Connect with us

National

പഞ്ചാബ് അതിര്‍ത്തിയിലെ ഗേറ്റുകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് സംവിധാനം

Published

|

Last Updated

അമൃത്‌സര്‍: അതിര്‍ത്തി കടന്നുള്ള ആക്രമണം ചെറുക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ അത്താരി, ഹുസൈന്‍വാല, സദ്ഖി ഗേറ്റുകള്‍ ബുള്ളറ്റ് പ്രൂഫ് ആക്കാന്‍ ബി എസ് എഫ് തീരുമാനിച്ചു. പാക്കിസ്ഥാനിലെ വാഗ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം ചാവേറാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണിത്. കഴിഞ്ഞ നവംബര്‍ രണ്ടിന് തെഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍, ജമാഅതുല്‍ അഹ്‌റാര്‍ തുടങ്ങിയ സംഘടനകള്‍ അതിര്‍ത്തിയിലെ ഗാലറിയില്‍ നടത്തിയ ആക്രമണത്തില്‍ 60 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിക്ക് ഏതാനും അകലെ വെച്ചായിരുന്നു ആക്രമണം. അന്ന് ബി എസ് എഫും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് വീക്ഷിക്കാന്‍ ദിവസവും നൂറുകണക്കിന് പേര്‍ എത്താറുണ്ട്. അതിര്‍ത്തിയില്‍ നിന്ന് കാഴ്ചക്കാര്‍ക്ക് നേരെ ഏത് തരത്തിലുള്ള വെടിവെപ്പും ചാവേറാക്രമണവും തടയാന്‍ അത്താരിയിലെ അതിര്‍ത്തി ഗേറ്റുകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചം വെച്ചിട്ടുണ്ട്. വിഭജനത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പരിഷ്‌കരണം. പാക്ക് റെയ്‌ഞ്ചേഴ്‌സിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ മാത്രം അവലംബിക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് ബി എസ് എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറള്‍ എം എഫ് ഫാറൂഖി പറഞ്ഞു. ദിവസവും 10000-15000 കാഴ്ചക്കാരാണ് അത്താരിയിലെത്തുന്നത്. എന്നാല്‍ ഹുസൈന്‍വാല, സദ്ഖി ഗേറ്റുകള്‍ക്ക് സമീപമെത്തുന്നവരുടെ എണ്ണം കുറവാണ്. പാക് ഭാഗത്ത് നിന്ന് എന്ത് ആക്രമണമുണ്ടായാലും തടയാന്‍ ഗേറ്റിന്റെ ഇരു വശങ്ങളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ സംവിധാനിച്ചിട്ടുണ്ട്. ഹുസൈന്‍വാല, ഫിറോസ്പൂര്‍, സദ്ഖി അന്താരാഷ്ട്ര അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളിലും ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ സംവിധാനിക്കും. ഹുസൈന്‍വാലയില്‍ ഇരു രാജ്യങ്ങളുടെയും റോഡുകള്‍ക്ക് വശം വരാന്ത പോലെയുള്ള ഒരു സ്ഥലത്താണ് കാഴ്ചക്കാര്‍ പതാക താഴ്ത്തുന്നത് കാണാന്‍ ഇരിക്കാറുള്ളത്. ഇരു രാജ്യത്തിലുള്ളവരും വളരെ അടുത്താണ് ഇവിടെ ഇരിക്കുക.

Latest