Connect with us

Wayanad

നഞ്ചന്‍ഗോഡ്- നിലമ്പൂര്‍ റെയില്‍പാത: തീരുമാനം സ്വാഗതാര്‍ഹം

Published

|

Last Updated

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട് -നിലമ്പൂര്‍ റയില്‍പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാനും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു കോടി രൂപ ഈ വര്‍ഷംതന്നെ അനുവദിക്കാനും തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ്, എം പി, എം എല്‍ എ മാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയംസ്‌കുമാര്‍ എന്നിവരേയും നീലഗിരി – വയനാട് എന്‍ എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാരിന്റേയും ജില്ലയിലെ ജനപ്രതിനിധികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ റയില്‍വേ എന്ന സ്വപ്‌നത്തിലേക്ക് വയനാടിനെ കൂടുതല്‍ അടുപ്പിക്കുകയാണ്. നിലമ്പൂര്‍ – സുല്‍ത്താന്‍ ബത്തേരി ഭാഗത്തെ പാതക്ക് ദൂരവും ചെലവും കുറക്കാനായി വീണ്ടും എഞ്ചിനീയറിംഗ് സര്‍വ്വേ നടത്തണമെന്നും ഇതിനാവശ്യമായിവരുന്ന നാല് ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ ദക്ഷിണ റയില്‍വേക്ക് നല്‍കണമെന്നുമുള്ള ഇ ശ്രീധരന്റെ നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കണമെന്നും ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യമുന്നയിച്ച് ജനപ്രതിനിധികളോടൊപ്പം ആക്ഷന്‍ കമ്മറ്റി ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. രാത്രിയാത്രാനിരോധനം വിഷയത്തിലും ശരിയായ ദിശയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതായി ആക്ഷന്‍ കമ്മറ്റി വിലയിരുത്തി. സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദങ്ങള്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ നിലപാടുകള്‍ക്ക് ബലം പകരുന്നതാണ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം കേരള കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി സ്വീകാര്യമായ പ്രശ്‌നപരിഹാരത്തിലെത്താന്‍ ശ്രമിക്കണം. വനത്തില്‍ മേല്‍പ്പാത എന്ന ആശയം മുഖ്യമന്ത്രിതലയോഗത്തില്‍ ചര്‍ച്ച ചെയ്യണം. 20 കി.മി മേല്‍പ്പാലത്തിന് 400 കോടിയോളം രൂപയേ ചെലവു വരൂ. ഈ തുക ഇരു സംസ്ഥാനങ്ങളും ദേശീയപാത അഥോറിറ്റിയും ചേര്‍ന്ന് വഹിക്കണം. ടോള്‍ പിരിവിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഈ തുക തിരിച്ചുപിടിക്കാം.
ആക്ഷന്‍ കമ്മറ്റിക്കെതിരെ വരുന്ന വ്യാജവാര്‍ത്തകളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ തുടക്കം മുതലേ തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവരുന്ന ഒരു ഘടകകക്ഷി നോതാവാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കു പിന്നില്‍. വയനാട് ജില്ലയിലെ ജനപ്രതിനിധികളേയും, രാഷ്ട്രീയ പാര്‍ട്ടികളേയും, ആക്ഷന്‍ കമ്മറ്റിയേയും തെറ്റിച്ച് വയനാടിന്റെ വികസനത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്ന ഇയാളുടെ നിഗൂഡലക്ഷ്യങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. റയില്‍വേ ബജറ്റ് വരുന്ന ഫെബ്രുവരി മാസങ്ങളില്‍ പത്രപ്രസ്താവന നടത്തിയാല്‍ മാത്രം അനുവദിപ്പിക്കാന്‍ സാധിക്കുന്നതല്ല.യോഗത്തില്‍ കണ്‍വീനര്‍ അഡ്വ:ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, ഫാ.ടോണി കോഴിമണ്ണില്‍, ഷബീര്‍ അഹമ്മദ്, ഒ കെ മുഹമ്മദ്, പി വൈ മത്തായി, എം എ അസൈനാര്‍, വി.മോഹനന്‍, ജോസ് കപ്യാര്‍മല, സിയു പൗലോസ്, വി പി അബൂബക്കര്‍ ഹാജി, ഡോ.തോമസ് മോടിശേരി, ജോയിച്ചന്‍ വര്‍ഗീസ്, കല്‍ദൂന്‍, ബിജു പൗലോസ്, ഐസണ്‍ ജോസ്, മുഹമ്മദ് കല്ലൂര്‍, മോഹനന്‍ സംസാരിച്ചു.