Connect with us

Kerala

ഇന്ത്യന്‍ മാമ്പഴത്തിനുള്ള നിരോധം യൂറോപ്യന്‍ യൂനിയന്‍ നീക്കി

Published

|

Last Updated

പാലക്കാട്: ഇന്ത്യന്‍ മാമ്പഴത്തിനുള്ള നിരോധം യൂറോപ്യന്‍ യൂനിയന്‍ നീക്കിയത് സംസ്ഥാനത്തെ മാങ്ങ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. ഇന്ത്യയില്‍നിന്നും യൂറോപ്പിലേക്ക് കയറ്റുമതി ചെയിരുന്ന മാമ്പഴത്തിനും നാലിനം ഇനം പച്ചക്കറികള്‍ക്കുമാണ് യൂറോപ്യന്‍ യൂനിയന്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നത്.
യൂറോപ്യന്‍ യൂനിയന്‍ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ മാമ്പഴത്തില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാമ്പഴത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതാണ് നിരോധം പിന്‍വലിച്ചതിനു കാരണം. പാലക്കാട്ടെ മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ 4,000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങളില്‍ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സേലം കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്ന പ്രദേശമാണ് ഇവിടം. വിവിധ ഇനത്തിലുള്ള 45,000 ടണ്‍ മാമ്പഴമാണ് ഇവിടെ നിന്ന് കയറ്റി അയക്കാറുള്ളത്.
ഒരു ഹെക്ടര്‍ മാമ്പഴത്തോട്ടത്തില്‍ നിന്ന് ശരാശരി എട്ട് മുതല്‍ പത്ത് ടണ്‍വരെ മാമ്പഴമാണ് വിളവെടുക്കുക. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആദ്യം വിമാനം കയറുന്നത് മുതലമടയുടെ പ്രത്യേകതയായ സിന്ദൂരം, അല്‍ഫോണ്‍സ, കാലപ്പാടി, ബംഗനപ്പള്ളി മാങ്ങകളാണ്. ഈ ഇനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം ഏറെ ആവശ്യക്കാരുണ്ട്.
സ്വാദ് കൂടുതലുള്ളതും നാരുകളില്ലാത്തതുമായ മാമ്പഴങ്ങളോടാണ് വിദേശികള്‍ക്ക് ഏറെ പ്രിയം. ഏപ്രില്‍ അവസാനംവരെ മുതലമട, കൊല്ലങ്കോട് പ്രദേശങ്ങളില്‍ നിന്ന് മാങ്ങപറിച്ചെടുത്ത് വിപണിയിലെത്തിക്കും. അല്‍ഫോണ്‍സ, ബംഗാനപ്പള്ളി, സിന്ദൂരം പോലുള്ള മാങ്ങകള്‍ക്ക് കിലോക്ക് 130 മുതല്‍ 200 ഉം കിളിമൂക്കന്‍, തോട്ടാപുരി പോലുള്ളവക്ക് 75 രൂപ മുതല്‍ 150 വരെയുമാണ് വിപണിയുടെ തുടക്കത്തിലെ വില.
മുതലമടയില്‍ മാങ്ങയുടെ ഉത്പാദനം കൂട്ടുന്നതിന് വേണ്ടി കീടനാശിനി തെളിച്ചപ്പോള്‍ പ്രദേശത്ത് മാരകമായ രോഗങ്ങള്‍ പടര്‍ന്നത് മാങ്ങ വിപണിക്ക് തിരിച്ചടിയാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ കീടനാശിനി ഉപേക്ഷിക്കുകയും പ്രകൃതിദത്തമായ മാങ്ങ ഉത്പാദനത്തിന് വീണ്ടും വന്നതോടെയാണ് വീണ്ടും പ്രതീക്ഷകളുടെ നാമ്പുകള്‍ക്ക് ചിറക് മുളച്ചത്. യൂറോപ്യന്‍ യൂനിയന്‍ നിരോധം പിന്‍വലിച്ചതോടെ സംസ്ഥാനത്തുനിന്ന് പ്രതീക്ഷിക്കുന്നത് 400 കോടിയുടെ മാമ്പഴ കയറ്റുമതിയാണ് കേരളത്തിന്റെ മാംഗോസിറ്റിയായ മുതലമടയില്‍ നിന്ന് മാമ്പഴം കയറ്റിയയച്ചുതുടങ്ങിയതോടെ എട്ട് മാസത്തെ നിരോധമാണ് കഴിഞ്ഞയാഴ്ച അവസാനിച്ചത്.

Latest