യമന്‍ രാഷ്ട്രീയ പ്രതിസന്ധി: മുന്നറിയിപ്പുമായി യു എന്‍

Posted on: February 9, 2015 3:26 am | Last updated: February 8, 2015 at 11:28 pm

United-Nations-Security-Council11-pardaphash-96008സന്‍ആ: യമനില്‍ ഹൂത്തികള്‍ ഭരണം ഏറ്റെടുത്തതായും പാര്‍ലിമെന്റ് പിരിച്ചുവിട്ടതായുമുള്ള പ്രഖ്യപനത്തില്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കടുത്ത ആശങ്ക അറിയിച്ചു. അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പ്രസിഡന്റായി വീണ്ടും നിയമിക്കണമെന്ന് യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹൂത്തിയോടും മറ്റു പാര്‍ട്ടികളോടും ജി സി സി യെ അനുസരിക്കാന്‍ ശക്തമായി ഭാഷയില്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആജ്ഞാപിച്ചു. യു എന്‍ നേതൃത്വം നല്‍കുന്ന ജനാധിപത്യ പരിവര്‍ത്തന കൂടിയാലോചനകള്‍ക്ക് യമനിലെ ശിയ ഹൂത്തി സഖ്യങ്ങള്‍ ഉടനെ തയ്യാറായില്ലങ്കില്‍ പുതിയ ഉപരോധ നടപടികള്‍ക്ക് യു എന്‍ തയ്യാറാണെന്നും സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെയും പ്രധാനമന്ത്രി ഖാലിദ് ബഹാഹിനെയും മറ്റു ക്യാബിനറ്റ് അംഗങ്ങളെയും വീട്ടു തടങ്കലില്‍ നിന്ന് ഉടനെ മോചിപ്പിക്കാനും സെക്യൂരിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ശിയ ഹൂത്തി സഖ്യം പ്രസിഡന്റില്‍ നിന്നുമുള്ള അധികാര കൈമാറ്റത്തിന്റെ ഭാഗമായി പുതിയ പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന്റെ രൂപവത്കരണം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
യമനിലെ ദേശീയ പാര്‍ട്ടികള്‍ രണ്ടാഴ്ചയിലേറെയായി യു എന്‍ പ്രതിനിധി ജമാല്‍ ബെനോമറിന്റെ മധ്യസ്ഥതയില്‍ സമവായത്തിനുള്ള ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പാര്‍ലിമെന്റ് പിരിച്ചുവിട്ടതായി ഹൂത്തി പ്രഖ്യാപിച്ചത്. നടപടിയെ അട്ടിമറിയെന്നാണ് ജി സി സി അംഗങ്ങള്‍ വിശേഷിപ്പിച്ചത്.
2014 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനാധിപത്യത്തിന് ശക്തിപകരാനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനും ലക്ഷ്യം വെച്ചിരുന്നുവെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയായിരുന്നു.