Connect with us

Kozhikode

സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഭാഗവാക്കാകണം: കാന്തപുരം

Published

|

Last Updated

താമരശ്ശേരി: സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ജാതി മത വിത്യാസമില്ലാതെ മനുഷ്യന്‍ എന്ന നിലയില്‍ എല്ലാവരും ഭാഗവാക്കാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി താമരശ്ശേരി സാന്ത്വന കേന്ദ്രം സംഘടിപ്പിച്ച സൗജന്യ ഹൃദയ പരിശോധന-ശസ്ത്രക്രിയാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷമിക്കുന്നവരുടെ വിഷമം തീര്‍ത്തുകൊടുത്താല്‍ മാത്രമേ ഉന്നതിയിലേക്ക് കയറിച്ചെല്ലാന്‍ കഴിയൂ എന്ന ഖുര്‍ആന്റെ അധ്യാപനം ഉള്‍ക്കൊണ്ട് എസ് വൈ എസ് നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി സാന്ത്വനം പരിചയപ്പെടുത്തി. എം എല്‍ എമാരായ വി എം ഉമ്മര്‍ മാസ്റ്റര്‍, സി മോയിന്‍കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദ്, സി പി എം ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്‌കര കുറുപ്പ്, വള്ള്യാട് മുഹമ്മദലി സഖാഫി, പി സി ഇബ്‌റാഹീം മാസ്റ്റര്‍, മുനീര്‍ സഅദി പൂലോട്, സാബിത് അബ്ദുല്ല സഖാഫി, നാസര്‍ സഖാഫി പൂനൂര്‍, സലീം അണ്ടോണ സംബന്ധിച്ചു. താമരശ്ശേരി താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അബ്ദുര്‍റഷീദ്, മാധ്യമ പുരസ്‌കാര ജേതാക്കളായ സിറാജ് ലേഖകന്‍ സിദ്ദീഖ് പന്നൂര്‍, ടി ആര്‍ ഓമനക്കുട്ടന്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ബി സി ലുഖ്മാന്‍ ഹാജി സ്വാഗതവും ഹനീഫ മാസ്റ്റര്‍ കോരങ്ങാട് നന്ദിയും പറഞ്ഞു.
സൗജന്യ എക്കോ, ഇ സി ജി ടെസ്റ്റുകളോടെ നടന്ന ക്യാമ്പിന് കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം മേധാവി ഡോ. മോഹന്‍ റാവു, ഡോ. വിജയകുമാര്‍ നേതൃത്വം നല്‍കി. നൂറോളം കുട്ടികളെയാണ് ക്യാമ്പില്‍ പരിശോധിച്ചത്. ഇതില്‍ ഇരുപത്തിയഞ്ച് കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയ ലഭ്യമാക്കും.