Connect with us

Kozhikode

പൂക്കാട്ട് കടവ് തടയണക്ക് ചീര്‍പ്പില്ല; വെള്ളം പാഴാകുന്നു

Published

|

Last Updated

കൊടുവള്ളി: 20 വര്‍ഷം മുമ്പ് പൂനൂര്‍ പുഴയില്‍ പൂക്കാട്ട് കടവില്‍ നിര്‍മിച്ച തടയണക്ക് ചീര്‍പ്പില്ലാത്തതിനാല്‍ വെള്ളം പാഴാകുന്നു. കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്തുകളില്‍പ്പെട്ട വടുവന്‍കണ്ടി, പൊയില്‍, തൈപ്പൊയില്‍, കുന്നുമ്മല്‍, കോളാട്ടപ്പൊയില്‍, പൂക്കാട്ട് പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനാണിവിടെ തടയണ നിര്‍മിച്ചത്. അശാസ്ത്രീയമായ വിധത്തില്‍ തടയണ നിര്‍മിച്ചതിനാല്‍ ആദ്യവര്‍ഷം തടയണയില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. വെള്ളം തറയുടെ അടിഭാഗത്ത് കൂടെ ഒഴുകിപ്പോകുകയായിരുന്നു. വര്‍ഷകാലത്ത് പുഴ ഗതിമാറി ഒഴുകി സമീപത്തെ പറമ്പ് ഒലിച്ചുപോകുകയും ചെയ്തു. പിന്നീട് തടയണ പുതുക്കിപ്പണിത് പുഴയോര ഭിത്തി നിര്‍മിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചീര്‍പ്പ് തന്നെ കാണാതായി. കോണ്‍ക്രീറ്റ് തറയും ഭിത്തിയും തകര്‍ന്നതോടെ തടയണയില്‍ വെള്ളം കെട്ടിനിര്‍ത്താനാകാത്ത അവസ്ഥയാണിപ്പോള്‍. വേനല്‍കാലത്ത് മണല്‍ ചാക്കുകള്‍ നിരത്തി താത്കാലിക തടയണ സ്ഥാപിച്ചിരുന്നു. മണലെടുക്കുന്നവരും പുഴയോരകൃഷിക്കാരും ഇത് തകര്‍ക്കുന്നതിനാല്‍ പുഴയില്‍ വെള്ളം വറ്റുകയാണ്. മൂന്ന് കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ ഇവിടെയാണുള്ളത്. വെള്ളം കെട്ടിനിര്‍ത്താനാകാത്തതിനാല്‍ പ്രദേശത്തെ അഞ്ഞൂറിലധികം വീട്ടുകിണറുകളും വറ്റിത്തുടങ്ങി.

Latest