Connect with us

Gulf

ട്രാമുമായി ബന്ധപ്പെട്ട് 1,400 നിയമലംഘനങ്ങള്‍

Published

|

Last Updated

ദുബൈ: ട്രാമുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ 1,400 നിയമലംഘനങ്ങള്‍ സംഭവിച്ചതായി ദുബൈ ട്രാഫിക് പോലീസ് വ്യക്തമാക്കി. ട്രാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ 269 ഗതാഗത സുരക്ഷാ ഉദ്യോഗസ്ഥരെയും 16 പട്രോള്‍ വാഹനങ്ങളെയും നിയോഗിച്ചിട്ടുള്ളതായി ദുബൈ പോലീസ് ട്രാഫിക് ജനറല്‍ ഡിപാര്‍ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബനായി വെളിപ്പെടുത്തി. ട്രാം പാത 24 മണിക്കൂറും പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്.
അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ട്രാം പാത മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് ദുബൈ പോലീസിനൊപ്പം ആര്‍ ടി എ അധികൃതരും പിഴ ചുമത്തുന്നുണ്ട്. ചുവപ്പ് സിഗ്നല്‍ മറികടന്ന് ട്രാം പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 5,000 ദിര്‍ഹവും കാല്‍നടക്കാര്‍ക്ക് 1,000 ദിര്‍ഹവുമാണ് പിഴ ചുമത്തുന്നത്. ടാം കടന്നുപോകുന്ന മേഖല കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് 5,000വും 1,000വും പിഴ നിശ്ചയിച്ചിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ ഗൗരവത്തോടെ പാലിക്കാന്‍ ലക്ഷ്യമിട്ടാണ് കാല്‍നട യാത്രക്കാര്‍ക്ക് ഉള്‍പെടെ പിഴ ചുമത്താന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
വാഹനം ഓടിക്കുന്നവരോ, കാല്‍നട യാത്രക്കാരോ നിയമം ലംഘിച്ചാല്‍ ദുബൈ പോലീസും ആര്‍ ടി എയും ചുമത്തുന്ന രണ്ടു പിഴകളും ഒടുക്കേണ്ടി വരുമെന്ന് ചുരുക്കം. ചുവന്ന വെളിച്ചം മറികടക്കുന്നവര്‍ക്ക് അപകട സാധ്യതയുടെ ഗൗരവം കണക്കിലെടുത്ത് 2,000 ദിര്‍ഹം മുതല്‍ 5,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ആര്‍ ടി എ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാരുടെ ലൈസന്‍സ് ഒരു മാസം മുതല്‍ ആറു മാസം വരെ റദ്ദ് ചെയ്യുകയും ചെയ്യും. നിയമലംഘകര്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കലും 30,000 ദിര്‍ഹം പിഴയുമായിരിക്കും. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയാണെങ്കില്‍ 15,000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. ഇവരുടെ ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദ് ചെയ്യും. ട്രാമിനായി സിഗ്നല്‍ നല്‍കിയിരിക്കേ റോഡിലൂടെയുള്ള വാഹനങ്ങള്‍ ചുവപ്പ് വെളിച്ചം മറികടന്നു ട്രാം പാതയിലേക്ക് അതിക്രമിച്ചു കയറുകയും അപകടത്തില്‍ ആരെങ്കിലും മരിക്കുകയും ചെയ്താല്‍ 30,000 ദിര്‍ഹമായിരിക്കും പിഴ. ഇവരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യും. ഇതിന് പുറമെ പോലീസ് ചാര്‍ജ് ചെയ്യുന്ന ശിക്ഷയും നിയമലംഘകര്‍ അനുഭവിക്കേണ്ടി വരുമെന്ന് ആര്‍ ടി എ വ്യക്തമാക്കിയിരുന്നു. 2014ലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച നിയമത്തില്‍ ഇതിനായി ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest