Connect with us

Gulf

'വിധി സ്വാഗതാര്‍ഹം'

Published

|

Last Updated

അബുദാബി: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനി ശ്വാസം മുട്ടിമരിച്ച സംഭവത്തില്‍ കോടതി വിധി സ്വാഗതാര്‍ഹമാണെന്നും മാനേജ്‌മെന്റുകളുടെ അഹങ്കാരത്തിന് തിരിച്ചടിയാണെന്നും നിസാ ആലത്തിന്റെ പിതാവ് കൊടക് മടിക്കേരി സ്വദേശിയും അഡ്‌കോ ജീവനക്കാരനുമായ നസീറും ഉമ്മയുടെ പിതാവ് പഴയങ്ങാടി സ്വദേശി അസ്ഗറലിയും സിറാജിനോട് പറഞ്ഞു.
അസാധാരണമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വന്‍കിടക്കാര്‍ രക്ഷപ്പെടുകയാണ് പതിവ്. കോടതി വിധിയില്‍ ഞങ്ങളുടെ കുടുംബം പൂര്‍ണ തൃപ്തരാണ്. ചരിത്രത്തില്‍ തന്നെ ആദ്യമാണ് സ്‌കൂള്‍ അടച്ച് പൂട്ടാന്‍ ഉത്തരവിടുന്നത്.
മാനേജ്‌മെന്റിന്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണം. വിധി വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റത്തിന് ഇടയാക്കും. മാനേജ്‌മെന്റ് പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ചുമതല മാത്രമേ ജീവനക്കാര്‍ക്കുള്ളു. അപകടം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ സ്‌കൂള്‍ മാനേജ്‌മെന്റ് തിരിഞ്ഞ് നോക്കിയില്ല. യു എ ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ആശ്വാസവാക്കുകള്‍ എത്തിയിരുന്നു. നിരവധിപേര്‍ സമീപിച്ചുവെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല.
ഇന്ത്യന്‍ സ്‌കൂളുകളില്‍ സീറ്റ് ലഭ്യമല്ലാത്തത് കൊണ്ടാണ് അല്‍വുറൂദ് സ്‌കൂളില്‍ ചേര്‍ത്തത്. നിരവധി സ്‌കൂളുകളില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സീറ്റ് ലഭിച്ചില്ലെന്ന് പിതാവ് നാസര്‍ പറഞ്ഞു. ഇനി ഒരു രക്ഷിതാക്കള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുത്. മാനേജ്‌മെന്റിനു പുറമെ ജീവനക്കാരുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടായത്. അതാണ് കേസുമായി മുന്നോട്ട് പോകാന്‍ കാരണം. ധിക്കാരികളായ മാനേജ്‌മെന്റാണ് അല്‍വുറൂദ് സ്‌കൂളിലുണ്ടായിരുന്നത്. വിധിയില്‍ പൂര്‍ണ തൃപ്തനാണ്. വിധി സ്വാഗതം ചെയ്യുന്നു നാസര്‍ പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest