ന് വിശേഷിപ്പിക്കുന്നത്? ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെയാണോ ഒറ്റുകാര്‍ എന്ന് വിളിക്കുന്നത്? ക്ഷമിക്കുക, ഇവിടെ ഇവരാണ് യഥാര്‍ഥ “രാജ്യ സ്‌നേഹി”കള്‍. അല്ലെങ്കില്‍ അവര്‍ മാത്രമാണ് “രാജ്യ സ്‌നേഹി”കള്‍.
ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പും സന്ദര്‍ശനക്കാലത്തും നടന്ന “പര്‍ദക്ക് പിറകില്‍ ഇരുന്നോട്ടെ”, എന്ന് നരേന്ദ്ര മോദി തന്നെ ജനങ്ങളോട് പറഞ്ഞ സംഭാഷണങ്ങളില്‍ നടന്നത് എന്തൊക്കെ എന്ന് പതുക്കെപ്പതുക്കെ പുറത്തുവരികയാണ്. അമേരിക്കയുടെ കമ്പനികള്‍ക്ക് ബാധ്യതയൊഴിവാക്കി നല്‍കി, റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതോത്പാദനം വര്‍ധിക്കുമെന്നും അതുവഴി വ്യാവസായിക – കാര്‍ഷിക മേഖലകളുടെ വികസനത്തിന് വഴിയൊരുങ്ങുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിയാക്ടറുകളുടെ വില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നും അതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും ലാഭകേന്ദ്രീകൃതമായ ഉത്പാദനത്തിന് ഈ വൈദ്യുതിയെ ആശ്രയിക്കാനാകില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതിനിടെ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് റിയാക്ടറുകള്‍ വാങ്ങുന്നത്, അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ പ്രയോജനപ്പെടൂ. എന്നിട്ടും അതിനായി പാര്‍ലിമെന്റിനെയും നിയമങ്ങളെയും നീതിന്യായ വ്യവസ്ഥയെയുമൊക്കെ അവഹേളിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നുവെങ്കില്‍ അടിമത്തം അംഗീകരിക്കുന്നുവെന്ന് തന്നെയാണ് അതിന്റെ അര്‍ഥം. 56 ഇഞ്ച് നെഞ്ചുവലിപ്പം, സ്വന്തം പേര് ആയിരം വട്ടമെഴുതിയ കോട്ട്, ബരാകും ഞാനുമെന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം ഇവയൊക്കെ ചില കണ്‍കെട്ടുകള്‍ മാത്രം. ഹൈപ്പ് നിലനിര്‍ത്താന്‍ ഏകാധിപതികള്‍ എക്കാലവും സ്വീകരിച്ച കണ്‍കെട്ടുകള്‍.
ആയതിനാല്‍ റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാം. പശ്ചിമ ബംഗാളിലെ ഹരിപ്പൂരിലും ഗുജറാത്തിലെ ഭാഗ്‌നഗറിലും മഹാരാഷ്ട്രയിലെ ജയ്താപൂരിലുമൊക്കെ നേരത്തെ ഉയര്‍ന്ന, ഇനിയും ഉയരാനിടയുള്ള പ്രതിഷേധങ്ങളെ മാവോയിസ്റ്റ് പ്രേരിതമെന്നോ മാവോയിസ്റ്റുകളുടെ നേരിട്ടുള്ള പ്രവര്‍ത്തനമെന്നോ വിദേശസഹായം സ്വീകരിച്ച് ഊര്‍ജ സ്വയംപര്യാപ്തത ആര്‍ജിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിശേഷിപ്പിക്കുന്ന രേഖകള്‍ തയ്യാറാക്കിത്തുടങ്ങാം. ഇത്തരം രേഖകളിലെ ഭാഷ ഒരിക്കലും ആലങ്കാരികമല്ലല്ലോ!!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്