Connect with us

Palakkad

മൊഫ്യൂസല്‍ ബസ്റ്റാന്‍ഡ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടിലേക്ക് മാറ്റുന്നു

Published

|

Last Updated

കോയമ്പത്തൂര്‍: ഗാന്ധിപുരം നഞ്ചപ്പറോഡില്‍നിന്ന് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടിലേക്ക് മാറ്റുന്ന ജോലികള്‍ അടുത്തയാഴ്ച കോര്‍പറേഷന്‍ അധികൃതര്‍ ആരംഭിക്കും.—
ജയില്‍ ഗ്രൗണ്ട് ബസ്സ്റ്റാന്‍ഡിന് ഒരുക്കുന്ന ജോലികള്‍ മേയര്‍ പി. രാജ്കുമാര്‍, കോര്‍പറേഷന്‍ കമ്മീഷണര്‍ വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഗാന്ധിപുരം ഫ്‌ലൈഓവര്‍ പണിനടക്കുന്നതിനാല്‍ നഗരഹൃദയത്തിലെ വാഹനത്തിരക്ക് ഒഴിവാക്കാനാണ് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിന്റെ താത്കാലിക സ്ഥലംമാറ്റം. സിറ്റി പോലീസ് ഗതാഗത ക്രമീകരണ നടപടികളും സ്വീകരിച്ചുകഴിഞ്ഞു.—
ബസ്സ്റ്റാന്‍ഡ് മാറ്റത്തിന്റെ ആദ്യപടിയായി നഞ്ചപ്പ റോഡില്‍ കിഴക്കുഭാഗത്തെ തെരുവുകച്ചവടം നടത്തുന്നവരെ ടാറ്റാബാദില്‍ പവര്‍ഹൗസ് പ്രദേശത്തേക്ക് മാറ്റും.
ഇതുവഴി താത്കാലിക ബസ്സ്റ്റാന്‍ഡിലേക്കുള്ള ബസ്സുകളുടെ വരവും പോക്കും സുഗമമാക്കും. നഞ്ചപ്പറോഡില്‍ ബസ്സുകള്‍ക്ക് പ്രവേശിക്കാന്‍ ഒരുവഴിയും പുറത്തേക്കുപോകാന്‍ പാര്‍ക്ക് ഗേറ്റ് വഴിയും സൗകര്യംചെയ്യും.
കോര്‍പറേഷന് ആദ്യം തെരുവോര വില്പനക്കാരുടെ എതിര്‍പ്പ് നേരിടേണ്ടിവന്നു. മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തെരുവുകച്ചവടക്കാര്‍ തങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ പുതിയൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പവര്‍ഹൗസ് പരിസരത്ത് കോര്‍പറേഷന്‍ സ്ഥലം കണ്ടെത്തി. അവിടേക്ക് അടുത്തയാഴ്ച മാറാന്‍ തെരുവുകച്ചവടക്കാര്‍ തയ്യാറായി.—പുതിയസ്ഥലം തെരുവുകച്ചവടക്കാര്‍ക്ക് പൂര്‍ണമായി സമ്മതമായ ഒരിടമല്ല. നഗരത്തില്‍നിന്ന് അല്പം അകന്ന ടാറ്റാബാദില്‍ തങ്ങള്‍ക്ക് ഇപ്പോള്‍ ല”ിക്കുന്ന കച്ചവടം കിട്ടില്ലെന്നാണ് അവരുടെ പക്ഷം. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തെരുവുകച്ചവടക്കാരുടെ കാര്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന ഉറപ്പുനല്‍കിയതായി ജില്ലാ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആന്‍ഡ് സ്‌മോള്‍ ട്രെയ്‌ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ ദേവരാജ് പറയുന്നു. 125 കച്ചവടക്കാര്‍ തുണിത്തരങ്ങളും ചെരുപ്പും ഷൂസും വില്‍ക്കുന്നുണ്ട്. സംസ്ഥാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറുടെ അനുമതി കിട്ടുന്നമുറയ്ക്ക് പുതിയ താത്കാലിക ബസ്സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ വിശ്രമസ്ഥലം, ഇരിപ്പിടം, കുടിവെള്ളം മൂത്രപ്പുര എന്നിവ സജ്ജമാക്കും.—ഇപ്പോഴത്തെ മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിനേക്കാള്‍ വിശാലമായിരിക്കും താത്കാലിക ബസ്സ്റ്റാന്‍ഡ്. ഏഴ് ഏക്കറിലാണ് ബസ്സ്റ്റാന്റ് വ്യാപിച്ചുകിടക്കുന്നത്.—
ഗാന്ധിപുരത്തെ നഗരഹൃദയ”ാഗത്ത് ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന അതിപുരാതനമായ കൊച്ചുകോവിലുകള്‍ മാറ്റുന്നതില്‍ ക്ഷേത്രക്കമ്മിറ്റികള്‍ ഇനിയും ഒരു തീരുമാനത്തിലെത്തിയില്ല. കോവില്‍ പണിയാന്‍ കാട്ടൂരില്‍ നല്‍കിയ സ്ഥലം ക്ഷേത്രക്കമ്മിറ്റികള്‍ക്ക് സ്വീകാര്യമല്ലെന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂന്ന് കോവിലിനും മൂന്ന് സെന്റുവീതം സ്ഥലം നല്‍കാമെന്ന് രേഖാമൂലം കോര്‍പറേഷനില്‍നിന്ന് ഉറപ്പുവേണമെന്ന നിലപാടിലാണ് ക്ഷേത്രക്കമ്മിറ്റികള്‍.

Latest