എസ് വൈ എസ് റോഡ് മാര്‍ച്ച് 11,12 തിയതികളില്‍

Posted on: February 9, 2015 4:40 am | Last updated: February 8, 2015 at 9:48 pm

sys logoകാസര്‍കോട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ ഈമാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം താജുല്‍ ഉലമാ നഗരിയില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായി 11,12 തിയതികളില്‍ ജില്ലയില്‍ റോഡ് മാര്‍ച്ച് സംഘടിപ്പിക്കും.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി-ബായാര്‍ തങ്ങള്‍ നയിക്കുന്ന റോഡ്മാര്‍ച്ചിന് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 11ന് രാവിലെ ഒമ്പതിന് ബീരിച്ചേരി മഖാം സിയാറത്തിനുശേഷം സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജാഥാ നായകന്‍ ബായാര്‍ തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, ജഅ്ഫര്‍ സ്വാദിഖ് സി എന്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
രാവിലെ 11.30ന് ചെറുവത്തൂര്‍ സോണിലെ പൂങ്ങോട്, ഒരു മണിക്ക് -പരപ്പ സോണിലെ പരപ്പ ടൗണ്‍, വൈകിട്ട് 3.30ന് ഹൊസ്ദുര്‍ഗ് സോണിലെ നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളിലെ സ്വീകരണ പൊതുയോഗങ്ങള്‍ക്കു ശേഷം വൈകിട്ട് ആറുമണിക്ക് ഉദുമ സോണിലെ ചട്ടഞ്ചാലില്‍ സമാപിക്കും.
രണ്ടാം ദിവസം രാവിലെ ഒമ്പതുമണിക്ക് ആദൂര്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന റോഡ് മാര്‍ച്ച് 9.30ന് മുള്ളേരിയ സോണിലെ ആദൂര്‍ പള്ളം, 12.30ന് കാസര്‍കോട് സോണിലെ ഉളിയത്തടുക്ക, 3.30ന് മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 6.30ന് കുമ്പള സോണിലെ പെര്‍ളയില്‍ സമാപിക്കും.
സമാപന സമ്മേളനം ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യും.