ഡീസല്‍ വില കുത്തനെ കുറഞ്ഞിട്ടും ബസ് ചാര്‍ജ് കുറക്കാന്‍ നടപടിയായില്ല

Posted on: February 9, 2015 3:15 am | Last updated: February 9, 2015 at 12:16 am

busപാലക്കാട്: ഇന്ധന വില കുത്തനെ കുറഞ്ഞിട്ടും സംസ്ഥാനത്ത് ബസ് ചാര്‍ജ് മാത്രം താഴുന്നില്ല. ഇന്ധന വില കുറഞ്ഞതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കുറക്കുന്നതിന് നടപടി സ്വീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ നിലവിലെ ബസ് ചാര്‍ജിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ വരെ നടപടിയായിട്ടില്ല.
ഫെയര്‍ സ്റ്റേജിലെ അപാകം മൂലം യാത്രക്കാര്‍ സഞ്ചരിക്കുന്ന കിലോ മീറ്ററിനേക്കാള്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ട സ്ഥിതിയാണ്. ഇത് പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഗതാഗതവകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് പതിനാലിനാണ് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഫെയര്‍ സ്റ്റേജിലെ അപാകം മൂലം ബസുടമകള്‍ കൊള്ളയടിക്കുന്നുവെന്ന പരാതി ഉയര്‍ന്നപ്പോള്‍ ജസ്റ്റീസ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുകയും ചെയ്തു.
എന്നാല്‍ ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റക്ക് മാത്രമാണ് അധികാരമുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ സമിതിയെ നിയോഗിച്ചുവെന്ന മന്ത്രിയുടെ പ്രചാരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് ആക്ഷേപമുയര്‍ന്നത്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബസ് നിരക്ക് ഈടക്കാക്കുന്നത് കേരളത്തിലാണ്. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപയും കര്‍ണാടകയിലും ആന്ധ്രയിലും അഞ്ച് രൂപയുമാണ്. ഇത് സംസ്ഥാനത്ത് ഏഴ് രൂപയാണ്. മറ്റുസംസ്ഥാനങ്ങളില്‍ മിനിമം ചാര്‍ജില്‍ കുടുതല്‍ കിലോ മീറ്ററുകള്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തില്‍ കുറച്ച് കിലോ മീറ്റുകള്‍ മാത്രമേ സഞ്ചരിക്കാന്‍ സാധ്യമാകൂ.
സംസ്ഥാനത്ത് ഡീസല്‍ വില 65 രൂപയില്‍ നിന്ന് 47 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസല്‍ വില കൂടുമ്പോള്‍ അതിന്റെ വിലമാത്രം അടിസ്ഥാനമാക്കിയാണ് ബസ് ചാര്‍ജ് നിരക്ക് നിശ്ചയിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ 28 ശതമാനം ചാര്‍ജ് കുറക്കുമ്പോള്‍ കേരളത്തില്‍ മിനിമം ചാര്‍ജ് അഞ്ച് രൂപയായി കുറക്കണമെന്നതാണ് വ്യവസ്ഥ. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാറുകള്‍ ബസ് ചാര്‍ജ് കുറക്കുന്നതിന് നടപടി സ്വീകരിച്ചിരിക്കുകയാണ്. പുതിയനിരക്ക് നിശ്ചയിച്ചാല്‍ ചാര്‍ജ് ഇനിയും കുറയുമെന്നാണ സൂചന.
കെ എസ് ആര്‍ ടി സിയുടെ കണക്ക് പ്രകാരം 2012- 13 വര്‍ഷം ഇന്ധന ചെലവ് 809 കോടിയാണ്. അതേ സമയം ടിക്കറ്റ് വരുമാനം 1,573 കോടിയും. ഇതില്‍ 52 ശതമാനത്തോളം ഇന്ധന ചെലവിലാണ് വിനിയോഗിച്ചതത്രെ. സ്വകാര്യ ബസുകളിലും വ്യത്യസ്തമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധനത്തിന്റെ വില കുറയുമ്പോള്‍ ഭീമമായ ലാഭമാണ് ബസുടമകള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ തവണ ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ എപ്പോഴും കൂട്ടാനാകില്ലെന്നും അതിനാല്‍ ഭാവിയിലുണ്ടാകുന്ന ഡീസല്‍ വിലവര്‍ധന കൂടി കണക്കിലെടുത്താണ് വര്‍ധിപ്പിക്കുന്നതെന്നും രേഖപ്പെടുത്തിയാണ് രാമചന്ദ്രന്‍ കമ്മിറ്റി നിരക്ക് കൂട്ടാന്‍ ശിപാര്‍ശ നല്‍കിയത്. മികച്ച റോഡുകള്‍ ഉണ്ടാകുകയും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നുണ്ടെങ്കിലും വാഹനങ്ങളുടെ പ്രവര്‍ത്തനചെലവ് കണക്കാക്കാന്‍ ഇന്ധനവില വര്‍ധന എന്ന രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. എല്ലാ വര്‍ഷവും എന്‍ജിനും ഗിയര്‍ ബോക്‌സും മാറേണ്ടിവരുന്നുവെന്ന നിലയില്‍ കണക്കുകള്‍ സൃഷ്ടിച്ചാണ് നാറ്റ്പാക് സ്വകാര്യ ബസ് സര്‍വീസിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന കൂലി വരെ ചെലവിലുണ്ട്.
ഇന്ധന വിലകുറഞ്ഞതുകൊണ്ട് നിരക്ക് കുറക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ബസുടമകള്‍. നികുതി, സെപെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ള വില വര്‍ധനവ് ബസ് വ്യവസായത്തെ തകര്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന അഭിപ്രായമാണ് ബസുടമകളുടേത്.
ഇന്ധന വിലവര്‍ധവിന് അനുസരിച്ച് ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യവുമായി സമരവുമായി മുന്നോട്ടുവന്ന ബസുടമകള്‍ ഇപ്പോഴത്തെ നിലപാട് ജനങ്ങളെ കൊള്ളയടിക്കാനുള്ള തന്ത്രമാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഇന്ധന വിലക്കനുസരിച്ച് ചാര്‍ജ്ജ് കുറക്കാത്ത പക്ഷം ഫെയര്‍ ചാര്‍ജിലെ അപാകതയെങ്കിലും പരിഹരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.