Connect with us

Palakkad

താലൂക്ക് സമിതി യോഗത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

കൊപ്പം : പട്ടാമ്പി താലൂക്ക് യോഗത്തിനെത്തിയ കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യയെ താലൂക്ക് ഓഫീസിന് മുന്നില്‍ ഉപരോധിച്ചു.
സി പി മുഹമ്മദ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും പ്രസിഡന്റനെ വിളിച്ചിറക്കിയാണ് ചിലര്‍ വളഞ്ഞത്. ആമയൂര്‍ കമ്പനിപ്പറമ്പിലെ നാട്ടുകാരില്‍ ചിലര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ നേരത്തെ എത്തിയിരുന്നു. യോഗനടപടികള്‍ തുടങ്ങുംമുന്‍പെ ഇവര്‍ ഓഫീസ് പരിസരത്ത് ബഹളം വെക്കുന്നത് കണ്ട താലൂക്ക് തഹസില്‍ദാര്‍ ഓഫീസ് വളപ്പില്‍ നിന്നും ഇവരെ പുറത്താക്കിയെങ്കതിലും കൂട്ടാക്കിയില്ല. യോഗനടപടികള്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ വീണ്ടും ഓഫീസ് വളപ്പില്‍ കയറി.
കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യയെ കാണണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഓഫീസിനകത്ത് കയറിയത്. സി പി മുഹമ്മദ് എംഎല്‍എ ഇവരോട് ബഹളം വെക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ബഹളം നിര്‍ത്തിയില്ല. ഒടുവില്‍ പ്രസിഡന്റ് കെ പി ധന്യ പുറത്തിറങ്ങി സമരക്കാരുമായി സംസാരിക്കാന്‍ തയ്യാറാവുകയായിരുന്നു.
ഇതോടെ കൂടുതല്‍ പേര്‍ തടിച്ചു കൂടി. സ്ത്രീകള്‍ ഉല്‍പ്പെടെയുള്ളവര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ ബഹളം ശക്തമാക്കി. കമ്പനിപ്പറമ്പ് പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് ആഴ്ചകളായെന്നും കുടിവെള്ളമില്ലാതെ ഇവിടെ നിന്നും അനങ്ങാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞായിരുന്നു സമരം.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് തങ്ങളെ ആവശ്യമുള്ളതെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും പറഞ്ഞ് സമരക്കാര്‍ പ്രസിഡന്റിനെ വളഞ്ഞുവെച്ചപ്പോള്‍ സി പി. മുഹമ്മദ് എം എല്‍ എയും ഇടപെട്ടു. എംഎല്‍എയുടെ അനുരഞജന ശ്രമത്തിനിടെ പ്രസിഡന്റ് കാര്യം വിശദീകരിച്ചു. പട്ടാമ്പി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ കൂടുതലും കൊപ്പം പഞ്ചായത്തിലുള്ളവരാണ്.
പട്ടാമ്പി ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കുടിശ്ശിക കൂടി ബില്ല് അടയ്ക്കാത്തതിനാല്‍ വൈദ്യുതി ബന്ധം പട്ടാമ്പി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കൊപ്പം ഗ്രാമ പഞ്ചായത്തുമായി ആലോചിക്കാതെയായിരുന്നു കണക്ഷന്‍ വിച്ഛേദിച്ചത്. ഒരാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങാന്‍ കാരണമിതാണ്. എന്നാല്‍ കൊപ്പം, പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍രുമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് നടപടി സ്വകരിക്കാന്‍ ധാരണയിലെത്തിയിരുന്നതാണ്. അടുത്ത ദിവസം തന്നെ പട്ടാമ്പി കെഎസ്ഇബി അധികൃതര്‍ കണക്ഷന്‍ നല്‍കി കമ്പനിപ്പറമ്പ് പ്രദേശത്തെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് അധികൃതര്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ അറിയിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം അറിയാതെ നാട്ടുകാരില്‍ ചിലരെ താലൂക്ക് ഓഫീസിന് മുന്നിലേക്ക് സമരവുമായി ആരോ അയക്കുകയായിരുന്നുവെന്ന് കെ പി. ധന്യ പറഞ്ഞു.
അടുത്ത ദിവസം കമ്പനിപ്പറമ്പ് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ അറിയിച്ചു.

Latest