Connect with us

Wayanad

ജില്ലയില്‍ ബേങ്കുകള്‍ വീണ്ടും ജപ്തി നടപടിയിലേക്ക്; കര്‍ഷകര്‍ ആശങ്കയില്‍

Published

|

Last Updated

കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയം അടക്കമുള്ള ആനുകൂല്യങ്ങള്‍ നിലനില്‍ക്കെ ജില്ലയില്‍ ബേങ്കുകള്‍ കൃഷി ഭൂമി കരസ്ഥപ്പെടുത്തലും ജപ്തി നടപടികളും ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പ്രമുഖ പത്രങ്ങളില്‍ രണ്ട് പൊതുമേഖലാ ബേങ്കുകള്‍ വായ്പ കുടിശികക്കാരുടെ ഭൂമി സര്‍ഫാസി ആക്ട് അനുസരിച്ച് കരസ്ഥപ്പെടുത്തുന്നതായി പരസ്യം പ്രസിദ്ധീകരിച്ചു. ഇതില്‍ ഒരു ബേങ്കിന്റെ കരസ്ഥപ്പെടുത്തല്‍ നോട്ടീസില്‍ ഉള്‍പ്പെട്ടിട്ടുള്ളവ തീര്‍ത്തും ചെറുകിട കര്‍ഷകരുടെ ഭൂമിയാണ്. കരസ്ഥപ്പെടുത്തലിനൊപ്പം തന്നെ വായ്പാ കുടിശികക്കാര്‍ക്ക് ജപ്തി നോട്ടീസുകളും അയക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പാ കുടിശികയില്‍ അടക്കം ജപ്തി നോട്ടീസ് അയക്കുന്നത് തുടരുകയാണ്. ഇതിനൊപ്പമാണ് പിന്നാക്ക വികസന കോര്‍പറേഷന്‍ പോലുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ കുടിശികക്കാരുടെ ഭൂമിയും വീടും ജപ്തി ചെയ്ത് ലേലത്തില്‍ വെച്ചിട്ടുള്ളത്. ജില്ലയില്‍ ആയിരക്കണക്കില്‍ നാമമാത്ര-ചെറുകിട കര്‍ഷകര്‍ ജപ്തിയുടെ ഭീഷണിയിലാണ്. വയനാട്ടില്‍ കാര്‍ഷിക മേഖല തീര്‍ത്തും പ്രതിസന്ധിയിലാണെന്ന പരിഗണനയൊന്നും ഇല്ലാതെയാണ് വായ്പാ കുടിശിക ഈടാക്കാനുള്ള തീവ്രശ്രമങ്ങള്‍.
ജില്ലയുടെ പ്രധാന വിളയായ കാപ്പി ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തോളം ഇത്തവണ കുറവാണ്. കാലാവസ്ഥാ പിഴവ് മൂലം കാപ്പി ഉല്‍പാദനം 50 ശതമാനം വരെ കുറഞ്ഞ പ്രദേശശങ്ങളും ജില്ലയിലുണ്ട്. മിക്ക തോട്ടങ്ങളിലും മരുന്നിന് പോലും കുരുമുളക് ഇല്ലാതായി. കൊല്ലത്തില്‍ ഒരി്ക്കല്‍ മാത്രം ലഭിക്കുന്ന നാണ്യ വിളകളുടെ ആദായത്തിനൊപ്പം നിത്യജീവിതത്തിന് ഇടക്കിടെ വരുമാനം ലഭിച്ചിരുന്ന കവുങ്ങ് പോലുള്ള കൃഷികള്‍ കടുത്ത പ്രതിസന്ധിയീലാണ്. കവുങ്ങിന് മഹാളി രോഗം മിക്കയിടത്തും വ്യാപകമാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ ലഭിച്ചിരുന്ന കവുങ്ങില്‍ നിന്നുള്ള ആദായം പലര്‍ക്കും ഇപ്പോള്‍ പേരിന് മാത്രമായി ചുരുങ്ങി. കവുങ്ങിലെ കായ്കള്‍ തുടക്കത്തില്‍ തന്നെ ഉണങ്ങിപ്പോവുന്ന രോഗവും വ്യാപകമാണ്. കരുമുളക് കൃഷി നശിച്ച തോട്ടങ്ങളില്‍ പകരം, പ്രതീക്ഷയോടെ നട്ടുണ്ടാക്കിയ റബറിന്റെ കാര്യം വലിയ കഷ്ടത്തിലായി. റബര്‍ വെട്ടി പാലെടുക്കുന്ന ചെലവ് പോലും ലഭിക്കാതെ മിക്കവരും ടാപ്പിംഗ് തന്നെ നിര്‍ത്തിവെച്ചു. കാര്‍ഷിക മേഖലയെ ആശ്രയിച്ച് തൊഴിലെടുത്ത് ജീവിച്ചിരുന്ന തൊഴിലാളികള്‍ കഷ്ടിച്ച് പടിച്ചുനില്‍ക്കുന്നത് തൊഴിലുറപ്പ് പോലുള്ള പദ്ധതികളിലൂടെയാണ്. നിത്യജീവിതം പോലും വഴിമുട്ടി നില്‍ക്കുന്ന കര്‍ഷകര്‍ക്ക് മേല്‍ ബാങ്കുകളും പൊതമേഖലാ ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുന്ന ജപ്തി നടപടികള്‍ ഫലത്തില്‍ ഇരട്ട പ്രഹരമാവുകയാണ്.

Latest