Connect with us

Kozhikode

എസ് വൈ എസ് അറുപതാം വാര്‍ഷികം: ജില്ലാ റോഡ് മാര്‍ച്ച് സമാപിച്ചു

Published

|

Last Updated

കോഴിക്കോട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സംഘടിപ്പിച്ച റോഡ് മാര്‍ച്ച് സമാപിച്ചു. മാര്‍ച്ചിന്റെ രണ്ടാം ദിവസമായ ഇന്നലെ ബാലുശ്ശേരിയിലായിരുന്നു ആദ്യ സ്വീകരണം. എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് കെ എച്ച് കോയ ഹാജി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടുവണ്ണൂര്‍, പേരാമ്പ്ര, മേപ്പയൂര്‍, തുറയൂര്‍, നന്തി, ഓര്‍ക്കാട്ടേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നാദാപുരം ഭൂമിവാതുക്കലില്‍ റോഡ് മാര്‍ച്ച് സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ റോഡ് മാര്‍ച്ചിന് ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ജില്ലയിലെ വിവിധ സോണുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അറുപത് സ്വഫ്‌വ അംഗങ്ങള്‍ റോഡ് മാര്‍ച്ചിനെ അനുഗമിച്ചു. ജാഥാ നായകന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെ സ്വീകരണ സമ്മേളനങ്ങളില്‍ ഓരോ പ്രദേശത്തെയും മുതിര്‍ന്ന സുന്നി പ്രവര്‍ത്തകരാണ് ഷാളണിയിച്ച് സ്വീകരിച്ചത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഹ്മത്തുല്ല സഖാഫി, പി വി അഹമ്മദ് കബീര്‍, മുഹമ്മദലി കിനാലൂര്‍, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, കെ എ നാസര്‍ ചെറുവാടി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സൈന്‍ ബാഫഖി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, അബ്ദുല്‍ കരീം നിസാമി, മജീദ് സഖാഫി കോട്ടൂര്‍, ഡോ. മുഹമ്മദലി മാടായി സംബന്ധിച്ചു.
ഭൂമിവാതുക്കലില്‍ നടന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജാഥാനായകന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സ്വീകരണത്തിന് നന്ദിപറഞ്ഞ് സംസാരിച്ചു.