അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന എഴുത്ത് മാന്ത്രികന്‍

Posted on: February 9, 2015 9:40 am | Last updated: February 9, 2015 at 9:40 am

വടകര: ഇങ്ങനെയും ഒരെഴുത്തോ? കണ്ടുനില്‍ക്കുന്നവര്‍ക്ക് ആശ്ചര്യവും അമ്പരപ്പും. വില്യാപ്പള്ളി പൊന്‍മേരി പറമ്പില്‍ നടന്നുവരുന്ന പൊന്‍മേരി ഫെസ്റ്റില്‍ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി അബ്ദുല്ല പുല്‍പ്പറമ്പിന്റെ എഴുത്ത് പ്രകടനമാണ് കാണികള്‍ക്ക് അത്ഭുതമായിരിക്കുന്നത്. തല, കഴുത്ത്, ചെവി, മൂക്ക്, വായ, കാലുകള്‍ തുടങ്ങി ശരീരത്തിന്റെ ഇരുപതില്‍പരം ഭാഗങ്ങള്‍ കൊണ്ട് ഒറ്റക്കും വിവിധ ഭാഗങ്ങള്‍ കൊണ്ട് ഒരുമിച്ചും തിരിച്ചും മറിച്ചും തലകീഴായും എഴുതിയാണ് അബ്ദുല്ല വിസ്മയമാകുന്നത്.
തമിഴ്, മലയാളം, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, അറബി എന്നീ ഭാഷകളില്‍ വിസ്മയം തീര്‍ക്കുന്ന ഇദ്ദേഹം, രണ്ട് വിത്യസ്ത അക്ഷരങ്ങള്‍ പോലും എഴുതുന്നത് കാണികള്‍ക്ക് അസാധ്യമായിരിക്കെ ഒരേസമയം ഇരു കരങ്ങള്‍ കൊണ്ടും വിവിധ ഭാഷകളില്‍ എഴുതുന്നുണ്ട്. തിരഞ്ഞെടുത്ത വ്യത്യസ്ത പേരുകള്‍ ഇരു കരങ്ങള്‍ കൊണ്ടും ഒരുമിച്ചും ഒരു കൈ കൊണ്ട് ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എഴുത്തും അബ്ദുല്ലക്ക് മാത്രം സ്വന്തം. പുറംതിരിഞ്ഞുകൊണ്ടുള്ള എഴുത്തും കണ്ണ് കെട്ടിയുള്ള എഴുത്തും വേറിട്ട കാഴ്ച തന്നെ. ഇനിയുമുണ്ട് എഴുത്ത് വിശേഷങ്ങള്‍. ഊഞ്ഞാലാടിയും നീന്തിയും ബൈക്ക് ഓടിച്ചുകൊണ്ടുമുള്ള എഴുത്തും ഈ ഓട്ടോ ഡ്രൈവറുടെ സാഹസിക എഴുത്തില്‍ ചിലത് മാത്രം.
എഴുത്തില്‍ പുതിയ മേഖലകള്‍ കണ്ടെത്തി കീഴടക്കാനുള്ള ശ്രമത്തിനിടയിലും മറ്റു പല രംഗത്തും കഴിവ് തെളിയിച്ച അബ്ദുല്ലയുടെ വെള്ളത്തിന് മുകളില്‍ ഏറെനേരം നീണ്ടുനിവര്‍ന്ന് കൊണ്ടുള്ള കിടത്തം കാണികളെ എറെ ആകര്‍ഷിക്കുന്നു.
കാണികളെ ഒന്നടങ്കം ചിരിപ്പിക്കുന്ന മറ്റൊരു പ്രകടനമാണ് ‘ചിരിക്കാത്ത മനുഷ്യന്‍.’ നിരവധി വേദികളില്‍ ഈ പ്രോഗ്രാം അവതരിപ്പിച്ചിട്ടും ഇന്നേവരെ തന്നെ ചിരിപ്പിച്ച് ആരും സമ്മാനം നേടിയെടുത്തിട്ടില്ലെന്ന് അബ്ദുല്ല പറയുന്നു. ഇതോടൊപ്പം ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി ‘ലഹരി നാടുവാഴുമ്പോള്‍’ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും നടത്തിവരുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലധികം വേദികളില്‍ അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അബ്ദുല്ലക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.