Connect with us

International

അന്താരാഷ്ട്ര മതസൗഹാര്‍ദ സമ്മേളനം സമാപിച്ചു

Published

|

Last Updated

ക്വാലാലമ്പൂര്‍: ഐക്യരാഷ്ട്ര സഭയുടെ മതസൗഹാര്‍ദ യജ്ഞത്തിന്റെ ഭാഗമായി മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന മതസൗഹാര്‍ദ സമ്മേളനം സമാപിച്ചു. സംവാദങ്ങളുടെ വെളിച്ചം കടക്കാത്ത സമൂഹങ്ങളിലാണ് തിരിച്ചറിവ് നഷ്ടപ്പെടുന്നതും സംഘര്‍ഷങ്ങളുണ്ടാകുന്നതുമെന്ന് സമ്മേളനം പുറത്തിറക്കിയ ഹാര്‍മണി രേഖ അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ സംവാദങ്ങള്‍ക്കുള്ള വേദികള്‍ ബോധപൂര്‍വം ഒരുക്കിയാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇത്തരം ഒരുമയുടെ വേദികള്‍ പ്രായോഗികമാണെന്നതിന് മികച്ച തെളിവാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഫൈത്ത് ഹാര്‍മണി വാരാചരണത്തിന്റെ ഭാഗമായി 2011 മുതല്‍ വിവിധ രാജ്യങ്ങളില്‍ നടന്ന പരിപാടികള്‍. ഈ രംഗത്തെ കൂടുതല്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുവേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പ്രത്യേക സമിതിരൂപവത്കരിക്കാനും സമ്മേളനം തീരുമാനിച്ചു. യു എ ഇ സാംസ്‌കാരിക- യുവജന മന്ത്രാലയം, മലേഷ്യന്‍ പ്രധാന മന്ത്രിയുടെ ഓഫീസ്, അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ഇന്ത്യയില്‍ നിന്നും മഅ്ദിന്‍ അക്കാദമി എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, ഇന്റര്‍ഫൈത്ത് ഹാര്‍മണി വാരാചരണം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുര്‍റസാഖ് തുടങ്ങിയവര്‍ തങ്ങളുടെ പ്രത്യേക സന്ദേശത്തിലൂടെ സമ്മേളനത്തിന് ആശംസ നേര്‍ന്നു.

മത സൗഹാര്‍ദ രംഗത്തു നല്‍കിയ സംഭാവനകള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര മതസൗഹാര്‍ദ പുരസ്‌കാരം യു എ ഇ സാംസ്‌കാരിക- യുവജന കാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനുവേണ്ടി യു എ ഇ സാംസ്‌കാരിക മന്ത്രാലയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹകം അല്‍ ഹാശിമി ഏറ്റുവാങ്ങി.
ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് ഇന്റര്‍ഫൈത്ത് കള്‍ച്ചറല്‍ ഡയലോഗ് ഡയറക്ടര്‍ ഡോ. ബ്രിയാന്‍ ആഡംസ്, മലേഷ്യന്‍ സര്‍ക്കാരിന്റെ സാമൂഹിക- സാംസ്‌കാരിക ഉപദേഷ്ടാവും അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റുമായ താന്‍ശ്രീ ഡോ. റഈസ് യതീം, മലേഷ്യയിലെ യു എ ഇ അംബാസിഡര്‍ അബ്ദുല്ല മതര്‍ അല്‍ മസ്‌റൂഇ, അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ദീന്‍, മലേഷ്യന്‍ പ്രധാനമന്ത്രി കാര്യാലയത്തിലെ ചാന്‍ തെ സംഗ്, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മലേഷ്യന്‍ യൂനിവേഴ്‌സിറ്റി ഡപ്യൂട്ടി റെക്ടര്‍ പ്രഫ. അബ്ദുല്‍ അസീസ് ബര്‍ഗൂത്ത്, കാലിക്കറ്റ് മുന്‍ വി സി ഡോ. കെ കെ എന്‍ കുറുപ്പ് എന്നിവര്‍ സമാപന സംഗമത്തില്‍ സംബന്ധിച്ചു.