Connect with us

Editorial

കള്ളപ്പണത്തിന്റെ പുതിയ കണക്കുകള്‍

Published

|

Last Updated

വിദേശ ബേങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവന്നിരിക്കുകയാണ്. ജനീവയിലെ എച്ച് എസ് ബി സി ബേങ്കില്‍ പണമിടപാടുള്ള 1195 പേരുടെ വിവരങ്ങളാണ് വെളിച്ചത്ത് വന്നത്. ഇവരില്‍ മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് ചന്ദ് ബര്‍മന്‍, രാജന്‍ നന്ദ, യശോവര്‍ധന്‍ ബിര്‍ള, ചന്ദ്രു ലക്ഷ്മണ്‍ രഹേജ, ദത്താരാജ് സാല്‍ഗോക്കര്‍ തുടങ്ങി രാജ്യത്തെ കോര്‍പറേറ്റ് ഭീമന്മാരും രാഷ്ട്രീയ പ്രമുഖരുമുണ്ട്. യു പി എ മന്ത്രിയായിരുന്ന പ്രണീത് കൗര്‍, മുന്‍ കോണ്‍ഗ്രസ് എം പി അനുടെണ്ടന്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നിലേഷ് റാണെ, പരേതനായ കോണ്‍ഗ്രസ് മന്ത്രി വസന്ത് സാഠേ, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ തുടങ്ങിയവരാണ് ലിസ്റ്റിലുള്ള രാഷ്ട്രീയ പ്രമുഖര്‍.
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 782 ഇന്ത്യക്കാരുടെ പേരുകള്‍ 2011-ല്‍ ഫ്രഞ്ച് അധികൃതര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. നികുതി വെട്ടിപ്പിലൂടെ രാജ്യത്ത വഞ്ചിക്കുന്ന ഇവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ടപ്പോള്‍ പേരുകള്‍ പുറത്തു വിടരുതെന്ന നിബന്ധനയോടെയാണ് 627 പേരുകള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക സീല്‍ചെയ്ത കവറില്‍ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചത്. ഇവരുടേതടക്കമുള്ള പേരുകളാണ്, യു എസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കണ്‍സോര്‍ഷ്യം, പാരീസിലെ മോണ്ടെ ഡെയ്‌ലി എന്നിവയുമായി ചേര്‍ന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയത്. ഇതു തന്നെയും അപൂര്‍ണമാണ്. രാജ്യത്തിനകത്തുള്ളവരും പ്രവാസികളുമായ ഇന്ത്യന്‍ സമ്പന്നര്‍ക്ക് 70 രാജ്യങ്ങളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപമുണ്ടെന്നാണ് ഇതിനിടെ പുറത്തു വന്ന വിവരം. ഇതടിസ്ഥാനത്തില്‍ ഇനിയും നിരവധി പേരുകള്‍ പുറത്തുവരേണ്ടതുണ്ട്.
നികുതി വെട്ടിപ്പിനായി ഇന്ത്യയിലെ എത്ര സമ്പന്നര്‍ വിദേശ ബേങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നോ, ഇന്ത്യക്കാരുടെ കള്ളപ്പണം എത്രയുണ്ടെന്നോ സര്‍ക്കാറിനോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തമായ വിവരമില്ല; അല്ലെങ്കില്‍ വിവരക്കേട് നടിക്കുന്നു. രാജ്യത്തെ മിക്ക രാഷ്ടീയ കക്ഷികളുടെയും മുഖ്യ വരുമാന സ്രോതസ്സ് കള്ളപ്പണക്കാരായതു കൊണ്ടാകണം, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത്. സുപ്രീംകോടതിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിച്ചതുള്‍പ്പെടെ ചില നടപടികള്‍ക്ക് സര്‍ക്കാര്‍ ഇതിനിടെ നിര്‍ബന്ധിതമായത്. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ കള്ളപ്പണക്കാരുടെ വിദേശ നിക്ഷേപം 1.4 ലക്ഷം കോടി വരും. 50000 കോടി യു എസ് ഡോളറാണെന്നാണ് 2012ല്‍ സി ബി ഐയുടെ കണ്ടെത്തല്‍. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനത്തിലേറെ വരുമിത്. കള്ളപ്പണം തിരികെ കൊണ്ടുവന്നാല്‍ ഓരോ പൗരനും 15 ലക്ഷം രൂപവീതം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ നരേന്ദ്രമോഡി ചൂണ്ടിക്കാട്ടിയിരുന്നു.
നികുതിയില്‍ നിന്ന് രക്ഷപ്പെടാനാണ് സമ്പന്നര്‍ പണം ഇന്ത്യക്ക് പുറത്തു നിക്ഷേപിക്കുന്നത്. ഇത് കടുത്ത രാജ്യദ്രോഹക്കുറ്റമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അഴിമതിയില്‍ കൂടി ലഭിക്കുന്ന പണമാണ് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വിദേശങ്ങളില്‍ നിക്ഷേപിക്കുന്ന പണത്തില്‍ സിംഹഭാഗവും. രാഷ്ട്രപുരോഗതിക്ക് ഉപകരിക്കേണ്ട ശതകോടിക്കണക്കിന് രൂപയാണ് ഇതുമൂലം മരവിച്ചുകിടക്കുന്നത്. ഇവ ഇന്ത്യന്‍ ബേങ്കുകളില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും, കാര്‍ഷിക, വ്യാവസായിക മേഖലകളുടെ വികസനത്തിനും മറ്റും സഹായകമാകുമായിരുന്നു.
ഒരു സമാന്തര സാമ്പത്തിക മേഖല സൃഷ്ടിക്കുന്ന കള്ളപ്പണം രാജ്യത്തെ സമ്പദ് ഘടനക്ക് വന്‍ഭീഷണിയായതിനാല്‍ അത് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടുന്നതില്‍ വിമുഖത കാണിച്ച യു പി എ സര്‍ക്കാറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും തങ്ങള്‍ അധികാരത്തിലെത്തിലേറിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വീരവാദ മുഴക്കുകയും ചെയ്ത അരുണ്‍ ജയ്റ്റ്‌ലി ഇപ്പോള്‍ കരണംമറിയുകയാണ്. കഴിഞ്ഞ ദിവസം കൂടുതല്‍ കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തു വന്നപ്പോള്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആര്‍ജവം കാണിക്കുന്നതിന് പകരം, ഇവരുടെ നിക്ഷേപങ്ങള്‍ കള്ളപ്പണമാണെന്ന് തെളിവ് കിട്ടിയാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകുകയുള്ളുവെന്നു പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. അംബാനി സഹോദരന്മാരുടെതുള്‍പ്പെടെയുള്ള ബി ജെ പി സഹകാരികളുടെ പേരുകള്‍ കൂടി പുറത്തു വന്നിരിക്കെ മോദി സര്‍ക്കാറിന്റ കരണംമറിച്ചില്‍ മനസ്സിലാക്കാകുന്നതേയുള്ളു. പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. നിയമപീഠത്തില്‍ മാത്രമാണ് ഇനി ജനങ്ങള്‍ക്ക് പ്രതീക്ഷ.

Latest