Connect with us

Idukki

ഹൈവേ മാര്‍ച്ചിന് മധ്യതിരുവിതാംകൂറില്‍ ഉജ്ജ്വല സ്വീകരണം

Published

|

Last Updated

തൊടുപുഴ: കേരളീയ യുവത്വത്തിന്റെ ഹൃദയമിടിപ്പുകള്‍ക്ക് ആദര്‍ശത്തിന്റെ നിറശോഭ പകര്‍ന്ന് അനന്തപുരിയില്‍ നിന്ന് പ്രയാണമാരംഭിച്ച ഹൈവെ മാര്‍ച്ചിന് മധ്യതിരുവിതാംകൂറില്‍ ഉജ്ജ്വല സ്വീകരണം. സഹ്യപര്‍വതത്തിന്റെ മടിത്തട്ടിലെ മനോഹരമായ മലയോര ജില്ലയായ പത്തനംതിട്ടയിലും ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വിത്തുപാകിയ മലയാളത്തിന്റെ അക്ഷര കേന്ദ്രമായ കോട്ടയത്തും മണ്ണില്‍ നിന്ന് പൊന്നു വിളയിക്കുന്ന കാര്‍ഷിക പാരമ്പര്യത്തിന്റെ പൈതൃകമുള്ള മാമലകളുടെ നാടായ ഇടുക്കിയിലുമായിരുന്നു ഇന്നലെ സ്‌നേഹ യാത്രക്ക് സ്വീകരണം നല്‍കിയത്.
ഖാദി പ്രസ്ഥാനത്തിലൂടെ തിരുവിതാംകൂറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ കോന്നിയിലായിരുന്നു ആദ്യസ്വീകരണം. ആയിരങ്ങളാണ് ഇവിടെ മാര്‍ച്ചിനെ സ്വീകരിക്കാനെത്തിയത്. കോന്നി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സ്വഫ്‌വ അംഗങ്ങളുടെ അകമ്പടിയോടെ മാര്‍ച്ചിനെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. സമ്മേളനം ദേശീയ ന്യൂനപക്ഷ മോണിറ്ററിംഗ് സമിതി അംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ഒട്ടനവധി ചരിത്രപിറവികള്‍ക്ക് സാക്ഷിയായ ഈരാറ്റുപേട്ടയിലേക്ക് മാര്‍ച്ച് കടന്നപ്പോള്‍ വന്‍ജനക്കൂട്ടമാണ് സ്വീകരിക്കാനെത്തിയത്. സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ് ഹാഷിം ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ച് സ്വീകരിച്ചു. കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.
മനുഷ്യ മനസ്സുകളിലേക്ക് സത്യവിളംബരം മുഴക്കിയെത്തിയ ഹൈവേ മാര്‍ച്ച് സുഗന്ധവ്യഞ്ജനങ്ങളുടെയും റബ്ബറിന്റെയും നാടായ തൊടുപുഴയിലെത്തുമ്പോള്‍ ആയിരങ്ങളാണ് കാത്തുനിന്നത്. ഏറെ വൈകി സമാപന സ്വീകരണ കേന്ദ്രത്തിലെത്തിയ യാത്രക്കും മലയോര നാടിന്റെ മനമറിഞ്ഞ സ്വീകരണമാണ് തൊടുപുഴയില്‍ ലഭിച്ചത്. സ്വഫ്‌വ റാലിയുടെ അകമ്പടിയോടെ സ്വീകരിച്ച മാര്‍ച്ച് മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. പി പി ജഅ്ഫര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, ടി കെ അബ്ദുല്‍കരീം സഖാഫി, അലി ദാരിമി, വഹാബ് സഖാഫി മമ്പാട്, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എ എം ഹാരിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest