Connect with us

Ongoing News

കേരളത്തിന് സ്വര്‍ണരഹിത ദിനം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ എട്ടാം ദിനം മെഡല്‍ ക്ഷാമത്തിന്റെതായിരുന്നു. കേരളം ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന സൈക്ലിംഗില്‍ ഇന്നലെ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. എട്ടാം ദിനത്തിലെ കേരളത്തിന്റെ ആകെ നേട്ടവും ഇതാണ്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ മെഡല്‍ ക്ഷാമം പരിഹരിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് കേരള ക്യാമ്പ്. സൈക്ലിംഗില്‍ വനിതകളുടെ 28 കിലോമീറ്റര്‍ ടൈം ട്രയല്‍ മത്സരത്തില്‍ കൃഷ്‌ണേന്ദു ടി കൃഷ്ണയാണ് വെള്ളി നേടിയത്. ഇതേ ഇനത്തില്‍ മഹിത മോഹന്‍ വെങ്കലവും നേടി. പുരുഷ വിഭാഗം 40 കിലോമീറ്റര്‍ ടൈം ട്രയലില്‍ കര്‍ണാടകയുടെ മലയാളി താരം നവീന്‍ ജോണിനായിരുന്നു സ്വര്‍ണം.
ഇതിനിടെ ഹോക്കിയില്‍ പുരുഷന്മാര്‍ക്ക് പിന്നാലെ കേരള വനിതകളും നിരാശപ്പെടുത്തി. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും ഏകപക്ഷീയമായ പരാജയമേറ്റുവാങ്ങിയാണ് കേരള വനിതകളും മടങ്ങിയത്. താരതമ്യേന ദുര്‍ബലരായ കര്‍ണാടകയോടാണ് പരാജയപ്പെട്ടതെന്നത് ഏറെ ശ്രദ്ധേയമാണ്. ആശ്വാസജയം തേടിയിറങ്ങിയ കേരളത്തെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. നേരത്തെ കേരളത്തിന്റെ പുരുഷ ടീമും മുഴുവന്‍ കളികളും പരാജയപ്പെട്ടാണ് പുറത്തായത്.
വുഷുവിലെ തൗവോലു ടാജിക്വാന്‍ പുരുഷ വിഭാഗത്തില്‍ കേരള പുരുഷ- വനിതാ താരങ്ങള്‍ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്താണ്. രണ്ട് വിഭാഗങ്ങളിലും മണിപ്പൂരിനായിരുന്നു സ്വര്‍ണം. പുരുഷ വിഭാഗത്തില്‍ മണിപ്പൂരിന്റെ എം സദാനന്ദയും വനിതാ വിഭാഗത്തില്‍ എല്‍ സനതോംബി ചാനുവുമാണ് സ്വര്‍ണം കൊയ്തത്. ഹാന്‍ഡ് ബോളില്‍ പുരുഷന്മാര്‍ ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റപ്പോള്‍, വനിതകള്‍ ഉത്തര്‍പ്രദേശിനെ 19 നെതിരെ 24 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 23 നെതിരെ 34 ഗോളുകള്‍ക്കാണ് പുരുഷന്മാര്‍ തോറ്റത്. ഫുട്‌ബോളില്‍ കേരള വനിതകള്‍ സെമി ഫൈനലില്‍ മണിപ്പൂരിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടു. നാളെ വെങ്കലത്തിനായി ഹരിയാനയുമായി ഏറ്റുമുട്ടും.
42 സ്വര്‍ണവും 13 വെള്ളിയും ഉള്‍പ്പെടെ 69 മെഡലുകളുമായി സര്‍വീസസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 27 സ്വര്‍ണവും 36 വെള്ളിയുമായി മഹരാഷ്ട്ര രണ്ടാം സ്ഥാനത്തും 27 സ്വര്‍ണവും 18 വെള്ളിയുമായി ഹരിയാന മൂന്നാം സ്ഥാനത്തുമാണ്. 16 സ്വര്‍ണവുമായി കേരളം നാലാമതാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest