ശ്രുതിയും പൂര്‍ണിമയും സംസ്ഥാന ടീമിലേക്ക്

Posted on: February 9, 2015 9:38 am | Last updated: February 9, 2015 at 9:38 am

വടകര: വോളിബോളിന്റെ ഈറ്റില്ലമായ വടകരയില്‍ നിന്ന് ഇന്ന് മുതല്‍ 13വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിലെ വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കേരളാ ടീമിലേക്ക് ശ്രുതിയും പൂര്‍ണിമയും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി മൂന്ന് മുതല്‍ 11വരെ ചെന്നൈയില്‍ നടന്ന നാഷനല്‍ സീനിയര്‍ പുരുഷ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൗണ്ടര്‍ അറ്റാക്കറായി മികച്ച പ്രകടനം കാഴ്ചവെച്ച ശ്രുതി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. വെസ്റ്റേണ്‍ റെയില്‍വേ വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച് നിയമനം കാത്തിരിക്കുന്ന ശ്രുതി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് സഞ്ചയ് ബാലികയുടെ ശിക്ഷണത്തില്‍ തുടര്‍ പരിശീലനം നടത്തിവരികയാണ്. 2013 ദേശീയ യൂത്ത് വോളി ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തിന് വേണ്ടി ജെഴ്‌സിയണിഞ്ഞ പൂര്‍ണിമ ജനുവരി മാസം ചെന്നൈയില്‍ നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ റെയില്‍വേക്ക് വേണ്ടിയും കളിക്കളത്തിലിറങ്ങിയിട്ടുണ്ട്. വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലൂടെ വോളിബോള്‍ രംഗത്തുവന്ന ഇരുവരും വടകരയിലെ വോളിബോള്‍ സംഘാടകന്‍ രാഘവന്‍ മാണിക്കോത്തിന്റെയും കായികാധ്യാപിക മേരിക്കുട്ടി ടീച്ചറുടെയും ശിക്ഷണത്തിലാണ് ഉന്നതിയിലെത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് മുരളീധരന്‍ പാലാട്ടിന്റെ ശാസ്ത്രീയ പരിശീലനവും കൂടി ലഭിച്ചതോടെ ഇന്ത്യന്‍ വോളിയുടെ പ്രതീക്ഷയായി വളര്‍ന്നിരിക്കുകയാണ് ശ്രുതിയും പൂര്‍ണിമയും.