Connect with us

Kerala

കടല്‍- കായല്‍ ജല ശുദ്ധീകരണ പദ്ധതി ഉപേക്ഷിക്കുന്നു

Published

|

Last Updated

കണ്ണൂര്‍ :സംസ്ഥാനത്ത് കുടിവെള്ള ശ്രോതസ്സുകളുടെ അഭാവം മൂലം ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ലവണ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ ജല വിഭവ വകുപ്പ് തയ്യാറാക്കിയ പദ്ധതി പാളി. രണ്ട് വര്‍ഷം മുമ്പ് 19 ചെറുകിട പ്ലാന്റുകള്‍ സ്ഥാപിച്ച് കടല്‍- കായല്‍ ജല ശുദ്ധീകരണത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് നിലച്ചത്.

ജല ക്ഷാമം രൂക്ഷമായ തീരപ്രദേശങ്ങളിലും കുട്ടനാട് പോലുള്ള സ്ഥലങ്ങളിലും വന്‍കിട റിവര്‍ ഓസ് മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 2013ല്‍ തയ്യാറാക്കിയ 5.365 കോടിയുടെ പദ്ധതിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇല്ലാതായത്. 2013 ജനുവരിയിലാണ് പദ്ധതിക്കായി ടെന്‍ഡറുകള്‍ ക്ഷണിച്ചത്. ടെന്‍ഡര്‍ തുക ഭരണാനുമതി ലഭിച്ച തുകയേക്കാള്‍ കൂടുതലാണെന്ന് പറഞ്ഞ് ആദ്യ ഘട്ടം തന്നെ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതിനായി പുനര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. അതിന്റ തുകയും കൂടുതലാണെന്ന കാരണത്താല്‍ രണ്ടാം ടെന്‍ഡറും ഒഴിവാക്കി. മൂന്നാമത്തെ ടെന്‍ഡര്‍ വിളിക്കാന്‍ നടപടി തുടങ്ങിയെന്നാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും ഇത് നടക്കുമോയെന്ന് അധികൃതര്‍ക്ക് തന്നെ ഉറപ്പില്ല. അതുകൊണ്ട് തന്നെ പദ്ധതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.
രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരം ആദ്യ വര്‍ഷം 19 പ്ലാന്റ് സ്ഥാപിക്കുകയും തുടര്‍ വര്‍ഷങ്ങളില്‍ അത്ര തന്നെ ശുദ്ധീകരണ ശാലകള്‍ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന ധാരണയാണ് സര്‍ക്കാറിനുണ്ടായിരുന്നത്.
തനത് കുടിവെള്ള ശ്രോതസ്സില്ലാത്ത സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തിക്കാന്‍ ഇതുവഴി കഴിയുമെന്നും കണക്കു കൂട്ടിയിരുന്നു. കുട്ടനാട് പോലുള്ള പ്രദേശങ്ങളിലും മറ്റും കുഴല്‍കിണറുകള്‍ സ്ഥാപിച്ച് ലഭ്യമാകുന്ന ലവണ ജലം ശുദ്ധീകരിക്കാനും വിപുലമായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ തുക വര്‍ധിപ്പിക്കുകയോ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല.
വേനലെത്തും മുമ്പേ കുടിവെള്ള ക്ഷാമം നേരിട്ട് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് പാളിയത്. അതേ സമയം സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇക്കുറി മുമ്പുണ്ടാകാത്തവിധം വരള്‍ച്ചക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വരള്‍ച്ചാ റിപ്പോര്‍ട്ടില്‍ പറയുനന്നുണ്ട്. കൃത്യമായ അളവിനേക്കാള്‍ അധികം മഴ ലഭിച്ചെങ്കിലും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇക്കുറി വരള്‍ച്ചാ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 2013ല്‍ ഇതുപോലെ പ്രതീക്ഷിച്ചതിലും 26 ശതമാനം അധികം മഴ കിട്ടിയിരുന്നു. ആ പെരുമഴക്കാലത്തില്‍ നിന്ന് നാലര മാസം കഴിഞ്ഞപ്പോഴേക്കും ജലക്ഷാമത്തിന്റെയും ചൂടിന്റെയും പിടിയില്‍ കേരളം അമര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് 2006 ന് ശേഷമാണ് അന്തരീക്ഷ താപനില കൂടിത്തുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ല്‍ മാത്രം പ്രതീക്ഷിച്ച മഴ ലഭിച്ചു. 2009 ല്‍ കിട്ടേണ്ടതിന്റെ 22 ശതമാനം മഴ കുറഞ്ഞു. 2011 ല്‍ 23 ശതമാനവും 2012ല്‍ 35 ശതമാനവും മഴയാണു കുറഞ്ഞത്.
ദുരന്തനിവാരണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിന്റെ രണ്ടര ശതമാനം മേഖല 2015 ല്‍ കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ ശരാശരി 203 സെന്റീമീറ്റര്‍ മഴകിട്ടിയിരുന്നിടത്ത് കഴിഞ്ഞ സീസണില്‍ 216 സെന്റീമീറ്റര്‍ കൂടുതല്‍ മഴകിട്ടി. ആറ് ശതമാനം മഴകൂടിയിട്ടും ജലക്ഷാമം കൂടിയെന്നത് അതീവ ഗൗരവമായി കണക്കിലെടുക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest