Connect with us

National

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഊന്നല്‍

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാന മുഖ്യമന്ത്രിമാരും ലെഫ്. ഗവര്‍ണര്‍മാരും പങ്കെടുത്ത യോഗത്തില്‍ ബജറ്റിലെ പ്രധാന പദ്ധതികളും റോഡ്, റെയില്‍ പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ചര്‍ച്ച ചെയ്തു.
അടുത്ത 28 ാം തീയതി അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റിനെ സംബന്ധിച്ച നിലപാടുകള്‍ മുഖ്യമന്ത്രിമാരോട് ആരാഞ്ഞു. മുന്‍നിര പദ്ധതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇന്ത്യയെ വികസന പാതയില്‍ മുന്നിലെത്തിക്കാനും പര്യാപ്തമായ പദ്ധതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും നീതി ആയോഗും മറ്റ് ഏജന്‍സികളും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കാനും സര്‍ക്കാറിന്റെ വിവിധ തലത്തിലുള്ള കൂട്ടുപ്രവര്‍ത്തനം ഉറപ്പുവരുത്താനുമാണ് ചര്‍ച്ച കൊണ്ട് ലക്ഷ്യമിട്ടത്.
ഉള്‍നാടന്‍ പ്രദേശങ്ങളുടെ വികസനത്തിന് റെയില്‍, ഹേവേ പോലെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ തടസ്സപ്പെട്ടതിനെ സംബന്ധിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്വച്ഛ് മിഷന്‍, മെയ്ക് ഇന്‍ ഇന്ത്യ, ബേഠി ബച്ചാവോ ബേഠി പഠാവോ, സ്മാര്‍ട്ട് സിറ്റികള്‍, 2022ഓടെ എല്ലാവര്‍ക്കും വീട്, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിജയത്തിന് സംസ്ഥാനങ്ങളുടെ അഭിപ്രായവും തേടിയിട്ടുണ്ട്.
സഹകരണ മനോഭാവമുള്ള ഫെഡറലിസം, വികസനത്തില്‍ സംസ്ഥാനങ്ങളുടെ ആരോഗ്യകരമായ മത്സരം തുടങ്ങിയ ആശയങ്ങള്‍ മോദി മുഖ്യമന്ത്രിമാരോട് പങ്കുവെച്ചു. പുതിയ സംവിധാനത്തിന്റെ പങ്കിനെ സംബന്ധിച്ച് നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയ യോഗത്തില്‍ വിശദീകരിച്ചു. മുഴു സമയ അംഗങ്ങളായ ബിബേക് ദെബ്രോയ്, വി കെ സരസ്വത് എക്‌സ് ഓഫിഷ്യോ അംഗങ്ങളായ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ദിവസം മുമ്പ് നടന്ന നീതി ആയോഗ് യോഗത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങളെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചര്‍ച്ച നടത്തിയിരുന്നു.

Latest