Connect with us

Gulf

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം; ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവത്കരണ പരിപാടി

Published

|

Last Updated

അബുദാബി: സുരക്ഷിതമായ ആഗോള ഇന്റര്‍നെറ്റ് ഉപയോഗ ദിനത്തിന്റെ ഭാഗമായി യു എ ഇ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടികള്‍ നാളെ ആരംഭിക്കും. ഈ മാസം 14ന് അവസാനിക്കുന്ന പരിപാടികളില്‍ രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളുമുള്‍പെടെ 35 ലധികം പങ്കാളികള്‍ വിവിധ തരം ബോധവത്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി മേജര്‍ ജനറല്‍ ഡോ. നാസര്‍ ലഖ്‌രീബാനി അല്‍ നുഐമി അറിയിച്ചു.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍, യു എ ഇ ജനതക്കിടയില്‍ വിശിഷ്യാ പുതിയ തലമുറക്കിടയില്‍ സുരക്ഷിതവും അപകടരഹിതവുമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെ ഉറപ്പാക്കാമെന്ന് ചര്‍ച്ചകളും ബോധവത്കരണ പരിപാടികളും രാജ്യവ്യാപകമായി അരങ്ങേറും.
വിദ്യാഭ്യാസ മന്ത്രാലയമുള്‍പെടെ വിവിധ മന്ത്രാലയങ്ങളും ഫെഡറല്‍, ലോക്കല്‍ സര്‍ക്കാര്‍ അതോറിറ്റികളും വകുപ്പുകളും പരിപാടികളില്‍ പങ്കാളികളാകും. സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം, ഇന്റര്‍നെറ്റിന്റെ ദുരുപയോഗം എന്നിവയുടെ പ്രത്യാഘാതങ്ങള്‍ ബോധവത്കരിക്കുന്നതോടൊപ്പം സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെ സാധ്യമാകുമെന്ന് പുതിയ തലമുറയേയും അവരുടെ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അല്‍ നുഐമി പറഞ്ഞു.
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും അവക്കുള്ള ശിക്ഷാനടപടികളും പ്രതിപാദിക്കുന്ന ഫെഡറല്‍ നിയമത്തിലെ 5/2012 അനുച്ഛേദം ബോധവത്കരണ പരിപാടികളില്‍ വിശദീകരിക്കപ്പെടും. ചെറിയപ്രായത്തില്‍തന്നെ കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ അടിമകളാകുന്ന പ്രവണതയെ ഗൗരവപൂര്‍വം കാണുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മനഃശാസ്ത്രപരമായ ഇടപടെലുകള്‍ക്കും പ്രാധാന്യം നല്‍കുമെന്നും അല്‍ നുഐമി വ്യക്തമാക്കി.
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏഴിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ 54 ശതമാനവും ഈ സാങ്കേതിക സൗകര്യത്തെ ദുരുപയോഗം ചെയ്യുന്നവരാണെന്ന് അടുത്ത കാലത്ത് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. മന്ത്രാലയം ഇതിനെ ഗൗരവപൂര്‍വമാണ് നോക്കിക്കാണുന്നത്. ഇത് മനസ്സിലാക്കിയത് കൊണ്ടാണ് രാജ്യത്തെ മന്ത്രാലയങ്ങളും മറ്റും ഇതില്‍ പങ്കാളികളാകുന്നത്, അദ്ദേഹം പറഞ്ഞു. “നമുക്കൊരുമിച്ച് യു എ ഇയിലെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതാമാക്കാം” എന്നാണ് പരിപാടിയുടെ പ്രമേയം.

Latest