Connect with us

Kerala

സാജു ജോര്‍ജിനെ സെക്രട്ടറിയാക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ മടക്കി

Published

|

Last Updated

തിരുവനന്തപുരം: പരീക്ഷാ കണ്‍ട്രോളറും സീനിയര്‍ അഡീഷനല്‍ സെക്രട്ടറിയുമായ സാജു ജോര്‍ജിനെ പി എസ് സി സെക്രട്ടറിയാക്കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ മടക്കി. രേഖകളില്‍ വ്യക്തതയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ വിശദീകരണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫയല്‍ തിരിച്ചയച്ചത്. സര്‍ക്കാറിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സാജു ജോര്‍ജിനെ താത്കാലിക സെക്രട്ടറിയെങ്കിലും ആക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് പി എസ് സി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം നടന്നു. ഗവര്‍ണറുടെ അംഗീകാരമില്ലാതെ ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്ന് ചെയര്‍മാനും താത്കാലിക സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം അംഗങ്ങളും നിലപാടെടുത്തു.

സാജു ജോര്‍ജിന്റെ നിയമനത്തിനെതിരെ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. പി എസ് സി ഓഫീസ് അയച്ച നിയമനരേഖകളെല്ലാം പരിശോധിച്ച ശേഷമാണ് ഗവര്‍ണറുടെ ഓഫീസ് ഫയല്‍ മടക്കിയത്. സാജു ജോര്‍ജിന്റെ നിയമനകാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും ഫയല്‍ അതേപടി ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്താല്‍ അത് കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കും.
സെക്രട്ടറി നിയമനകാര്യത്തില്‍ ഗവര്‍ണറുടെ തീര്‍പ്പുണ്ടാകുന്നതിന് മുമ്പാണ് പി എസ് സി യോഗം ചേര്‍ന്നത്. നിയമനം സംബന്ധിച്ച് ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനും പി എസ് സി അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുയര്‍ന്നതോടെ അജന്‍ഡകള്‍ പരിഗണിക്കാതെ യോഗം നേരത്തെ പിരിയേണ്ടി വന്നു. സാജു ജോര്‍ജിന് സെക്രട്ടറിയുടെ താത്കാലിക ചുമതലയെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു അംഗങ്ങള്‍ ബഹളംവെച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും സീനിയറായ സാജു ജോര്‍ജിന് ഉടന്‍ നിയമനം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ മൂന്ന് അംഗങ്ങള്‍ മൗനം പാലിച്ചു. ജൂനിയറായ അഡീഷനല്‍ സെക്രട്ടറി കെ എം വിശ്വനാഥന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയത് ശരിയായില്ലെന്നും അംഗങ്ങള്‍ നിലപാടെടുത്തു. എന്നാല്‍, ഗവര്‍ണറുടെ ഉത്തരവ് വരുന്നതുവരെ സാജു ജോര്‍ജിനെ സെക്രട്ടറിയുടെ താത്കാലിക ചുമതല പോലും നല്‍കാനാകില്ലെന്നായിരുന്നു ചെയര്‍മാന്റെ നിലപാട്.
സെക്രട്ടറിയുടെ താത്കാലിക ചുമതല സീനിയറായ ഉദ്യോഗസ്ഥന് നല്‍കണമെന്ന് ചട്ടങ്ങളോ നിയമങ്ങളോ നിലവിലില്ല. ഇക്കാര്യം ചെയര്‍മാന്റെ വിവേചനാധികാരത്തിലുള്ളതാണ്. തന്നെ പി എസ് സി സെക്രട്ടറിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് സാജു ജോര്‍ജ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Latest