Connect with us

Malappuram

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാലയം 'കാപ്പ' ഏറ്റെടുത്തു

Published

|

Last Updated

കാളികാവ്: മണലാരണ്യത്തില്‍ ജീവിക്കാനായി പെടാപാടുപെടുന്നതിനിടയിലും ജനസേവന-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമാവുകയാണ് കാളികാവ് എരിയാ പ്രാവാസി അസോസിയേഷന്‍ (കാപ്പ) എന്ന മലയോര മേഖലയുടെ പ്രാവസി കൂട്ടായ്മ.
കാളികാവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന കാപ്പ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രംഗത്തിറങ്ങിയാണ് പുതിയ ചുവടുകള്‍ വെക്കുന്നത്. കാളികാവ് ചെങ്കോട് പ്രവര്‍ത്തിച്ചുവന്ന സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളിന്റെ മുഴുവന്‍ ചുമതലയും കഴിഞ്ഞ രണ്ടുമാസമായി കാപ്പ ഏറ്റെടുത്തു. ഭിന്ന ശേഷിയുള്ള മുപ്പത്തിയഞ്ചോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം ഇപ്പോള്‍ കാപ്പ സ്‌പെഷ്യല്‍ സ്‌കൂള്‍ എന്ന നാമകരണം ചെയ്തിരിക്കുകയാണ്. മൂന്ന് അധ്യപികമാരും ഒരു ആയയുമടക്കം നാലു പേര്‍ ജീവനക്കാരുള്ള സ്ഥാപനത്തിന് ശമ്പളമടക്കം മാസം തോറും 35000 രൂപയാണ് കാപ്പ വിനിയോഗിക്കുന്നത്. ജിദ്ദ കേന്ദ്രീകരിച്ചാണ് “കാപ്പ” പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ഒരു പ്രാവസിയുടെ മരണത്തോടെ ആ കുടുംബം ജീവിക്കാന്‍ പാടുപെടുന്ന ഘട്ടത്തിലാണ് നിരാലംബരായ കുടംബത്തിന് ജീവിക്കാന്‍ വഴിയും കൂടെ അന്തിയുറങ്ങാന്‍ വീടും യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈ എടുത്ത് കാപ്പ സേവന രംഗത്തിറങ്ങിയത്. കാളികാവ് പള്ളിക്കുന്നിലെ തന്നെ മറ്റൊരു പ്രവാസിയുടെ മരണത്തോടെ ഗതി മുട്ടിയ കുടുംബത്തിനും ഒരു കൊച്ചു വീടൊരുക്കാന്‍ കാപ്പ രംഗത്തിറങ്ങിയിരുന്നു. ജിദ്ദയില്‍ ജോലി ചെയ്യുന്ന കാളികാവുകാര്‍ ചേര്‍ന്ന് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും മാസം തോറും 50- 100 റിയാല്‍ വീതം കാപ്പക്ക് നല്‍കിയാണ് സേവന പ്രവര്‍ത്തനത്തിനും മറ്റും പണം കണ്ടെത്തുന്നത്.
അടുത്തിടെ കാളികാവ് പാലിയേറ്റീവിന് കെട്ടിടത്തിനും വാഹനത്തിനും കാപ്പ പ്രധാന വിഹിതം നല്‍കിയിരുന്നു. ഇപ്പോള്‍ ഏറ്റെടുത്ത സ്പഷ്യല്‍ സ്‌കൂള്‍ ഒരു ഗവ. അംഗീകൃത സ്ഥാപനമായി സൗകര്യപ്രദമായ സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് കാപ്പ ജിദ്ദ കോ- ഓര്‍ഡിനേറ്റര്‍മാരായ ഷാനവാസ് പാറോല്‍, ഹുമയൂണ്‍ കബീര്‍, കാളികാവ് സെക്രട്ടറി കെ ഹാഫിസ് മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest