Connect with us

Gulf

പിറകില്‍ നിന്നു ഇടി; വാഹനാപകടങ്ങളില്‍ മരിച്ചത് 22 പേര്‍

Published

|

Last Updated

അബുദാബി: തൊട്ടുമുമ്പില്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 227 വാഹനാപകടങ്ങളാണ് സംഭവിച്ചത്. ഇവയില്‍ 16 പേര്‍ക്ക് മാരകമായി പരുക്കേറ്റിട്ടുണ്ട്. മൊത്തം വാഹനാപകടങ്ങളുടെ 12 ശതമാനം വരുമിതെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. മുമ്പില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നു മതിയായ അകലം പിന്നില്‍ പോകുന്നവ പാലിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. പലപ്പോഴും പിന്തുടരുന്ന വാഹനം ഓടിക്കുന്നവര്‍ കടുത്ത ശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാക്കാറുണ്ട്. ഇതും അപകടങ്ങളും മരണങ്ങളും സംഭവിക്കാന്‍ കാരണമാവാറുണ്ട്.
മതിയായ അകലം പാലിക്കാന്‍ ശ്രമിക്കാത്ത വാഹനങ്ങള്‍ക്കെതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി നഗരപ്രാന്തത്തിനായുള്ള ഗതാഗത വിഭാഗം ഡയറക്ടറേറ്റ് ചീഫ് കേണല്‍ മുഹമ്മദ് സെയ്ഫ് അല്‍ മസ്‌റൂഇ മുന്നറിയിപ്പ് നല്‍കി. മുമ്പിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്ന അവസരത്തില്‍ വാഹനം പിന്നിലിടിക്കാതെ ശ്രദ്ധിക്കുക ഏറെ ശ്രമകരമായ ജോലിയാണ്. ഇത്തരം നിയമലംഘനങ്ങള്‍ ചെയ്യുന്നതിലൂടെ പലപ്പോഴും അപകടങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നതിലുമാണ് എത്തിച്ചേരാറ്.
വ്യക്തികള്‍ ഇത്തരം നിലപാടുകളില്‍ നിന്നു വിട്ടുനിന്നില്ലെങ്കില്‍ വാഹനാപകടങ്ങളും മരണങ്ങളും കുറയില്ല. മതിയായ അകലം പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരായി പോലീസ് കര്‍ശന നടപടി സ്വീകരിച്ചു വരുന്നുണ്ട്. വിവിധ റോഡുകളില്‍ ഇത്തരം നിയമലംഘനം തടയാന്‍ പോലീസ് പ്‌ട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് ഡിസ്റ്റന്‍സ് ട്രാഫിക് റൂള്‍സ് പാലിക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയന്റുമാണ് ചുമത്തുന്നത്. കഴിഞ്ഞ വര്‍ഷം 13,976 പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ചുമത്തിയത്. വാഹനം ഓടിക്കുമ്പോള്‍ യുവാക്കള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.