Connect with us

Gulf

നിസാ ആലത്തിന്റെ മരണം: സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്, 1.5 ലക്ഷം ദിര്‍ഹം പിഴ

Published

|

Last Updated

അബുദാബി: അല്‍ വുറൂദ് അക്കാഡമി പ്രൈവറ്റ് സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനി നിസാ ആല (നാല്)മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും. ഫിലിപ്പൈന്‍ സ്വദേശിയായ ബസ് അറ്റന്റന്റ്, പാകിസ്ഥാനി ബസ് ഡ്രൈവര്‍, സ്‌കൂള്‍ സൂപ്പര്‍ വൈസറായ ലബനോണ്‍ സ്വദേശി എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും, 20,000 ദിര്‍ഹം പിഴയുമാണ് അബുദാബി കോടതി വിധിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ വിധിച്ചു. ഇതിന്റെ ഉടമക്ക് ആറ് മാസത്തെ ജയില്‍ ശിക്ഷയും ഉണ്ട്. അതേസമയം ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ പ്രത്യേകം ദിയാ ധനം നല്‍കേണ്ടതില്ല. കുറ്റകരമായ അശ്രദ്ധക്ക് അല്‍ വുറൂദ് അക്കാഡമി പ്രൈവറ്റ് സ്‌കൂളിന് 1.5 ലക്ഷം ദിര്‍ഹം പിഴ വിധിച്ചിട്ടുണ്ട്. സ്‌കൂള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബറിലാണ് നിസാ ആലം സ്‌കൂള്‍ ബസിനകത്ത് ശ്വാസം മുട്ടി മരിച്ചത്. നിസാ ആലം ബസിലുള്ളത് ശ്രദ്ധിക്കാതെ ഡ്രൈവറും സ്‌കൂള്‍ അറ്റന്റന്റും കുട്ടിയെ ഉപേക്ഷിച്ച് ബസിന്റെ വാതില്‍ പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂടില്‍ നിസാ ആലം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും നാടുകടത്തലിനെക്കുറിച്ച് പരാമര്‍ശമില്ല. സ്‌കൂള്‍ അധികൃതരും ദിയാ ധനം കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് കോടതി ഉത്തരവിട്ടു. കോടതി പിഴയായി പറഞ്ഞിരിക്കുന്ന 1.5 ലക്ഷം ദിര്‍ഹം ദിയാ ധനത്തില്‍ ഉള്‍പ്പെടും.

കുഞ്ഞിന് തലയില്‍ പരുക്കുപറ്റിയിരുന്നതായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട് കുഞ്ഞ് താഴെ വീഴുമ്പോള്‍ തലക്ക് ക്ഷതമേറ്റതാകാം. കുഞ്ഞ് ബസിലുള്ള വിവരം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫിലിപ്പൈന്‍ ബസ് അറ്റന്റന്റ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ബസിന്റെ പിറക് വശത്തെ സീറ്റിലായിരുന്നത് കൊണ്ടാണ് ശ്രദ്ധയില്‍പെടാതെ പോയത്. ബസിലെ എയര്‍കണ്ടീഷന്‍ ഓഫ് ചെയ്ത് വാതില്‍ പൂട്ടാന്‍ ഡ്രൈവറോട് പറയുകയായിരുന്നുവെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
കുട്ടികളെ പരിശോധിക്കേണ്ട ചുമതല തനിക്കല്ലെന്ന് പാക്കിസ്ഥാനി ഡ്രൈവര്‍ കോടതിയെ ബോധിപ്പിച്ചു. അതേ സമയം, സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ശിക്ഷ വിധിച്ചിട്ടില്ല. ട്രാന്‍സ്‌പോര്‍ട് കമ്പനിയെ മാറ്റാന്‍വേണ്ടി പ്രിന്‍സിപ്പല്‍ ശ്രമിച്ചിരുന്നതായാണ് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ രേഖകളില്‍ നിന്ന് തെളിയുന്നത്.
സംഭവത്തിന് രണ്ടാഴ്ച മുമ്പ് വാഹനങ്ങള്‍ പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ കമ്യൂണിറ്റി പോലീസിനോട് അഭ്യര്‍ഥിച്ചിരുന്നു. 2014 ഒക്‌ടോബര്‍ എട്ടിനാണ് അബുദാബിയില്‍ ദാരുണ മരണം നടന്നത്. 2014 ഡിസംബര്‍ 16ന് പ്രോസിക്യൂഷന്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

Latest