ആളില്ലാ പേടക മത്സരം: ഫ്‌ളൈയെബിലിറ്റിക്ക് ഒന്നാം സ്ഥാനം

Posted on: February 9, 2015 6:56 pm | Last updated: February 9, 2015 at 6:56 pm

The Drones for Good Award winning team Flyabilityദുബൈ: ആളില്ലാ പേടകങ്ങളുടെ നിര്‍മാണ മത്സരത്തില്‍ രാജ്യാന്തര വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലന്റിലെ ഫ്‌ളൈയെബിലിറ്റി ഒന്നാം സമ്മാനം നേടി. പത്തു ലക്ഷം ഡോളറാണ് സമ്മാനത്തുക. മനുഷ്യന്‍ അപകടങ്ങളില്‍പെടുമ്പോള്‍ രക്ഷിക്കാനുതകുന്ന ജിംബാള്‍ എന്ന പേടകമാണ് ഫ്‌ളൈയെബിലിറ്റി വികസിപ്പിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫ്‌ളൈയെബിലിറ്റിയുടെ ഗവേഷണ പരീക്ഷണങ്ങള്‍ക്ക് സമ്മാനത്തുക സഹായകമാകുമെന്ന് ടീം ലീഡര്‍ പാടിക് തിവോസ് പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് ആളില്ലാ പേടകങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാക്കുമെന്നും പാടിക് പറഞ്ഞു.
യു എ ഇ വിഭാഗത്തില്‍ ‘ദി വാദി ഡ്രോണ്‍’ ഒന്നാം സമ്മാനം നേടി. മാറ്റ് കറാഉ, മാര്‍ട്ടിന്‍ സ്ലോസാറിക്, സമി, അലി എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. വാദിവുറായ നാഷനല്‍ പാര്‍ക് നിരീക്ഷിക്കാനും വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിക്കാനും കഴിവുള്ള ആളില്ലാപേടകമാണിത്. ഇതിന്റെ നിര്‍മാതാക്കള്‍ക്ക് പത്തുലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു. 2.2 കിലോ ഭാരമാണ് വാദിക്കുള്ളത്. 12- ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 212 ചതുരശ്ര കിലോമീറ്ററിലെ പാര്‍ക്കില്‍ ഇത് ഇടക്കിടെ നിരീക്ഷണം നടത്തും. ഗവണ്‍മെന്റ് വിഭാഗത്തില്‍ ഇത്തിസലാത്ത് പേടകത്തിനാണ് ഒന്നാം സ്ഥാനം. സിഗ്‌നല്‍ തീരെ കുറവായ മരുഭൂമിയിലും ഉള്‍പ്രദേശങ്ങളിലും ഇവ സഹായത്തിനെത്തും. 57 രാജ്യങ്ങളില്‍ നിന്ന് 800 പേടകങ്ങളാണ് മത്സരത്തിനെത്തിയത്.