കൈറോ: ഫുട്‌ബോള്‍ ടീം ആരാധകരും പോലീസുകാരുമായുണ്ടായ ഏറ്റുമുട്ടലിലും ശേഷമുണ്ടായ തിക്കിലും തിരക്കിലുമായി ഈജിപ്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവെച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിലേക്ക് സമലേക് ഫുട്‌ബോള്‍ ക്ലബിന്റെ ആരാധകര്‍ തള്ളിക്കയറുന്നത് തടയാനായി പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഭവത്തെ കുറിച്ച് എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരം അനിശ്ചിതമായി മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. ടിക്കറ്റ് വാങ്ങാതെ സ്റ്റേഡിയത്തിനുള്ളില്‍ കയറി കളി കാണാനുള്ള സമലേക് ക്ലബ് ആരാധകരുടെ ശ്രമമാണ് ഏറ്റുമുട്ടില്‍ കലാശിച്ചതെന്ന് ഈജിപ്ത് ആഭ്യന്തര മന്ത്രി പറഞ്ഞു. അതേസമയം, സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ വളരെ ചെറിയ വഴി മാത്രം തുറന്നുകൊടുത്തതാണ് ഏറ്റുമുട്ടലിലേക്കും തിക്കുംതിരക്കിലേക്കും നയിച്ചതെന്ന് സമലേക് ഫുട്‌ബോള്‍ ക്ലബ് അവരുടെ ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടി. ഗേറ്റിന് പുറത്തും അകത്തും പോലീസുകാരായിരുന്നുവെന്നും കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ പരിഭ്രാന്തരായ ജനക്കൂട്ടം ചിതറി ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവര്‍ ആരോപിക്കുന്നു.