വൈനും ബിയറും ഒഴുകുന്ന കേരളം

Posted on: February 9, 2015 3:09 am | Last updated: February 8, 2015 at 8:11 pm

barകേരള രാഷ്ട്രീയത്തിലെ കോഴവിവാദം ഇപ്പോള്‍ പരുമലപ്പള്ളിയിലെത്തിയിരിക്കുന്നു. പരുമല ക്രിസ്ത്യാനികളുടെ ശബരിമലയാണ്, തെക്കന്‍തിരുവിതാംകൂറിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്. പരുമലതിരുമേനി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ശബരിമല അയ്യപ്പനാണെന്നുതന്നെ പറയാം. അത്രകണ്ട് ഭക്തിയാണ് പുത്തന്‍കൂറ്റ് ക്രിസ്ത്യാനികള്‍ക്ക് പരുമലയോടും പരുമലതിരുമേനിയോടും. പുത്തന്‍കൂറ്റ് ക്രിസ്ത്യാനിയായ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമല്ല കേരളമുന്നോക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും കറതീര്‍ന്ന പരുമല ഭക്തന്മാരാണ്. കുറ്റം പറയരുതല്ലൊ, ഞങ്ങള്‍ തെക്കന്‍തിരുവിതാംകൂര്‍ നസ്രാനികള്‍ക്കു കാര്യസാധ്യത്തിനായി പരുമലതിരുമേനിയെന്നോ ശബരിമല അയ്യപ്പനെന്നോ ഗുരുവായൂരപ്പനെന്നോ എവുപ്രാസ്യമ്മയെന്നോ ഏറ്റുമാനൂരപ്പനെന്നോ അല്‍ഫോന്‍സാമ്മയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഞങ്ങള്‍ കാര്യം കാണാന്‍ കഴുതക്കാലിനെയും പൂജിക്കും. മന്ത്രി കെഎം മാണി ബാര്‍ മുതലാളിമാര്‍ മുതല്‍ അരിമില്ലു മുതലാളിമാര്‍ വരെയുള്ളവരില്‍ നിന്നും ഗുണ്ടാപിരിവു പോലെ കോടികള്‍ പിരിക്കുന്നു എന്ന വിവരം കാബിനറ്റ് റാങ്കുള്ള ആര്‍ ബാലകൃഷ്ണപിള്ള ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു എന്നതിനെ ഉമ്മന്‍ചാണ്ടി തള്ളിപ്പറഞ്ഞു. യേശുക്രിസ്തുവിന്റെ പ്രഥമശിഷ്യനായ പത്രോസ് ഒരു സന്നിഗ്ദഘട്ടത്തില്‍ ‘ഇവനെ ഞാനറിയുകയില്ല’ എന്ന് യേശുവിനെ തള്ളിപ്പറഞ്ഞു. പിന്നെയാണോ ഈ ബാലകൃഷ്ണ പിള്ള! അപ്പോഴാണ് ബാലകൃഷ്ണ പിള്ള ചോദിക്കുന്നത് ഉമ്മന്‍ചാണ്ടിക്കു ഇതു പരുമലപ്പള്ളിയില്‍ വന്ന് നിന്നൊന്ന് പറയാമോ എന്ന്. എന്തായാലും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു കണ്ടില്ല.
ഇനി എന്താണ് ഈ പരുമലയെന്നല്ലേ. പറയാം, പഴയ കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ട ജില്ലയില്‍ മാന്നാറിനു സമീപമുള്ള ഒരു ചെറുദ്വീപ്. പമ്പയാറ് ഇതിനു ചുറ്റും ഒഴുകുന്നു. ഒരു കാലത്ത് യക്ഷിഗന്ധര്‍വ്വ പ്രഭൃതികളുടെ വിഹാരകേന്ദ്രമായിരുന്നത്രേ. മലങ്കരമെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് ദിവന്യാസോസ് രണ്ടാമന്‍ 1872ല്‍ സ്ഥാപിച്ച പുരാതനമായ പള്ളിയാണ് പരുമലപ്പള്ളി. ആ പള്ളിയില്‍ കബറടങ്ങിയ പരുമല മാര്‍ ഗ്രിഗോറിയോസ് മലങ്കരസഭയിലെ സര്‍വസമ്മതനായ ഏകപ്രഖ്യാപിത പരിശുദ്ധനാണ്. അത്ഭുതസിദ്ധികളുടെ ഉറവിടമെന്നു കോട്ടയം ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന പരുമലപ്പള്ളിയില്‍ വെച്ച് ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്കു തയ്യാറുണ്ടോ എന്നാണ് പിള്ള വെല്ലുവിളിച്ചിരിക്കുന്നത്. കേരളരാഷട്രീയത്തിലെ അത്യപൂര്‍വവും ആദ്യത്തേതുമായ ഒരു വെല്ലുവിളിയാണിത്. ഒരുമിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു ജയിച്ചു അധികാരത്തില്‍ വന്ന സഖ്യകക്ഷികളില്‍ ഒന്നിന്റെ നേതാവാണ് ബാലകൃഷ്ണ പിള്ള. കാബിനറ്റില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു പ്രാതിനിധ്യം നഷ്ടപ്പെട്ടപ്പോള്‍ അതിനുള്ള നഷ്ടപരിഹാരം എന്ന നിലയില്‍ സ്ഥാപിച്ച ഒരു ഭരണഘടനാനുസൃത സ്ഥാപനത്തിന്റെ തലപ്പത്ത് കാബിനറ്റ് റാങ്കില്‍ ഇരുന്നുകൊണ്ടാണ് പിള്ള തന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ മാണിക്കെതിരെ കേട്ടാല്‍ ഞെട്ടുന്ന ആരോപണങ്ങള്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്. ബാറുമുതലാളി ബിജുരമേശ് പറഞ്ഞത് ബാറുടമകളില്‍ നിന്ന് മന്ത്രി മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ്. എന്നാല്‍ മാണിയെ മറ്റാരെക്കാളും കൂടുതല്‍ അടുത്തറിയാവുന്ന പിള്ള പറയുന്നത് മറ്റൊരു കണക്കാണ്. സ്വര്‍ണക്കടക്കാരില്‍ നിന്നും 19 കോടി, നെല്ലുകുത്തി അരിയാക്കി സിവില്‍സപ്ലൈസ്‌കോര്‍പ്പറേഷന് നല്‍കിയ വകയിലെ ബില്ല് മാറിക്കിട്ടാന്‍ മില്ലുടമകള്‍ മന്ത്രി മാണിക്കു നല്‍കിയത് രണ്ട് കോടി.
മറ്റൊരു കാബിനറ്റ് റാങ്കുകാരനായ ചീഫ് വിപ്പ് പി സി ജോര്‍ജ് ആകട്ടെ മാലപ്പടക്കത്തിന്റെ രണ്ടറ്റത്തും തീ കൊളുത്തിയിട്ട് ദൂരെ മാറി നില്‍ക്കുകയാണ്. താന്‍ പരസ്യമായി മാണിയൊടൊപ്പമെ നില്‍ക്കൂ. നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കൊള്ളു. മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഞാന്‍ തരാം എന്ന് ബിജുരമേശിനോട് പി സി പറയുന്ന ശബ്ദരേഖകള്‍ നമ്മള്‍ കേട്ടതാണ്. കാര്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ജോര്‍ജ് അടവു മാറ്റി. ”അതുകൊണ്ടരിശം തീരാഞ്ഞിട്ടവനാ പുരയുടെ ചുറ്റും മണ്ടിനടന്നു’ എന്നു കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിക്കുന്ന ആ പഴയ നായര്‍ മാടമ്പിയെപ്പോലെ ജോര്‍ജ് ബിജു രമേശിനെ തെറികൊണ്ടഭിഷേകം ചെയ്തു. പോരെ പൂരം ! ജോര്‍ജിന്റെ തെറിനിഘണ്ടുവിലെ മുന്തിയ പദം കള്ളുകച്ചവടക്കാരനെന്നാതാണ്. കാരണം പി സി ജോര്‍ജിനോ അദ്ദേഹത്തെ ജനപ്രതിനിധിയാക്കി നിയമസഭയിലേക്കു പറഞ്ഞയച്ച ഈരാറ്റുപേട്ട മണ്ഡലത്തിലെ സമ്മതിദായര്‍ക്കോ കള്ളുപോലെ വെറുക്കപ്പെട്ട പദമില്ല. കള്ളുപോയിട്ട് കള്ളിന്റെ മണം പോലും ഇഷ്ടപ്പെടാത്ത ശുദ്ധ സാത്വികന്മാരാണ് പാലാ, ഈരാറ്റുപേട്ട, കോട്ടയം, പുതുപ്പള്ളി മേഖലകളിലെ ശുദ്ധ നസ്രാണികള്‍. എന്നിട്ടും എന്തേ ഈ പ്രദേശങ്ങളില്‍ ഇത്രയേറെ കള്ളുഷാപ്പുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഫോറിന്‍ ലിക്കര്‍ ബാറുകളും കേന്ദ്രീകരിച്ചിരിക്കുന്നതെന്നു മാത്രം മിസ്റ്റര്‍ ജോര്‍ജിനോട് ചോദിക്കരുത്. അത്തരം കുസൃതി ചോദ്യങ്ങള്‍ വല്ലതും ചോദിച്ചാല്‍ ചോദിക്കുന്നതാരാണെന്നു ആലോചിക്കാതെ തന്നെ ജോര്‍ജ് തനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും മുന്തിയ തെറികള്‍ തന്നെ വിളിച്ച് ചോദ്യകര്‍ത്താവിനെ നിശ്ശബ്ദനാക്കിക്കളയും ഇതറിയാവുന്നതുകൊണ്ടു തന്നെ ജോര്‍ജ് പറയുന്നതൊക്കെ ശ്രദ്ധിച്ചു കേള്‍ക്കുകയല്ലാതെ വിവേകശാലികളാരും ജോര്‍ജിനോട് ചോദ്യങ്ങളൊന്നും ചോദിക്കാറില്ല. വെറും ഒരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നായിരിക്കും ജോര്‍ജിന്റെ ഈ കള്ളുകച്ചവടക്കാരന്‍ പ്രയോഗത്തോട് ബിജുരമേശിന്റെയും കൂട്ടരുടേയും പ്രതികരണം. കള്ളുകച്ചവടത്തിന്റെ 80 ശതമാനവും നടത്തുന്ന കേരളസര്‍ക്കാറിന്റെ ചീഫ് വിപ്പിനു 10 ശതമാനം കള്ളു മാത്രം വില്‍ക്കുന്ന ബാറുടമകളെ കള്ളുകച്ചവടക്കാരെന്നു വിളിക്കാനെന്തവകാശം? എന്ന ചോദ്യത്തില്‍ ന്യായം ഉണ്ടെന്നു ആരും സമ്മതിക്കും. യു ഡി എഫ് കണ്‍വീനറും മറ്റ് ഘടകകക്ഷിനേതാക്കന്മാരും പറയുന്നത് ഇപ്പോഴത്തെ ഈ ആരോപണപത്യാരോപണങ്ങളൊന്നും മുന്നണി മര്യാദകള്‍ക്കു നിരക്കുന്നതല്ലെന്നാണ്.
എന്താണീ മുന്നണി മര്യാദകള്‍? സന്ധ്യ മുതല്‍ പ്രഭാതം വരെ മോഷ്ടിക്കുന്നവര്‍ കൊള്ള മുതല്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഇങ്ങനെ തര്‍ക്കിക്കാന്‍ പാടില്ല. അതാത് ദിവസം ഓരോരുത്തര്‍ക്കു കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം. ഇന്നത്തെ നഷ്ടം നാളെ പരിഹരിച്ചുകൊള്ളണം. പിന്നെ ടെലിഫോണിലൂടെ നടത്താറുള്ള കച്ചവടവ്യവസ്ഥകളൊന്നും ഇങ്ങനെ റിക്കാഡ് ചെയ്ത് പിന്നീട് വിലപേശല്‍ തന്ത്രമായി ആരും പ്രയോജനപ്പെടുത്താന്‍ പാടില്ല. മിനിമം ഇത്രയും കാര്യങ്ങളെങ്കിലും പാലിക്കാതെ ഒരു മുന്നണിയുടെ കെട്ടുറപ്പ് എങ്ങനെ നിലനില്‍ക്കും? തികച്ചും ന്യായമായ ഇത്തരം ചോദ്യങ്ങളാണ് പി പി തങ്കച്ചനെയും ജോണി നെല്ലൂരിനെയും പോലുള്ള ശുദ്ധാത്മക്കള്‍ ചോദിക്കുന്നത്.
ചര്‍ച്ചകള്‍ ഇത്രയൊക്കെ ആയപ്പോഴാണ് ചില കേരളാ കോണ്‍ഗ്രസുകാര്‍ ആലോചിച്ചത് എന്തിനും ഏതിനും ആ പ്രതിപക്ഷക്കാരെ പോലെ ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തണം. ഒന്നുമല്ലെങ്കില്‍ പാലായും പുതുപ്പള്ളിയും അടുത്തടുത്ത സ്ഥലങ്ങളല്ലേ. നമ്മളിരുകൂട്ടരും ബാവാ പുത്രന്‍ റുഹക്കുദിശതമ്പുരാക്കന്മാരരില്‍ അടിയുറച്ചു വിശ്വസിക്കുന്നവരല്ലേ. ഇനി നമുക്കു പഴയകുറ്റു പുത്തന്‍കുറ്റു ഐക്യം എന്ന ഒപുതിയ മുദ്രാവാക്യം രൂപപ്പെടുത്തിയാലെന്താണ് കുഴപ്പം? ആ ചുവപ്പന്മാര്‍ ഇനി നമ്മളെ അടുപ്പിക്കുമെന്നു തോന്നുന്നില്ല. അവരെങ്ങാനും അധികാരത്തില്‍ വന്നാല്‍ നമ്മള്‍ പഴയകുറ്റ് പുത്തന്‍കുറ്റ് സംയുക്തസ്വാശ്രയ വിദ്യഭ്യാസക്കച്ചവടം പഴയതുപോലെ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുമെന്നു എന്താണുറപ്പ്. അതിനാല്‍ ആ സുധിരന്‍ എന്ന ഡ്യൂപ്ലിക്കേറ്റ് ഗാന്ധിയെ ഒറ്റപ്പെടുത്തണം. ആ മനുഷ്യനിപ്പം മദ്യനിരോധന ബോധോദയം പൊക്കിക്കൊണ്ട് വന്നതല്ലേ ഇപ്പോള്‍ സര്‍വതും കുഴപ്പത്തിലാക്കിയത്. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിത്തന്നെ കിടക്കണമെന്ന സുധീരന്റെ ശാഠ്യത്തിനു മുന്നില്‍ ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച ചാണക്യതന്ത്രമായിരുന്നു ഈ സമ്പൂര്‍ണ മദ്യനിരോധനം എന്നറിയാത്തവരായി ഈ ഭൂമിമലയാളത്തില്‍ ജീവിച്ചിരിക്കുന്നത് കെ സി ബി സി എന്ന കത്തോലിക്കാമെത്രാന്മാരുടെ സംഘവും അവരുടെ ആജ്ഞാനുവര്‍ത്തികളായ വൈദികരും കന്യാസ്ത്രികളും മാത്രമാണ്.
മദ്യവിമുക്തകേരളം സ്വപ്‌നം കണ്ട അവര്‍ വി എം സുധീരനെ വരാനിരിക്കുന്ന മ്ശിഹായുടെ മുന്നോടി എന്നു പോലും വിശേഷിപ്പിച്ചു. സംഗതി മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള ഈഗോ ക്ലാഷ് മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ള പലരും പലതവണ പറഞ്ഞു. രണ്ട് ആട്ടിന്‍മുട്ടന്മാരെ തമ്മില്‍ പറഞ്ഞ് എരിവുകയറ്റി പരസ്പരം ഇടിച്ചു കരുത്ത് തെളിയിക്കാന്‍ പറഞ്ഞുവിട്ട നാടോടിക്കഥയിലെ കുറുക്കന്റെ റോളിലായിരുന്നു ധനമന്ത്രിയും എക്‌സൈസ് മന്ത്രിയുമൊക്കെ. പരസ്പരം ഇടിച്ചു ചോര ഒലിപ്പിക്കുന്ന ആട്ടുകൊറ്റന്മാരുടെ ചോരയിലായിരുന്നല്ലോ കുറുക്കന്റെ കണ്ണ്. പൂട്ടിയ ബാറുകളെല്ലാം പടിപടിയായി തുറന്നു കൊടുക്കുമെന്നു കൃത്യമായി അറിയാമായിരുന്നത് കേരളത്തിലെ ബാറുടമകള്‍ക്കു മാത്രമായിരുന്നു. ബാറുടമകള്‍ സര്‍ക്കാറിനെതിരെ സമര്‍പ്പിച്ച കേസുകളിലെല്ലാം സര്‍ക്കാരിനെതിരായ വിധി നേടിയെടുക്കാന്‍ സര്‍ക്കാര്‍ വക്കീലന്മാര്‍ തന്നെ ആത്മാര്‍ഥമായി പണിയെടുത്തു. ഫോര്‍ സ്റ്റാറില്‍ നിന്നു ഫൈവ് സ്റ്റാറിലേക്കും ത്രീയില്‍നിന്നു ഫോറിലേക്കും ടുവില്‍ നിന്നു ത്രീയിലേക്കും ഒക്കെയുള്ള ദൂരത്തെക്കുറിച്ചു യാതൊരു ധാരണയുമില്ലാത്ത പാവം കുടിയന്മാരുടെ രക്തം ഊറ്റിക്കുടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ ബാറുടമകള്‍ക്കു യഥേഷ്ടം അനുവദിച്ചു കൊടുത്തു. വില്‍പന കുറവുള്ള ഏതാനും സര്‍ക്കാര്‍ വിലാസം മദ്യവിതരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതു പോലും തൊട്ടുസമീപത്തുള്ള ബാര്‍ മുതലാളിമാരുടെ താത്പര്യം കണക്കിലെടുത്തായിരുന്നു. മനുഷ്യന്റെ ജീവനു പോലും ഭീഷണിയായി ദേശീയപാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം എന്ന ഉത്തരവിനെപ്പോലും മറികടന്നുകൊണ്ട് ദേശീയപാതകളിലെ വില്‍പനകേന്ദ്രങ്ങള്‍ യഥേഷ്ടം തുടര്‍ന്നു. മദ്യനയത്തിന്റെ പ്രതിഛായവാദം പ്രായോഗികവാദം എന്ന രണ്ടുതരം വാദങ്ങള്‍ കേട്ടു ജനം മടുത്തു. പ്രായോഗികവാദത്തിനു മുന്‍തൂക്കം ലഭിച്ചു തുടങ്ങിയതോടെ മദ്യനയത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു എന്നു ബോധ്യമായപ്പോഴും ഇതിത്രക്കങ്ങോട്ട് പുരോഗമിക്കുമെന്ന് കെ സി ബി സിക്കാരും മദ്യനിരോധവാദികളും കണക്കുകൂട്ടിയില്ല. പാവം കന്യാസ്ത്രികളും അച്ചന്മാരും ഒക്കെ ആദിവാസികളെ അനുകരിച്ചു നില്‍പ്‌സമരം നടത്തി. ഒരു ദിവസം നിന്നു നോക്കിയപ്പോഴല്ലേ മനസ്സിലായത് ആദിവാസികളുടെ അത്ര ബലം തങ്ങളുടെ നട്ടെല്ലിനില്ലെന്ന്.
ഞായറാഴ്ചത്തെ കള്ള് വില്‍പന പുനരാരംഭിച്ചതും പഴയ ബാറുകളെല്ലാം വൈന്‍ ബിയര്‍ പാര്‍ലറുകളായി പുനര്‍ജന്മം പ്രാപിച്ചതും കേരളത്തിലെ കുടിയന്മാരുടെ ദാഹം തീര്‍ക്കാനൊന്നുമായിരുന്നില്ല. ബിജുരമേശ് എന്ന അബ്കാരി മുതലാളിയുടെ നേതൃത്വത്തില്‍ ബാറുടമകള്‍ നടത്തിയ കൈക്കൂലിദാനത്തിന്റെ കഥ പുറത്തുവന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനായിരുന്നു. സര്‍ക്കാറിനെ ഒടിക്കണ്ട വളച്ചാല്‍ മതി എന്നായിരുന്നു ബാറുടമകള്‍ ഐക്യകണ്‌ഠേന എടുത്ത തീരുമാനം. ഇതിനിടയില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ഇടയില്‍ പിളര്‍പ്പുണ്ടാക്കുക, ബിജുവിനെക്കൊണ്ട് ആരോപണം പിന്‍വലിപ്പിച്ച് പ്രത്യുപകാരം പറ്റിക്കൊള്ളാന്‍ ജോസ് കെ മാണി, പി ജെ ജോസഫ് തുടങ്ങിയ ഉന്നതന്മാരെ ഇടപെടുത്തുക തുടങ്ങി യു ഡി എഫ് സര്‍ക്കാര്‍ എടുത്ത അടവുകളെല്ലാം പാളിപ്പോയി. ബിജു രമേശിന്റെ ആദ്യത്തെ ഏറ് കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. സര്‍ക്കാര്‍ വളഞ്ഞു തുടങ്ങി. ബാര്‍ ചോദിച്ചവരൊക്കെ തത്കാലം ബിയറും വൈനും കൊണ്ട് തൃപ്തിപ്പെടുക. മുഖ്യമന്ത്രി നേരിട്ട് മെത്രാന്മാരുടെ അരമന സന്ദര്‍ശിച്ച ്ബിയര്‍, വൈന്‍ തുടങ്ങിയ സുന്ദരസുരഭില പാനീയങ്ങളുടെ ഗുണഗണങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക ഇതായിരുന്നിരിക്കണം മന്ത്രിസഭാ തീരുമാനം.
മുഖ്യമന്ത്രി അഭിവന്ദ്യ മെത്രാന്മാരെ സന്ദര്‍ശിച്ചു നടത്തിയ അതീവരഹസ്യ സംഭാഷണത്തിന്റെ ഉള്ളടക്കം ഇതുവരെ ആരും ആര്‍ക്കും ചോര്‍ത്തിക്കൊടുത്തിട്ടില്ല. ആ നിലയ്ക്കു നമുക്കു അതേക്കുറിച്ചു ഭാവന ചെയ്യാനേ നിവൃത്തിയുള്ളൂ. മുഖ്യമായും ടൂറിസ്റ്റുകള്‍ കേരളത്തെ അവഗണിച്ചു തുടങ്ങിയെന്ന ബാറുടമകളുടെ വാദത്തിനു കഴമ്പുണ്ടെന്നു ബോധ്യപ്പെടുത്തിയിരിക്കാം. പിന്നെ കള്ള്, ചാരായം, ബ്രാണ്ടി തുടങ്ങിയ ശൂദ്ര പാനീയമൊന്നുമല്ല ബിയറും വാനുമെന്നും സാക്ഷാല്‍ ക്ഷത്രിയ/ബ്രാഹ്മണ പാനീയങ്ങളാണ് അവയെന്നും. കേട്ടപ്പോള്‍ സംഗതി സത്യമാണെന്നു തിരുമേനിമാര്‍ക്കു തോന്നിയിരിക്കാം. പ്രത്യേകിച്ചു വൈന്‍ അവര്‍ക്കു പണ്ടേ പരിചയമുള്ളതാണ്. അതിനെ മദ്യത്തിന്റെ ലിസ്റ്റില്‍ നിന്നു ഒഴിവാക്കണമെന്നു പണ്ടെ കെ സി ബി സി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇത് പാവപ്പെട്ട പൊതുജനങ്ങള്‍ക്കു വിറ്റ് മദ്യമുതലാളിമാരും സര്‍ക്കാറും ഒക്കെ അല്‍പം പണം സമ്പാദിക്കുന്നതില്‍ എന്താണിത്ര തെറ്റ് എന്ന് ശുദ്ധാത്മാക്കളായ മെത്രന്മാരും അവരുടെ സര്‍വ്വവിഞ്ജാനകോശങ്ങളായ ഉപദേഷ്ടാക്കന്മാരും ചിന്തിച്ചു പോയി.
എന്നാല്‍ ബിയറിന്റെ കാര്യം അങ്ങനെയാണെന്നു തോന്നുന്നില്ല. അടപ്പു തുറന്നാലുടനെ പതഞ്ഞു പൊങ്ങുന്ന ഒരു ഗുരുത്വംകെട്ട ദ്രാവകമാണ്. മണമോ ഗുണമൊ ഇല്ലാത്ത ഈ സാധനത്തിനു പകരം വല്ല കരിക്കിന്‍ വെള്ളവും വിറ്റ് കേരളീയരുടെ ദാഹം തീര്‍ത്താല്‍ പോരേ എന്ന് മെത്രാന്മാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചിരിക്കാം. അതിനദ്ദേഹം എന്തു മറുപടി പറഞ്ഞിരിക്കും എന്നു നിശ്ചയമില്ല. പൊതുജനത്തിന്റെ ദാഹശമനത്തേക്കാള്‍ പ്രധാനം പൊതുജനത്തെ സേവിക്കാനുള്ള നമ്മുടെ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ അധികാരദാഹം, ബാറു മുതലാളിമാരുടെ, എത്ര കുടിച്ചാലും തീരാത്ത ധനദാഹം ഇതെല്ലാം തീര്‍ക്കാന്‍ വേറാരാണ് ഇവിടെയുള്ളത് എന്ന മറുപടി നല്‍കിയിരിക്കാനാണ് സാധ്യത.
ഏതായാലും, ഈ സന്ദര്‍ശനത്തിനു ശേഷം മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നും കാര്യമായ മദ്യനിരോധാവശ്യം ഒന്നും ഉയര്‍ന്നു കേട്ടില്ല. രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല നമ്മുടെ പള്ളികള്‍ക്കും നാലക്കത്തിലും അഞ്ചക്കത്തിലും അതിനു മീതെയമുള്ള സംഭാവനകള്‍ പിരിക്കാന്‍ അടഞ്ഞുകിടക്കുന്ന ബാറുകളെക്കാള്‍ തുറന്നുകിടക്കുന്ന ബാറുകളാണ് നല്ലതെന്നു അഭിവന്ദ്യ കര്‍ദിനാള്‍മാരെയും കാതോലിക്കബാവമാരെയും ആരെങ്കിലുമൊക്കെ പറഞ്ഞുബോധ്യപ്പെടുത്തിയിരിക്കാം. അതല്ലേ ലോകകത്തോലിക്കാ ഭൂപടത്തില്‍ വത്തിക്കാന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക മാര്‍പ്പാപ്പ മാര്‍ പവ്വത്തില്‍, കെ എം മാണിയെ ആക്ഷേപിച്ചു വാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പത്രങ്ങളില്‍ ലേഖനം എഴുതാന്‍ വരെ മുന്നോട്ടു വന്നത്. കഷ്ടം! ഇത് 1957 അല്ല 2015 ആണെന്ന കാര്യം അഭിവന്ദ്യ പവ്വത്തില്‍ തിരുമേനി മറന്നുപോയതുപോലുണ്ട്. അതങ്ങനെയാണ്. ഞങ്ങളുടെ തിരുമാനിമാരുടെ വാച്ചും ക്ലോക്കും മുന്നോട്ടല്ല നേരെ പിന്നോട്ടാണ് കറങ്ങുന്നത്. ആരു വിചാരിച്ചാലാണ് അതൊന്നു നേരെയാക്കാന്‍ സാധിക്കുക?
(കെ സി വര്‍ഗീസ് ഫോണ്‍- 9446268581)